24 April Wednesday

ലോക്കൽ കമ്മിറ്റിയംഗത്തെ 
വെട്ടിക്കൊല്ലാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

വെട്ടേറ്റ ടി സി സന്തോഷ്

മാരാരിക്കുളം
സിപിഐ എം വളവനാട് ലോക്കൽ കമ്മിറ്റിയംഗത്തെ മയക്കുമരുന്ന്‌  സാമൂഹ്യവിരുദ്ധസംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. മാരകമായി പരിക്കേറ്റ മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത്‌ അഞ്ചാംവാർഡിൽ തറയിൽ ടി സി സന്തോഷി(47)നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകൈപ്പത്തിക്കും തലയ്‌ക്കുമാണ് വെട്ടേറ്റത്. ഇടതുകൈയുടെ രണ്ട്‌ വിരലുകൾ വെട്ടേറ്റ് അറ്റു. കൈഞരമ്പുകൾ മുറിഞ്ഞു. രക്തത്തിൽ കുളിച്ചുകിടന്ന സന്തോഷിനെ പരിസരവാസികളും ബന്ധുക്കളും ചേർന്ന് ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്‌ എറണാകുളത്തെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വ്യാഴാഴ്‌ച സന്തോഷിനെ ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കി. ബുധൻ പകൽ മൂന്നോടെ ബൈക്കിലെത്തിയ മൂന്നുപേർ പ്രീതികുളങ്ങര കിഴക്ക് സന്തോഷിന്റെ എൻജിനിയറിങ് വർക്ക്‌ഷോപ്പിൽ കയറിയാണ് ആക്രമിച്ചത്.   
 കേസിൽ മൂന്ന്‌ പ്രതികളിൽ രണ്ടുപേർ പൊലീസ് പിടിയിലായി. പ്രീതികുളങ്ങര സെറ്റിൽമെന്റ് കോളനിയിൽ ഷണ്മുഖദാസ് (ഷൈജു –- 30), പൂന്തോപ്പ് വാർഡ് വെളിയിൽ വീട്ടിൽനിന്നും മാരാരിക്കുളം തെക്കു മാടത്തിങ്കൽ കോളനിയിൽ   സുരേഷ് (കുരുവി–- 36) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്. അക്രമികൾക്കൊപ്പമുണ്ടായിരുന്ന സുഭാഷിനെ പൊലീസ് തെരയുന്നു. രണ്ടുദിവസം മുമ്പ്  പ്രീതികുളങ്ങരയിൽ ഒരു വീട്ടിലെ ബൈക്ക് സാമൂഹ്യവിരുദ്ധർ കത്തിച്ചിരുന്നു. ഇതെക്കുറിച്ചു അറിയാൻ ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ എം രജീഷിനോടൊപ്പം സന്തോഷ്‌  ബുധൻ രാവിലെ  ഈ വീട്ടിൽപോയി. ഇതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചതെന്ന്‌ പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ്‌ ചെയ്‌തു.
 സിപിഐ എം മാരാരിക്കുളം ഏരിയ സെക്രട്ടറി പി രഘുനാഥ്, ലോക്കൽ സെക്രട്ടറി വി ഡി അംബുജാക്ഷൻ തുടങ്ങിയവർ സന്തോഷിനെ ആശുപത്രിയിൽ സന്ദർശിച്ചു.

സമാധാനാന്തരീക്ഷം തകർക്കാൻ 
നീക്കം: സിപിഐ എം

മാരാരിക്കുളം
സിപിഐ എം വളവനാട് ലോക്കൽ കമ്മിറ്റിയംഗം ടി സി സന്തോഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പാർടി മാരാരിക്കുളം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. മയക്കുമരുന്ന്–-സമൂഹവിരുദ്ധ സംഘത്തിൽപ്പെട്ട അക്രമികൾക്ക് പിന്തുണ നൽകുന്നത് ബിജെപിയും ആർഎസ്എസുമാണ്. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിത്. സിപിഐ എം പ്രവർത്തകർ സംയമനം പാലിക്കുകയാണ്. ആക്രമികളിൽ ഒരാളെക്കൂടി ഉടനെ പിടികൂടണം. സമൂഹവിരുദ്ധസംഘങ്ങൾക്കെതിരെ എല്ലാവരും യോജിച്ച്‌ അണിനിരക്കണമെന്ന്‌ ഏരിയ സെക്രട്ടറി പി രഘുനാഥ് പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top