ആലപ്പുഴ
രാജ്യത്തെ ഏറ്റവും മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ പുരസ്‌കാരം ആലപ്പുഴ എസ്‌ഡി കോളേജിന്. യൂണിറ്റിന്റെ ചുമതല വഹിക്കുന്ന ഫിസിക്‌സ് വിഭാഗം മേധാവി ഡോ. എസ് ലക്ഷ്മി മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരവും നേടി. 29ന് രാഷ്ട്രപതിയിൽനിന്നും കോളേജ് മാനേജിങ് കമ്മിറ്റിയംഗം പ്രൊഫ. എസ് രാമാനന്ദ്, പ്രിൻസിപ്പൽ പ്രൊഫ. കെ എച്ച് പ്രേമ, പ്രോഗ്രാം ഓഫീസർ ഡോ. എസ് ലക്ഷ്മി എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങും.
കോളേജിന്റെ പ്ലാറ്റിനം ജൂബിലിയും എൻഎസ്‌എസ് യൂണിറ്റിന്റെ ഗോൾഡൻ ജൂബിലിയും ആഘോഷിക്കുന്ന വേളയിൽ ലഭിച്ച പുരസ്‌കാരം ഇരട്ടിമധുരമായി. ഈ വർഷത്തെ കേരള സർക്കാരിന്റെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരവും മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരവും കേരള സർവകലാശാലയുടെ തുടർച്ചയായ അംഗീകാരവും ലഭിച്ചിരുന്നു.
കോവിഡ് പ്രതിരോധം, സേവനതാളം ലഹരിവിരുദ്ധ പ്രചാരണം, സാംസ്‌കാരിക കലാജാഥകൾ, ഫ്ലാഷ് മോബുകൾ, പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച രുചിയിടം ഭക്ഷണശാല, സഹപാഠിയുടെ കുടുംബത്തിനും ദത്തുഗ്രാമത്തിലും നിർമിച്ചു നൽകിയ വീടുകൾ, ലോട്ടറി വിൽപന തൊഴിലാളിക്ക് മുച്ചക്രവാഹനം, കിടപ്പുരോഗികളുടെ പരിചരണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..