26 April Friday

എം എ അലിയാർ അനുസ്‌മരണം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
കായംകുളം 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും ആലപ്പുഴ സഹകരണ സ്‌പിന്നിങ്‌ മിൽ ചെയർമാനുമായിരുന്ന എം എ അലിയാരുടെ അനുസ്‌മരണം വ്യാഴാഴ്‌ച സിപിഐ എം അസംബ്ലി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
ഓർമദിനമായ 30ന് രാവിലെ മണ്ഡലത്തിലെ 325 ബ്രാഞ്ച് കേന്ദ്രത്തിലും പതാക ഉയർത്തലും, പുഷ്‌പാർച്ചനയും നടത്തും. വൈകിട്ട് നാലിന് കളരിക്കൽ ജങ്‌ഷൻ, പുത്തൻ റോഡ് ജങ്‌ഷൻ എന്നിവിടങ്ങളിൽ നിന്ന്‌ അനുസമരണറാലി ആരംഭിക്കും.
 അയ്യായിരത്തിലധികം പേർ റാലിയിൽ അണിനിരക്കും. കരീലകുളങ്ങര ജങ്‌ഷന് സമീപം പ്രത്യേകം തയ്യാറാക്കിയ സമ്മേളന നഗറിൽ പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. മികച്ച പിടിഎയും എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയവും നേടിയ പത്തിയൂർ പഞ്ചായത്ത് ഗവ. ഹൈസ്‌കൂളിന് എം എ അലിയാരുടെ സ്‌മരണാർഥം അവാർഡ് നൽകും. മുൻ മന്ത്രി ജി സുധാകരൻ അവാർഡ് കൈമാറും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം അഡ്വ. സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുക്കും.
പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌, മുതുകുളം ബ്ലോക്ക് പ്രസിഡന്റ്‌, സിപിഐ എം കായംകുളം, ചാരുംമൂട് ഏരിയ സെക്രട്ടറി, എൽഡിഎഫ് അസംബ്ലി മണ്ഡലം സെക്രട്ടറി, സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി, വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിൽ എം എ അലിയാർ പ്രവർത്തിച്ചിരുന്നു. 
 സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ എച്ച് ബാബുജാൻ, കൺവീനർ പി അരവിന്ദാക്ഷൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ഗാനകുമാർ, അഡ്വ. എൻ ശിവദാസൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. എസ് സുനിൽകുമാർ, ബി അബിൻഷാ, എസ് നസിം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top