25 April Thursday

ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമം ചെറുക്കണം: 
മന്ത്രി സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

റിപ്പബ്ലിക് ദിന പരേഡിനെ മന്ത്രി സജി ചെറിയാൻ അഭിവാദ്യംചെയ്യുന്നു

ആലപ്പുഴ
ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന്‌ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന 74-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി.
ഉന്നതമായ നമ്മുടെ ഭരണഘടനയുടെ കാവലാളായി ഓരോരുത്തരും മാറണം. മതനിരപേക്ഷതയ്‌ക്ക്‌ എതിരായ ഏത് വെല്ലുവിളിയെയും ചെറുത്തുതോൽപ്പിക്കണം. മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്‌ചയുണ്ടായാൽ അത് രാജ്യത്തിന്റെ മുന്നോട്ടുള്ള ഗതിക്കുതന്നെ പ്രതിബന്ധമാകും. ഇന്ത്യക്കാർ എന്ന വികാരത്തിനുമുകളിൽ ജാതി, മത വർഗീയ വികാരങ്ങൾ പ്രതിഷ്‌ഠിക്കാൻ ശ്രമം നടക്കുന്നു. 
ഭരണഘടന പറയുന്ന സാമൂഹിക സാമ്പത്തിക നീതി സംസ്ഥാനത്ത് ഉറപ്പുവരുത്തുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. സ്‌ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വകുപ്പ് ആരംഭിച്ചതും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി ജനസംഖ്യാനുപാതികമായി ബജറ്റുവിഹിതം ഏർപ്പെടുത്തിയതും പൊതുമേഖലയിൽ പ്രത്യേകം റിക്രൂട്ട്മെന്റ് നടത്തിയതും അവശ്യസാധന വില നിയന്ത്രിക്കാൻ പൊതുവിപണിയിൽ ഇടപെടുന്നതും ഇതിന്റെ ഭാഗമാണ്‌. ആദിവാസി, മത്സ്യത്തൊഴിലാളി മേഖലയിൽ പ്രത്യേകശ്രദ്ധ നൽകി  വികസനപ്രവർത്തനങ്ങൾ കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു.  
 പൊലീസ് അകമ്പടിയോടെ മൈതാനിയിൽ എത്തിയ മന്ത്രിയെ കലക്‌ടർ വി ആർ കൃഷ്‌ണ തേജയും ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണും ചേർന്ന് സ്വീകരിച്ചു. പ്രത്യേക വേദിയിൽ മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയർത്തി. തുറന്ന ജീപ്പിൽ സഞ്ചരിച്ച് അദ്ദേഹം പരേഡ് പരിശോധിച്ചു. ചേർത്തല എസ്എച്ച്ഒ വിനോദ് കുമാർ പരേഡിന് നേതൃത്വം നൽകി. എ എം ആരിഫ് എംപി, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, നഗരസഭ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, എഡിഎം എസ് സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top