20 April Saturday

അപകടത്തിൽ പൊലിഞ്ഞത്‌ 13 ജീവൻ

സ്വന്തം ലേഖകൻUpdated: Saturday Jan 29, 2022

ബൈപാസിലെ അപകട പരമ്പരയ്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് ജി സുധാകരൻ കലക്‌ടർക്ക്‌ നിവേദനം നൽകുന്നു

ആലപ്പുഴ
അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പൂർത്തീകരിച്ച ആലപ്പുഴ ബൈപാസിൽ ഒരുവർഷത്തിനിടെ അപകടത്തിൽ പൊലിഞ്ഞത്‌ 13 ജീവൻ. ഗുരുതര പരിക്കേറ്റത്‌ ഇരുപത്തേഴോളം പേർക്ക്‌. 2021 ജനുവരി 21നാണ്‌ ബൈപാസ്‌ തുറന്നത്‌. വടക്ക് ബൈപാസ് തുടങ്ങുന്ന കൊമ്മാടിയിലാണ് അപകടങ്ങൾ ഏറെയും. കളർകോട് തുടങ്ങി കൊമ്മാടിയിൽ അവസാനിക്കുന്ന ഏഴരക്കിലോമീറ്റർ ബൈപാസ് റോഡിലെ പരക്കംപാച്ചിലാണ് അപകടങ്ങൾക്ക്‌ പ്രധാന കാരണം.
ഉദ്ഘാടന ദിവസംതന്നെ മേൽപ്പാലത്തിൽ കാറുകൾ കൂട്ടിയിടിച്ച് തുടങ്ങിയ അപകടപരമ്പര ഒരുവർഷം പിന്നിടുമ്പോഴും തുടരുകയാണ്. ട്യൂഷൻ കഴിഞ്ഞ് അച്ഛന്റെ സഹോദരനൊപ്പം വീട്ടിലേക്ക്‌ സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന, ഇരവുകാട് കൊമ്പത്താംപറമ്പിൽ ജയന്റെ മകൾ ദയ (11) യുടെ ജീവനാണ് ഒടുവിൽ ബൈപാസ് അപകടത്തിൽ പൊലിഞ്ഞത്.
 മാസങ്ങൾക്ക്‌ മുമ്പാണ്  ബാപ്പു വൈദ്യർ ജങ്‌ഷന്‌ സമീപം കാറുകൾ കൂട്ടിയിടിച്ച് എറണാകുളം സ്വദേശികളായ ബാബു (40), സുനിൽ (40) എന്നിവർ മരിച്ചത്. അപകടത്തിൽ മിൽട്ടൺ, ജോസഫ് എന്നിവർക്ക് ഗുരുതര പരിക്കേറ്റു.
ആഗസ്‌ത്‌ ഒമ്പതിന് ഇരവുകാട് ഭാഗത്ത് കോൺക്രീറ്റ് കുറ്റിയിൽ കാർ ഇടിച്ചുമറിഞ്ഞു. ചങ്ങനാശേരി ജങ്‌ഷനിൽനിന്ന് പടിഞ്ഞാറോട്ടുള്ള റോഡ് ബൈപാസിലേക്ക്‌ പ്രവേശിക്കുന്നിടത്തായിരുന്നു അന്നും  അപകടം. തുടർന്നുള്ള ദിവസങ്ങളിലും ഇവിടെ കാറുകൾ അപകടത്തിൽപെട്ടു. സൈക്കിളിലെത്തിയയാളെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിർത്താതെപോയ സംഭവവുമുണ്ടായി. ബൈപാസ് നാടിന് സമർപ്പിച്ച്‌ പിറ്റേന്ന്‌ പുലർച്ചെ തടികയറ്റിവന്ന ലോറി കൊമ്മാടിയിലെ ടോൾ ബൂത്ത് ഇടിച്ച് തകർത്തു.
പിന്നീട് ഹൈദരാബാദ് രജിസ്ട്രേഷനുള്ള ആഡംബര വാഹനത്തിന് പിന്നിൽ പൈപ്പ് കയറ്റിവന്ന ലോറിയിടിച്ചു. ആ ലോറിക്ക് പിന്നിൽ ടയർ ലോറിയിടിച്ചു. ബൈക്കിൽ കാറിടിച്ചായിരുന്നു അടുത്ത അപകടം. തുടർന്നും അപകടപരമ്പര തന്നെ.
 
ജി സുധാകരൻ സന്ദർശിച്ചു
ആലപ്പുഴ
കഴിഞ്ഞദിവസം ബൈപാസിൽ വാഹനാപകടത്തിൽ മരിച്ച ദയയുടെ വീട്ടിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരൻ സന്ദർശിച്ചു. അച്ഛൻ  ജയ്‌മോൻ, അമ്മ ഷീബ, മറ്റ് ബന്ധുക്കൾ എന്നിവരെ ആശ്വസിപ്പിച്ചു. 
ദയയുടെ അച്ഛൻ നൽകിയ നിവേദനം കലക്‌ടർ എ അലക്‌സാണ്ടറിന്‌ ജി സുധാകരൻ കൈമാറി. ജയ്‌മോന്റെ നിവേദനത്തോടൊപ്പം ജി സുധാകരന്റെ കത്തുകൂടി കലക്‌ടർക്ക് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top