17 April Wednesday
പാണ്ടനാട്‌ ഭരണം നഷ്‌ടപ്പെട്ട് ബിജെപി

പഞ്ചായത്ത് പ്രസിഡന്റ്‌ രാജിവച്ചു

സ്വന്തം ലേഖകൻUpdated: Wednesday Jun 29, 2022

പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ്
ആശ വി നായർ രാജി പ്രഖ്യാപിക്കുന്നു

മാന്നാർ
ബിജെപിക്ക്‌ ശക്തമായ തിരിച്ചടി നൽകി പാണ്ടനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവച്ചു. ഇതിനുപുമെ അംഗത്വവും രാജിവച്ചത്‌ ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു. ഇതോടെ ജില്ലയിൽ ബിജെപിയുടെ അവശേഷിച്ച പഞ്ചായത്ത്‌ ഭരണവും നഷ്‌ടമായി. പ്രസിഡന്റ്‌ ആശ വി നായരാണ് വികസനത്തെ എതിർക്കുന്ന ബിജെപി നിലപാടിൽ പ്രതിഷേധിച്ച് പ്രസിഡന്റ്‌ സ്ഥാനവും പഞ്ചായത്തംഗത്വവും രാജിവച്ചത്. പിന്നാലെ ഇവർ മന്ത്രി സജി ചെറിയാന്‌ പിന്തുണയും പ്രഖ്യാപിച്ചു. ഏഴാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചായിരുന്നു ജയം. 
ചൊവ്വ വൈകിട്ട് 4.30ന് പഞ്ചായത്തിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ ലൈവായി എത്തിയാണ് രാജി പ്രഖ്യാപനം. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.  ബിജെപി നേതൃത്വത്തിന്റെ നിരന്തര ശകാരവും ഒറ്റപ്പെടുത്തലും സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപവും സഹിക്കാനാകാതെയാണ് രാജിയെന്ന് ആശ വി നായർ പറഞ്ഞു. 13 അംഗ ഭരണസമിതിയിൽ ബിജെപിക്ക് ആറും സിപിഐ എമ്മിന് അഞ്ചും കോൺഗ്രസിന് രണ്ടും അംഗങ്ങളാണുള്ളത്. രാജിയോടെ ബിജെപി അംഗബലം അഞ്ചായി കുറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ്‌ എം വി ഗോപകുമാറിന്റെ തട്ടകത്തിലാണ് ബിജെപിക്ക് ഭരണം നഷ്‌ടപ്പെട്ടത്. 
നേരത്തെ പഞ്ചായത്ത് വൈസ്‌പ്രസിഡന്റിനെതിരെ സിപിഐ എം അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായതോടെ ബിജെപിയുടെ ടി സി സുരേന്ദ്രൻനായർ പുറത്തായിരുന്നു. 
ജില്ലയിൽ പാണ്ടനാട്‌ അടക്കം മൂന്ന്‌ പഞ്ചായത്തുകളിലാണ്‌ ബിജെപി ഭരണത്തിലെത്തിയിരുന്നത്‌. മാന്നാറിലെ ചെന്നിത്തല–-തൃപ്പെരുന്തുറ, അരൂരിലെ കോടംതുരുത്ത്‌ പഞ്ചായത്തുകളിൽ നേരത്തെ  ബിജെപിക്ക്‌ ഭരണം നഷ്‌ടമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top