26 April Friday
25 കോടിയുടെ മിച്ചല്‍ ജങ്ഷന്‍ വികസനം

പുനരധിവാസ പാക്കേജിന്റെ പൊതുവാദം പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
മാവേലിക്കര
മിച്ചൽ ജങ്ഷൻ വികസനം ആരംഭിക്കുന്നതിന് മുന്നോടിയായി പുനരധിവാസ പാക്കേജിന്റെ  പൊതുവാദം സമാപിച്ചു. ഡെപ്യൂട്ടി കലക്ടർ ആർ സുധീഷ്, സ്പെഷ്യൽ തഹസീൽദാർ എൽഎ (ജനറൽ) എം കെ അജികുമാർ, ജൂനിയർ സൂപ്രണ്ട് സന്തോഷ്‌കുമാർ, റവന്യൂ ഇൻസ്പെക്ടർ ശങ്കർ, അൻസിൽ എന്നിവർ നേതൃത്വം നൽകി. 
  രേഖകൾ സമർപ്പിക്കേണ്ട 84ൽ 16 പേർ നേരത്തേ കൈമാറിയിരുന്നു. വെള്ളിയാഴ്ച 28 പേരും തിങ്കളാഴ്ച 14 പേരും രേഖകൾ നൽകി.  26 പേർക്ക് വ്യക്തമായ രേഖകൾ ഹാജരാക്കാനായില്ല. ഇവർക്ക് കലക്ടറേറ്റിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിൽ 31നുള്ളിൽ രേഖകൾ ഹാജരാക്കാൻ ഒരവസരം കൂടിയുണ്ട്. ഇതിനുശേഷം  അവസരമില്ല. പട്ടികയിൽ ഉൾപ്പെടാത്ത 20പേർ സ്ഥാപനം നഷ്ടപ്പെടുമെന്ന ആശങ്കയിൽ രേഖ നൽകിയിട്ടുണ്ട്. 
 ഉദ്യോഗസ്ഥർ പരിശോധിക്കും. ബുധൻ മുതൽ പൊതുമരാമത്ത്, റവന്യു വകുപ്പുകൾ തുടർനടപടി  സ്വീകരിക്കും. അടുത്തഘട്ടം പാക്കേജ് ലാൻഡ് റവന്യു കമ്മീഷണർക്ക് അംഗീകാരത്തിനായി അയക്കും. 
  സർക്കാർ തുക അനുവദിച്ച ശേഷം ഉടമകൾക്ക് നഷ്ടപരിഹാരം കൈമാറും. ഉടമകൾക്ക് 2013ലെ ഭൂമി ഏറ്റെടുക്കൽ അവകാശനിയമം ഒന്നാം ഉപവകുപ്പ് അനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും പുനഃസ്ഥാപനവും ലഭിക്കും. മാവേലിക്കര വില്ലേജിൽ 20, 21, 54, 55, 66, 67 ബ്ലോക്കുകളിലെ വിവിധ സർവേ നമ്പരുകളിൽപ്പെട്ട 57.08 ആർസ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. 115 പുരയിടങ്ങളും 3 പുറമ്പോക്കുകളും ഏറ്റെടുക്കേണ്ടി വരും. 25 കോടിയിൽ 22.5 കോടിയും നഷ്ടപരിഹാരം നൽകുന്നതിനാണ്. 
    മിച്ചൽ ജങ്ഷനിൽനിന്ന് വടക്കോട്ട് 80 മീറ്ററും തെക്കോട്ട് 140 മീറ്ററും പടിഞ്ഞാറോട്ട് 110 മീറ്ററും കിഴക്കോട്ട് 210 മീറ്ററും ദൂരത്തിലാണ് വീതി കൂട്ടുന്നത്. വീതി നടപ്പാതയുൾപ്പെടെ 18 മീറ്ററാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top