മങ്കൊമ്പ്
പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെ ഔദ്യോഗിക സീലും ഓഫീസ് സീലും ഉപയോഗിച്ച് വ്യാജനിയമന ഉത്തരവ് തയ്യാറാക്കിയ ആൾ അറസ്‌റ്റിൽ. ആശുപത്രിയിലെ ക്ലർക്ക് ആര്യാട് തെക്ക് അവലൂക്കുന്ന് ഗുരുപുരം ഗീതം വീട്ടിൽ മനു ആർ കുമാറിനെയാണ് (35) പുളിങ്കുന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അറസ്‌റ്റ്.
പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ സെക്ഷൻ ഗുമസ്ഥനായി ജോലി ചെയ്യുന്ന മനു ആർ കുമാർ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ആലപ്പുഴ സ്വദേശി ബിബിന് (30) ജോലി ലഭിക്കാൻ ആശുപത്രി സൂപ്രണ്ടിന്റെ ഔദ്യോഗിക സീൽ ഉപയോഗിച്ച് വ്യാജനിയമന ഉത്തരവ് ഉണ്ടാക്കിയെന്നും സർക്കാർ ജോലി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് ബിബിന്റെ ബാധ്യതകൾ തീർക്കുന്നതിനായി സാമ്പത്തികസ്ഥാപനങ്ങളിൽനിന്ന് വ്യാജമായി വായ്‌പ തരപ്പെടുത്തുന്നതിന് ശ്രമിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്‌തമായതായി പൊലീസ് അറിയിച്ചു. പ്രതികൾ സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായ അന്വേഷണം നടത്തി വരികയാണ്. പുളിങ്കുന്ന് എസ്‌എച്ച്‌ഒ എസ് നിസാമിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..