12 July Saturday
കല്ലുമല റെയില്‍വേ മേല്‍പ്പാലം

അതിര്‍ത്തിക്കല്ല്‌ സ്ഥാപിക്കൽ രണ്ടാഴ്‌ചയ്‍ക്കുള്ളില്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

കല്ലുമല മേൽപ്പാലം പദ്ധതി സ്ഥലത്ത് എം എസ് അരുൺകുമാർ എംഎൽഎ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു

മാവേലിക്കര
കിഫ്ബി വഴി 38.22 കോടി ചെലവഴിച്ച് നിർമിക്കുന്ന കല്ലുമല റെയിൽവേ മേൽപ്പാലം നിർമാണത്തിനുള്ള അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തനം രണ്ടാഴ്‌ചകൾക്കുള്ളിൽ ആരംഭിക്കുമെന്ന് എം എസ് അരുൺകുമാർ എംഎൽഎ അറിയിച്ചു. എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കല്ലിടലിനുശേഷം സാമൂഹികാഘാത പഠനത്തിന് ഏജൻസിയെ ചുമതലപ്പെടുത്തൽ, സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 4(1) വിജ്ഞാപനം പുറപ്പെടുവിക്കൽ, ഭൂമി ഉടമകളുടെ ആശങ്കകളും പരാതികളും പരിഹരിക്കൽ, പ്രാരംഭ വിജ്ഞാപനം പുറപ്പെടുവിക്കൽ എന്നീ പ്രവർത്തനങ്ങളും നടക്കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്‌പെഷ്യൽ തഹസീൽദാരെ സെപ്‌തംബർ 15നാണ് നിയമിച്ചത്.
ആർബിഡിസികെ (റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്‌മെന്റ് കോർപറേഷൻ ഓഫ് കേരള) മാനേജർ മൊഹ്‌സീൻ ബക്കർ, സ്‌പെഷൽ തഹസീൽദാർ എസ് സിന്ധു, റവന്യൂ ഇൻസ്‌പെക്‌ടർ സി ആർ നദി, ജൂനിയർ സൂപ്രണ്ട് സവിത ഭരതൻ, സർവയർ എൽസി ക്ലീറ്റസ്, ഡി തുളസീദാസ്, സെൻ സോമൻ എന്നിവർ എംഎൽഎയ്‌ക്കൊപ്പമുണ്ടായി.
ചെങ്ങന്നൂർ–- -മാവേലിക്കര റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ മാവേലിക്കര സ്‌റ്റേഷന് വടക്കു ഭാഗത്തുള്ള എൽസി നമ്പർ 28ലാണ് മേൽപ്പാലം വരുന്നത്. റെയിൽവേ ഗേറ്റിന് പടിഞ്ഞാറ് ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം വെള്ളൂർകുളം മുതൽ ഗേറ്റിന് കിഴക്ക് ബിഷപ് മൂർ കോളേജ് ഹോസ്‌റ്റലിന് മുന്നിൽ വരെ 500 മീറ്റർ നീളത്തിലും 10.20 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം. 
1.50 മീറ്റർ വീതിയിൽ ഒരുവശത്ത് നടപ്പാതയും ഉണ്ടാകും. പാളം മറികടക്കുന്ന സ്ഥലത്ത് 8.3 മീറ്ററാകും പാലത്തിന്റെ ഉയരം. 125 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടി വരും. പദ്ധതി 2018-–-19 ലെ ബജറ്റിലാണ് ഉൾപ്പെടുത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top