27 April Saturday

"ഇങ്ക്വിലാബിന്റെ ഇടിമുഴക്കം' പ്രകാശനം ചെയ്‌തു

സ്വന്തം ലേഖകൻUpdated: Tuesday Mar 28, 2023

സമത പുറത്തിറക്കിയ ഹരസത്‌ മൊഹാനി ഇങ്ക്വിലാബിന്റെ ഇടിമുഴുക്കം ജീവചരിത്രം പുസ്‌തകം പി കെ മേദിനിക്ക്‌ നൽകി ഗുർജിത് കൗർ ദത്ത്, സർദാർ ഹകുമത്‌ 
സിങ്ങ്‌ മൽഫി ഭാര്യ സുരീന്ദർ കൗർ എന്നിവർ ചേർന്ന്‌ പ്രകാശനം ചെയ്യുന്നു

ആലപ്പുഴ 
ഭഗത്‌സിങിന്റെ പിൻമുറക്കാർ പുന്നപ്ര–-വയലാറിന്റെ പിൻമുറക്കാർക്ക്‌ ഹസ്രത്‌ മൊഹാനിയുടെ ജീവചരിത്രം –- ഇങ്ക്വിലാബിന്റെ ഇടിമുഴക്കം–- കൈമാറി. വിവിധ ദേശങ്ങളിൽ നാടിന്റെ മോചനത്തിനായി പൊരുതി വീണവരുടെ പിൻമുറക്കാരുടെ സംഗമത്തിൽ പുന്നപ്ര–-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാടിന്റെ മണ്ണും ത്രസിച്ചുയർന്നു.  
ഭഗത്‌സിങ്ങിന്റെ ഇളയസഹോദരി ബീബീ പ്രകാശ്‌ കൗറിന്റെ മക്കളായ ഗുർജിത് കൗർ ദത്തും സർദാർ ഹകുമത്‌ സിങ്ങ്‌ മൽഫിയും ഭാര്യ സുരീന്ദർ കൗറും ചേർന്ന്‌ വിപ്ലവ ഗായിക പി കെ മേദിനി, പുന്നപ്ര–- വയലാർ സമരസേനാനികളായ പി കെ ചന്ദ്രാനന്ദൻ, എം ടി ചന്ദ്രസേനൻ,  കെ ദാസ്‌, സി കെ വാസു, സി കെ കരുണാകരൻ എന്നിവരുടെ മക്കളായ ഉഷ വിനോദ്‌, ജയകുമാർ, ഡി ഷാജി,  അഡ്വ. സി വി ലുമുംബ, കെ കെ നഹാർ എന്നിവർക്ക്‌  പുസ്‌തകം കൈമാറി. 
പ്രകാശനയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. പൊളിറ്റ്‌ ബ്യൂറോഅംഗം എം എ ബേബി അധ്യക്ഷനായി. ജില്ലാസെക്രട്ടറി ആർ നാസർ, സമത ചെയർപേഴ്‌സൺ ടി ജി അജിത, ഗുർജിത്‌ കൗർ ദത്ത്‌, സർദാർ ഹകുമത്‌ സിങ്‌ മൽഫി,  സുരന്ദർ കൗർ എന്നിവർ സംസാരിച്ചു. സമത മാനേജിങ്‌ ട്രസ്‌റ്റി പ്രൊഫ. ടി എ ഉഷാകുമാരി സ്വാഗതവും സുശീല ഗോപാലൻ പഠനഗവേഷണകേന്ദ്രം ഡയറക്‌ടർ പ്രൊഫ. വി എൻ ചന്ദ്രമോഹൻ നന്ദിയും പറഞ്ഞു. തൃശൂരിലെ പ്രസാധനരംഗത്തെ പെൺകൂട്ടായ്‌മ സമതയാണ്‌ പ്രസാധകർ. സമതയുടെ 90–-ാമത്‌ പുസ്‌തകമാണിത്‌.   കെ രാജഗോപാലാണ്‌ രചയിതാവ്‌. സുശീല ഗോപാലൻ പഠന–ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്‌.
പത്രപ്രവർത്തകൻ, കവി, വിദ്യാഭ്യാസവിചക്ഷണൻ, സ്വാതന്ത്ര്യസമരസേനാനി എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങൾക്ക്‌ അർഹനായിട്ടും വേണ്ടത്ര അടയാളപ്പെടുത്താതെപോയ വ്യക്തിയാണ്‌ മൊഹാനി. ഒക്‌ടോബർ സോഷ്യലിസ്‌റ്റ്‌ വിപ്ലവത്തിൽ ആകൃഷ്‌ടനായ മൊഹാനി കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ മുൻകൈയെടുത്തു. അദ്ദേഹമാണ്‌ 1921ൽ ഉർദുവിൽ ‘ ഇങ്ക്വിലാബ്‌ സിന്ദാബാദ്‌’  എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത്‌. 1925ൽ ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ പ്രഥമസമ്മേളനം കാൺപുരിൽ ചേർന്നപ്പോൾ സ്വാഗതസംഘം ചെയർമാനായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top