18 April Thursday
കാറ്റ്‌, മഴ

വ്യാപക നാശം; 4 വീട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

അനന്തകൃഷ്‌ണന്റെ വീടിന്‌ മുകളിൽ തെങ്ങ് കടപുഴകിവീണ് മേൽക്കൂര തകർന്ന നിലയിൽ

 മങ്കൊമ്പ് 

ശക്തമായ കാറ്റിലും മഴയിലും തലവടി, ചെന്നിത്തല പഞ്ചായത്തുകളില്‍ വ്യാപക നാശം. നാല് വീടുകൾ തകർന്നു. തലവടി പഞ്ചായത്ത് നാലാം വാർഡിൽ മുപ്പതിൽചിറ വിലാസിനി തമ്പി, രാഗിണി മംഗളാനന്ദൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ചൊവ്വ വൈകിട്ട് 5.30 ഓടെ വീശിയടിച്ച കാറ്റിലാണ് നാശം. 
വിലാസിനി തമ്പിയുടെ വീടിന്റെ ഷീറ്റ് മേഞ്ഞമേൽക്കൂര കാറ്റിൽ പറന്നുപോയി. സമീപ താമസക്കാരിയായ രാഗിണിയുടെ വീടിനും തകർച്ച നേരിട്ടു. നിരവധി കരക്കൃഷിയും നശിച്ചു. ഇന്ദിര, സജി എന്നിവരുടെ വാഴകൃഷി പൂർണമായി നിലംപൊത്തി. ഓണക്കാലം  ലക്ഷ്യമിട്ട് കൃഷിചെയ്‌ത ഏത്തവാഴ കൃഷിയാണ് നശിച്ചത്. പടവലം, പാവൽ, പയർ എന്നിവയും നശിച്ചു. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി.
തൃപ്പെരുന്തുറ കൃഷി ഓഫീസിന് സമീപം തോട്ടപ്പുറത്ത് വിജയമ്മ, ഐപ്പറമ്പിൽ പുത്തൻവീട്ടിൽ സാറാമ്മ സക്കറിയ എന്നിവരുടെ വീടിന്‌ മുകളിലേക്കാണ്  മരം വീണത്. ചൊവ്വ പകൽ 3.30 നാണ് സംഭവം. ശബ്‌ദംകേട്ട് മുറിയിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടിയതിനാൽ അപകടത്തിൽനിന്ന്‌ രക്ഷപ്പെട്ടു. വിജയമ്മയുടെ വീടിന്റെ പാരപ്പറ്റും, സാറാമ്മയുടെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകളും പൊട്ടി. പഞ്ചായത്ത് പ്രസിഡന്റ്‌ വിജയമ്മ ഫിലേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഉമ താരാനാഥ്, സിപിഐ എം ലോക്കൽ സെക്രട്ടറി ഡി ഫിലേന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
ബുധനൂർ പഞ്ചായത്ത് 13–--ാം വാർഡിൽ തൈയൂരിൽ പരുത്തിയിൽ അനന്തകൃഷ്‌ണന്റെ വീടിന്‌ മുകളിൽ തെങ്ങ് വീണ് വീടിന്റെ മേൽക്കൂര നശിച്ചു. ഓടുകൾ പൊട്ടി കഴുക്കോലുകൾ ഒടിഞ്ഞു. ചൊവ്വ പകൽ 3.30നായിരുന്നു സംഭവം. വീടിനുള്ളിലുണ്ടായിരുന്ന അനന്തകൃഷ്‌ണന്റെ രണ്ട് മക്കൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒഴിവായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top