19 April Friday

ഒറിജിനലിനെ വെല്ലും സഞ്ജയ്‌ ടച്ച്‌

റിതിൻ പൗലോസ്‌Updated: Wednesday Jul 28, 2021

സഞ്ജയ് തന്റെ പണിപ്പുരയില്‍

ആലപ്പുഴ
ഇഷ്‌ടജീപ്പ്‌ സാമ്പത്തിക ബാധ്യതയെത്തുടർന്ന്‌ വിറ്റ ഉടമ മോഹവില നൽകി വാഹനം വീണ്ടും സ്വന്തമാക്കി. ഇതിന്‌ കാരണമായത്‌ പാതിരപ്പള്ളിക്കാരൻ സഞ്ജയ്. വിൽക്കും മുമ്പ്‌ ഓർമ നിലനിർത്താൻ വാഹനത്തിന്റെ മിനിയേച്ചർ നിർമിക്കാനാണ്‌ ഉടമ സഞ്ജയ്‌യെ സമീപിച്ചത്‌. ജീവൻ തുടിക്കുന്ന മാതൃക കണ്ടപ്പോൾ എന്തുവിലകൊടുത്തും വിറ്റ വാഹനം തിരികെ വേണമെന്നായി. മലപ്പുറം സ്വദേശിയായ പ്രവാസി അഷറുദ്ധീനാണ്‌ തന്റെ ജീപ്പ്‌ ഇരട്ടിവിലകൊടുത്ത്‌ വീണ്ടും വാങ്ങിയത്. ഒറിജിനലിനെ വെല്ലുന്ന മാതൃകകൾ  നിർമിച്ച്‌ ശ്രദ്ധേയനായ പാതിരപ്പള്ളി അവലൂക്കുന്ന്‌ കലുചിറയിൽ സഞ്ജയ്‌ കുമാർ (25) നിർമിച്ച ജീവൻ തുടിക്കുന്ന മാതൃക അഷറുദ്ധീനെ വീണ്ടും വാഹനത്തിലേയ്‌ക്ക്‌ അടുപ്പിക്കുകയായിരുന്നു. 
   സഞ്ജയ്‌യുടെ വീടുമുഴുവൻ  ഇത്തരത്തിലുള്ള മാതൃകകൾ കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. ലൂസിഫർ സിനിമയിൽ  ഉപയോഗിച്ച ജീപ്പിന്റെ മാതൃക ലൊക്കേഷനിലെത്തി സഞ്ജയ്‌ മോഹൻലാലിന്‌ സമ്മാനിച്ചിരുന്നു. സ്വന്തം വീടിന്റെ മാതൃകയുണ്ടാക്കിയാണ്‌ തുടക്കം. വാഹനങ്ങളെ സൂഷ്‌മമായി നിരീക്ഷിച്ച്‌ അതേപോലെ നിർമിക്കുന്നതാണ്‌ രീതി. മൊട്ടുസൂചി  മുതൽ ഫോർഎക്‌സ്‌ ഷീറ്റുവരെ ഉപയോഗിക്കും. ഏറ്റെവുമൊടുവിൽ നിർമിച്ച ആർഎക്‌സ്‌ 100 ബൈക്കും എഴുപതുകളിൽ സർവീസ്‌ നടത്തിയിരുന്ന ആനവണ്ടിയുടെ ബെൻസ്‌ മോഡലും ആരെയും ഞെട്ടിക്കും. ഇതിനിടെ ടൊവിനോ നായകനായ ചിത്രത്തിന്റെ അണിയറ പ്രവർത്തനത്തിന്‌ വിളിച്ചു. 
  കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ  പരസ്യചിത്രത്തിനു പിന്നിലും സഞ്ജയ്‌ ടച്ചുണ്ട്‌. എസ്‌കെ മിനിയേച്ചറെന്ന യൂട്യുബ്‌ ചാനൽ പതിനായിരക്കണക്കിനാളുകൾ പിന്തുടരുന്നുണ്ട്‌. കൈതത്തിൽ ക്ഷേത്രത്തിന്റെയും എസ്‌ഡി കോളേജിന്റെയും മാതൃക നിർമിച്ച്‌ ശ്രദ്ധേയനായി. ഒന്നുമുതൽ രണ്ടുമാസംവരെയെടുത്താണ്‌ ഓരോ മിനിയേച്ചറും പൂർത്തിയാക്കിയത്‌. സന്തോഷ്‌ –-യമുന ദമ്പതികളുടെ മകനാണ്‌. സോണിയ,സാന്ദ്ര എന്നിവർ സഹോദരിമാർ.  മുത്തച്ഛനും മുത്തശ്ശിയുമാണ്‌ ആദ്യകാലങ്ങളിൽ ഏറ്റവുമധികം പിന്തുണ നൽകിയിരുന്നതെന്ന്‌ സഞ്ജയ്‌ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top