18 December Thursday

ഫുഡ്‌ ആൻഡ്‌ ആർട്ട്‌ സ്‌ട്രീറ്റ്‌: 
നഗരസഭ ഏറ്റെടുക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

ലൈറ്റ് ഹൗസിന്‌ സമീപം ആരംഭിക്കുന്ന ഫുഡ്‌ ആൻഡ്‌ ആർട്ട് സ്‌ട്രീറ്റിനുള്ള സ്ഥലം എച്ച് സലാം എംഎൽഎ സന്ദർശിക്കുന്നു

ആലപ്പുഴ
നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളുൾപ്പടെ നഗരക്കാഴ്‌ചകൾ ആസ്വദിക്കാനും സ്വാദിഷ്‌ടമായ ഭക്ഷണം നുകർന്ന് കലാസന്ധ്യകൾ ആസ്വദിക്കാനുമായി ഒരുക്കുന്ന ഫുഡ്‌ ആൻഡ്‌ ആർട്ട് സ്‌ട്രീറ്റിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പരിപാലനം പൂര്‍ണമായും നഗരസഭ ഏറ്റെടുത്ത് പൊതുമരാമത്ത് നിരത്തുവിഭാഗവുമായി ധാരണപത്രം ഒപ്പുവയ്‌ക്കും. ആലപ്പുഴ നിര്‍മിതികേന്ദ്രം തയ്യാറാക്കിയ 45 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ് പ്രകാരമുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിക്കും. കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്ന യോഗമാണ്‌ ഇതിനുള്ള തീരുമാനമെടുത്തത്‌.
 സിവില്‍സ്‌റ്റേഷന്‍ വാര്‍ഡിലെ ലൈറ്റ് ഹൗസിന്‌ സമീപം എലിഫന്റ്‌ ഗേറ്റ് റോഡിനിരുവശവുമാണ് ദിവസവും വൈകിട്ട് അഞ്ചുമുതല്‍ 12 വരെ ഫുഡ് ആൻഡ്‌ ആർട്ട് സ്ട്രീറ്റായി മാറുന്നത്. നഗരത്തെരുവ്‌ സൗന്ദര്യവല്‍ക്കരിച്ച് വാഹന പാര്‍ക്കിങ് സൗകര്യം, ഹട്ടുകൾ, കലാസന്ധ്യകള്‍ക്കുള്ള വേദികൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, കളറിങ് ഫ്ലോറുകൾ, സഞ്ചരിക്കുന്ന ഭക്ഷണവണ്ടികൾ, പ്രൊജക്‌ടര്‍ സ്‌ക്രീന്‍ സൗകര്യം, ആര്‍ട്ട് ഫോട്ടോഗ്രഫി, എക്‌സിബിഷന്‍ ഏരിയ, സാംസ്‌കാരിക പരിപാടികള്‍ക്കും കൂട്ടായ്‌മകള്‍ക്കുമായ് ആംഫി തിയറ്റര്‍ തുടങ്ങിയവയാണ്‌ പദ്ധതിക്കുകീഴിൽ യാഥാർഥ്യമാക്കുക.  
പദ്ധതി പ്രദേശം എച്ച് സലാം എംഎൽഎ, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ഉപാധ്യക്ഷന്‍ പി എസ് എം ഹുസൈന്‍, സ്ഥിരംസമിതി അധ്യക്ഷരായ എ എസ് കവിത, എം ജി സതീദേവി, എം ആര്‍ പ്രേം, നസീര്‍ പുന്നക്കല്‍, ആര്‍ വിനിത, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഡി സാജന്‍, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എ നിഹാല്‍, നിർമിതികേന്ദ്രം പ്രോജക്‌ട്‌ മാനേജര്‍ പെന്‍ റാലിയോണ്‍, ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌ അര്‍ച്ചന സുരേന്ദ്രന്‍, കെഎസ്ഇബി അസി. എൻജിനിയർ എന്‍ നന്ദകുമാര്‍, നഗരസഭാ സെക്രട്ടറി എ എം മുംതാസ്, എന്‍ജിനിയര്‍ ഷിബു നാല്‍പ്പാട്ട് എന്നിവർ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top