മാന്നാർ
ആളില്ലാത്ത വീടുകളിൽ വൻ കവർച്ച നടത്തിയ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രമുഖ പ്രവാസി വ്യവസായി കുട്ടമ്പേരൂർ രാജശ്രീയിൽ വി കെ രാജശേഖരൻപിള്ള, കുട്ടമ്പേരൂർ ദീപ്തിയിൽ കൃഷ്ണ നഴ്സിങ് ഹോം ഉടമ ഡോ. ദിലീപ്കുമാർ എന്നിവരുടെ വീടുകളിലാണ് ശനി പുലർച്ചെ മോഷണം നടന്നത്.
രാജശേഖരൻപിള്ളയുടെ വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 55 പവനോളം സ്വർണം നഷ്ടപ്പെട്ടു. ലക്ഷങ്ങൾ വിലമതിക്കുന്ന പത്തു വാച്ച്, വിലകൂടിയ നിരവധി സുഗന്ധദ്രവ്യങ്ങൾ, ഐ ഫോൺ എന്നിവയാണ് അപഹരിച്ചത്. അരക്കോടി രൂപയുടെ മുതൽ നഷ്ടമായി. സംഭവമറിഞ്ഞ് ബഹ്റൈനിൽ ഫയർ ആൻഡ് സേഫ്റ്റി കമ്പനി നടത്തുന്ന രാജശേഖരൻപിള്ളയും ഭാര്യ ശ്രീകലയും തിങ്കളാഴ്‌ച വീട്ടിലെത്തി. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ കതക് ഇളക്കിമാറ്റിയാണ് ആഭരണങ്ങൾ അപഹരിച്ചത്.
ഡോ. ദിലീപ്കുമാറിന്റെ വീട്ടിൽ മോഷ്ടാക്കൾ കയറിയെങ്കിലും പണമോ സ്വർണമോ അപഹരിക്കാനായില്ല. രണ്ടിടത്തെയും വീടുകളിലെ നിരീക്ഷണ കാമറകൾ മോഷ്ടാക്കൾ ദിശ തിരിച്ചുവച്ചശേഷം പിന്നീട് ഇവ എടുത്തു കൊണ്ടുപോകുകയും ചെയ്‌തു. ചെങ്ങന്നൂർ ഡിവൈഎസ്‌പി ആർ ബിനു, മാന്നാർ എസ്‌എച്ച്ഒ ജോസ് മാത്യു, എസ്ഐ അഭിരാം എന്നിവരടങ്ങുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..