19 April Friday

കെഎസ്‌ഡിപി ഓങ്കോളജി ഫാർമ പാർക്ക്‌ 
നിർമാണ ഉദ്‌ഘാടനം നാളെ

സ്വന്തം ലേഖകൻUpdated: Sunday May 28, 2023

കെഎസ്‌ഡിപിയിൽ നിർമാണമാരംഭിക്കുന്ന ഓങ്കോളജി ഫാർമ പാർക്കിന്റെ രൂപരേഖ

ആലപ്പുഴ > പൊതുമേഖല സ്ഥാപനമായ കേരള സ്​റ്റേറ്റ്​ ഡ്രഗ്​സ്​ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽഡ്​ ലിമിറ്റഡിന്റെ (കെഎസ്‌ഡിപി) ഓങ്കോളജി ഫാർമ പാർക്കിന്റെ നിർമാണം തിങ്കൾ പകൽ 12ന്​ മന്ത്രി പി രാജീവ്​ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ചെയർമാൻ സി ബി ചന്ദ്രബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
 
കുറഞ്ഞനിരക്കിൽ അർബുദ പ്രതിരോധ മരുന്ന് നിർമാണത്തിന്‌ 231 കോടി രൂപ അടങ്കൽവരുന്ന ആദ്യസംരംഭമാണിത്​. മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തന സജ്ജമാകുന്ന  പദ്ധതിയിലൂടെ ആറുകോടി ഗുളികകളുടെയും 4.5 കോടി ക്യാപ്‌സ്യൂളുകളും 37 ലക്ഷം കുത്തിവയ്‌പ്പ്‌​ മരുന്നുകളു​ടെയും വാർഷിക ഉൽപാദനമാണ്​ ലക്ഷ്യമിടുന്നത്​. മരുന്നുകൾക്ക്‌ 50 - 60 ശതമാനം വിലക്കുറവുണ്ടാകും. പ്രതിവർഷം 350 കോടിയുടെ വിറ്റുവരവാണ്​ പ്രതീക്ഷിക്കുന്നത്​.  50 - 60 കോടി പ്രവർത്തനലാഭം കണക്കാക്കുന്നു.
 
അതീവ വീര്യമുള്ള മരുന്നുകൾ നിർമിക്കുന്നതിന്​ പൂർണമായ ഓട്ടോമാറ്റിക് സംവിധാനങ്ങൾക്ക് പുറമേ ഉൽപാദന രംഗത്ത് പ്രവർത്തിക്കുന്നവരെ ബാധിക്കാത്തവണ്ണം വേർതിരിച്ച് സംരക്ഷിക്കുന്ന സാ​​​​ങ്കേതികവിദ്യയായ റെസ്​ട്രിക്റ്റഡ്​ ആക്സസ്​ ബാരിയർ സിസ്​റ്റം (ആർഎബി എസ്​) ഉപയോഗപ്പെടുത്തിയാണ്​ ഉൽപാദനം. ഇതിനൊപ്പം വായു, വെള്ളം ഉൾപ്പടെയുള്ള പരിസ്ഥിതി മലിനീകരണങ്ങൾ പൂർണമായും തടയുന്ന മാലിന്യ സംസ്കരണയൂണിറ്റും പാർക്കിന്റെ  പ്രത്യേകതയാണെന്നും സി ബി ചന്ദ്രബാബു പറഞ്ഞു.
 
ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും. എ എം ആരിഫ്​ എംപി, ജില്ലപഞ്ചായത്ത്​ പ്രസിഡന്റ്‌​ കെ ജി രാജേശ്വരി എന്നിവർ പ​ങ്കെടുക്കും. വാർത്തസമ്മേളനത്തിൽ മാനേജിങ്​ ഡയറക്​ടർ ഇ എ സുബ്രഹ്​മണ്യൻ, പ്രൊഡക്ഷൻ മാനേജർ ടി ആർ സന്തോഷ്​, ഡെപ്യൂട്ടി മാനേജർ നവീൻകുമാർ, കമ്പനി സെക്രട്ടറി പി എച്ച്​ അഫ്​സൽ, വിനോദ്​കുമാർ, അജുമോഹൻ, ലിജേഷ്​ ജോയി എന്നിവർ പ​​ങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top