18 December Thursday
മാപ്പിളപ്പാട്ടിലെ 
ശബ്ദസൗകുമാര്യം

എതിർപ്പിനെ തോൽപ്പിച്ച ഈണം

സി വി രാജീവ്, സി പ്രജോഷ്‌ കുമാർUpdated: Thursday Sep 28, 2023
മലപ്പുറം
സമുദായനേതാക്കളുടെ വിലക്കിനെ എതിരിട്ട്‌ റംലാബീഗം അടയാളപ്പെടുത്തിയത്‌ വേറിട്ട കാലം. മുസ്ലിംസ്‌ത്രീ വേദികളിൽ പരിപാടി അവതരിപ്പിക്കരുതെന്ന മതപണ്ഡിതൻമാരുടെ തിട്ടൂരത്തെ ഭയക്കാതെയായിരുന്നു ആ യാത്ര. ‘‘ഇരുലോകം ജയമണി നബിയുള്ള...’’പാട്ടോർമ്മയുടെ ചെപ്പിൽ താളമേളങ്ങൾക്കൊപ്പം നിറഞ്ഞ മധുരസ്വരം ഓർമയായി.  
 സമുദായനേതാക്കളുടെ വിലക്കിനെ എതിരിട്ട്‌ റംലാബീഗം അടയാളപ്പെടുത്തിയത്‌ വേറിട്ട കാലം. മുസ്ലിംസ്‌ത്രീ വേദികളിൽ പരിപാടി അവതരിപ്പിക്കരുതെന്ന മതപണ്ഡിതൻമാരുടെ തിട്ടൂരത്തെ ഭയക്കാതെയായിരുന്നു യാത്ര. കഥാപ്രസംഗം അവതരിപ്പിച്ചാൽ കൊല്ലുമെന്ന്‌ ഭീഷണി വരെയുണ്ടായി. 
 മുസ്ലിംസ്‌ത്രീ കഥാപ്രസംഗം നടത്തുന്നത്‌ അംഗീകരിക്കാൻ 1970കളിൽ സമുദായനേതാക്കൻമാർക്കായില്ല. മതപണ്ഡിതൻമാർ റംലയുടെ വേദികളെ എതിർത്തു. ‘പൊതുരംഗത്ത്‌ ഇറങ്ങുന്നവരെ എറിഞ്ഞുകൊല്ലണം–- അതായിരുന്നു അവരുടെ ഫത്‌വ.
കണ്ണൂർ ചൊവ്വയിലായിരുന്നു ആദ്യ സംഭവം–- 1976ൽ. ‘കർബലയിലെ രക്തക്കളം’ കഥയായിരുന്നു നിശ്‌യിച്ചത്‌. ടിക്കറ്റുള്ള പരിപാടിയായിരുന്നു. ഒരുകാരണവശാലും പരിപാടി അവതരിപ്പിക്കരുതെന്ന്‌ മതപണ്ഡിതർ നിർബന്ധംപിടിച്ചു. ആലപ്പുഴയിൽനിന്ന്‌ വരുന്ന റംലാബീഗത്തെ എറിഞ്ഞുകൊല്ലണമെന്ന്‌ വരെ ആഹ്വാനമുണ്ടായി. കണ്ണൂരിൽ താമസിക്കുന്ന ഹോട്ടലിലെത്തി കുറച്ചാളുകൾ ഭീഷണി മുഴക്കി–--‘‘പരിപാടി നടത്താൻ പറ്റില്ല’’. ‘റംലാബീഗത്തിന്റെ രക്തക്കളമായിരിക്കും അവിടെ’ എന്ന്‌ വരെ ആഹ്വാനമുണ്ടായി. ഭർത്താവ്‌ ഇടപെട്ട്‌ കഥ അവതരിപ്പിക്കാൻ തീരുമാനിച്ചു. പൊലീസ്‌ അകമ്പടിയോടെയാണ്‌ വേദിയിൽ എത്തിയത്‌. കഥ അൽപ്പം മുന്നോട്ടുപോയപ്പോൾ ആളുകൾ ടിക്കറ്റെടുത്ത്‌ കയറാൻതുടങ്ങി. അരമണിക്കൂറിനകം സദസ്സ്‌ നിറഞ്ഞു. പിന്നീട്‌ എതിർത്ത ആളുകൾ വന്ന്‌ മാപ്പ്‌ പറഞ്ഞു. പിന്നീട്‌ നാലുദിവസം അവിടെ സമീപത്തായി നിരവധി വേദികൾ കിട്ടി.
അതിനുശേഷം കോഴിക്കോട്‌ കൊടുവള്ളിയിലും സമാന സംഭവമുണ്ടായി. പഞ്ചായത്ത്‌ റോഡ്‌ ടാറിടാനുള്ള ധനശേഖരണാർഥമായിരുന്നു ബദ്‌റുൽ മുനീർ, ഹുസ്‌നുൽ ജമാൽ കഥാപ്രസംഗം. പ്രോഗ്രാം നിർത്തി പോകണമെന്ന്‌ ആക്രോശമുണ്ടായി. ‘ഇസ്ലാമിനെ താറടിക്കാനോ, അതോ റോഡ്‌ ടാറിടാനോ’ എന്ന്‌ നോട്ടീസും ഇറക്കി. പരിപാടി കഴിഞ്ഞപ്പോൾ ആളുകൾ വന്ന്‌ മാപ്പ്‌ ചോദിച്ചു. മുസ്ലിംസ്‌ത്രീ പൊതുരംഗത്തിറങ്ങിയത്‌ ആയിരുന്നു അവരുടെയൊക്കെ പ്രശ്‌നം.
ഇ എം എസ്‌ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗത്തിനുശേഷം മുംബൈയിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്‌. ‘ഓടയിൽനിന്ന്‌’ ആയിരുന്നു കഥ. 
മലബാറിൽ ആദ്യം പരിപാടിക്ക്‌ വന്നത് കോഴിക്കോട്‌ പരപ്പിൽ സ്‌കൂളിലേക്കാണ്‌. അന്ന്‌ ബാബുരാജിനെ പരിചയപ്പെട്ടു. ബാബുരാജിന്റെ മെഹ്‌ഫിൽ കൂട്ടായ്‌മകളിലും പാടിയിട്ടുണ്ട്‌. പിന്നീട്‌ വി എം കുട്ടിയുടെ ട്രൂപ്പിലും സ്ഥിരമായി. അങ്ങനെ ആലപ്പുഴക്കാരി മലബാറിന്റെ ഹൃദയങ്ങളിൽ ചേക്കേറി. ഒടുവിൽ ഈണങ്ങൾ ബാക്കിയാക്കി മറഞ്ഞു.
 
കോഴിക്കോട്‌
ആലപ്പുഴയിൽ ഒരുകാലത്ത്‌ സജീവമായിരുന്ന കഥാപ്രസംഗ കലയിലൂടെയാണ്‌ റംലാ ബീഗം ശ്രദ്ധനേടിയത്‌. ആലപ്പുഴയിൽ ജനിച്ച്‌ കോഴിക്കോട്‌ വേരുറപ്പിച്ച അവർ പിന്നീട്‌ മാപ്പിളപ്പാട്ടിൽ ശബ്ദ സൗകുമാര്യത്താൽ അജയ്യയായി. മലബാറിന്റെ മാപ്പിള കലാമനസ്സ്‌‌ അവരെ എളുപ്പം സ്വീകരിച്ചു. മറക്കാത്ത നിരവധി മാപ്പിളപ്പാട്ടുകൾ മലയാളത്തിന്‌ സമ്മാനിച്ചാണ്‌ അനുഗൃഹീത കലാകാരിയുടെ മടക്കം. 
 ആലപ്പുഴയിൽ അമ്മാവൻ സത്താർ ഖാന്റെ ആസാദ്‌ മ്യൂസിക്‌ ക്ലബിലെ പ്രധാന ഗായികയായിരുന്നു. പട്ടാണി കുടുംബത്തിലായതിനാൽ ഹിന്ദിയായിരുന്നു പ്രിയഭാഷ. ചെറുപ്പത്തിൽ പാടിയതേറെയും ഹിന്ദിഗാനങ്ങൾ. കല്യാണശേഷം 1963 മുതലാണ്‌ കഥാപ്രസംഗത്തിലേക്കും മാപ്പിളപ്പാട്ടിലേക്കും വന്നത്‌. കാഥികൻ വി സാംബശിവന്റെ തബലിസ്‌റ്റായിരുന്ന അബ്ദുൾസലാമായിരുന്നു ഭർത്താവ്‌. അദ്ദേഹമാണ്‌ റംലയെ മലയാളവും കഥാപ്രസംഗവും മാപ്പിളപ്പാട്ടുമെല്ലാം പഠിപ്പിച്ചത്‌. 23 കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു. ഇസ്ലാമിക ചരിത്രമായിരുന്നു 20 എണ്ണവും. കേശവദേവിന്റെ ഓടയിൽനിന്ന്‌, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി എന്നിവയും കഥാപ്രസംഗമായി അവതരിപ്പിച്ചു.  
 ഭർത്താവിന്റെ മരണത്തോടെയാണ്‌ മകൾ റസിയക്കൊപ്പം  ഉമ്മയുടെ നാടായ കോഴിക്കോട്ടേക്ക്‌ ജീവിതം പറിച്ചുനട്ടത്‌.    
തിരക്കേറിയ പാട്ടുകാരിയായിട്ടും സാമ്പത്തിക ഭദ്രത നേടാനായില്ല. സ്വന്തമായി വീടില്ലാത്ത അവരെ സഹായിക്കാൻ 2009ൽ മലബാറിലെ മാപ്പിള കലാകാരന്മാർ ചേർന്ന്‌ കോഴിക്കോട്‌ ഗുജറാത്തി സ്‌കൂളിൽ   മാപ്പിള ഗാനമേള സംഘടിപ്പിച്ചു. അതിൽ നിന്നും ലഭിച്ച വരുമാനം ഉപയോഗിച്ചാണ്‌   പാറോപ്പടിയിൽ ഫ്ലാറ്റ്‌ വാങ്ങി നൽകിയത്‌. അന്ത്യകാലത്തും മാപ്പിള കലാരംഗത്തെ സുഹൃത്തുക്കളും സഹൃദയരുമായിരുന്നു റംലയ്‌ക്ക്‌ തുണ. നിരവധി പുരസ്‌കാരങ്ങൾ ഇക്കാലയളവിൽ ഇവരെ തേടിയെത്തി.അഞ്ഞൂറോളം ഓഡിയോ കാസറ്റുകളിലും 35 എച്ച്‌ എം വി റെക്കോർഡുകളിലും പാടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top