10 December Sunday

സേഫാണ്‌; ആ വീടുകൾ

ടി ഹരിUpdated: Thursday Sep 28, 2023

സേഫ്‌ പദ്ധതിയിൽ നവീകരിച്ച ചമ്പക്കുളം ഏഴാം വാർഡിൽ പുല്ലങ്ങടി കൊച്ചുതറ വീട്ടിൽ ഓമനയുടെ വീട്‌

ആലപ്പുഴ 
സാമ്പത്തിക പ്രതിസന്ധിമൂലം പാതിവഴയിൽ നിർമാണം നിലച്ച പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ വീടുകൾ പൂർത്തിയാക്കാൻ എസ്‌സി, എസ്‌ടി വകുപ്പ്‌ നടപ്പാക്കുന്ന സേഫ്‌ പദ്ധതി ജില്ലയിൽ പുരോഗമിക്കുന്നു. ജില്ലയിൽ ആകെ 483 ഗുണഭോക്താക്കളിൽ 190 വീടുകൾ പദ്ധതി പ്രകാരം നവീകരിച്ച്‌ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്‌. പദ്ധതിക്ക്‌ ആകെ 3, 45, 22, 235 രൂപയാണ്‌ ചെലവഴിച്ചത്‌. 2023 മാർച്ചിൽ 12 വീട്‌ താമസയോഗ്യമാക്കിയിരുന്നു. പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തീകരിച്ച 39 വീടും രണ്ടാംഘട്ടം പൂർത്തീകരിച്ച 242 വീടുമുണ്ട്‌. മൂന്നാംഘട്ടത്തിൽ താമസയോഗ്യമാക്കണം. പദ്ധതിയിൽ ഉൾപ്പെട്ട 30ൽ 25 വീടുകൾ പൂർത്തിയാക്കി ചമ്പക്കുളം ബ്ലോക്ക്‌ പഞ്ചായത്താണ്‌ മുന്നിൽ. ബാക്കി അഞ്ചുവീടിന്റെ  രണ്ടാംഘട്ടം പൂർത്തിയായിട്ടുണ്ട്‌.  
വിവിധ ഭവനപദ്ധതികളിലും സ്വന്തമായും പണം കണ്ടെത്തി നിർമിക്കുന്ന വീടുകൾ സാമ്പത്തിക പ്രതിസന്ധിമൂലം പലപ്പോഴും പൂർത്തിയാക്കാതെയാണ്‌ താമസം തുടങ്ങുന്നത്‌. ജനാലകളും ശൗചാലയങ്ങളും അടുക്കളയും മറ്റും പണിതീരാതെ കിടക്കുന്നത്‌ പതിവാണ്‌. ടർപ്പായകൊണ്ടു മറച്ച ജനലുകളും ശൗചാലയങ്ങളും ഒഴിവാക്കി ഭംഗിയുള്ള വീടുകളാക്കി മാറ്റുകയാണ്‌ പദ്ധതി. ലൈഫ്‌ ഭവനപദ്ധതിയിലടക്കം പൂർണമായും പൂർത്തീകരിക്കാത്ത ഇത്തരം വീടുകളുണ്ട്‌. ഇത്‌ ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ രാധാകൃഷ്‌ണനാണ്‌ പദ്ധതി ആവിഷ്‌ക്കരിച്ചത്‌. എസ്‌സി വിഭാഗത്തിന്‌ രണ്ടുലക്ഷവും എസ്‌ടി വിഭാഗത്തിന്‌  രണ്ടര ലക്ഷവുമാണ്‌ പദ്ധതി പ്രകാരം നൽകുന്നത്‌. മൂന്നുഘട്ടങ്ങളിലായാണ്‌ സേഫ്‌ പദ്ധതി.  ജില്ലയിലെ 12 ബ്ലോക്ക്‌ പഞ്ചായത്തുകളുടെയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. എല്ലാ ബ്ലോക്കിലും പദ്ധതി 60 ശതമാനത്തിന്‌ മുകളിൽ പൂർത്തിയായിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top