27 April Saturday
നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷം

പൗരൻ ഭരണഘടനയുടെ കാവലാളാകണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ മന്ത്രി പി പ്രസാദ് സല്യൂട്ട് സ്വീകരിക്കുന്നു

ആലപ്പുഴ 
പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ മന്ത്രി പി പ്രസാദ്‌ ദേശീയ പതാക ഉയർത്തി. ഓരോ പൗരനും രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളാകണമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.
കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പൂർണമായും പാലിച്ചായിരുന്നു ദിനാഘോഷം. മാർച്ച് പാസ്‌റ്റ്‌ ഒഴിവാക്കി. മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച്‌ തുറന്നജീപ്പിൽ സഞ്ചരിച്ചു. കലക്‌ടർ എ അലക്‌സാണ്ടറും ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. എ എം ആരിഫ് എംപി, എച്ച് സലാം എംഎൽഎ, നഗരസഭാധ്യക്ഷ സൗമ്യാരാജ്, എഡിഎം ജെ മോബി, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
ചേർത്തല സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബി വിനോദ്കുമാർ പരേഡ് കമാൻഡറായി. പൊലീസിന്റെ മൂന്നു പ്ലറ്റൂണും എക്‌സൈസിന്റെ ഒരു പ്ലറ്റൂണും സായുധ പൊലീസ് സെക്കൻഡ് ബറ്റാലിയന്റെ ബാൻഡ് വിഭാഗവും മാത്രമാണ് പരേഡിൽ പങ്കെടുത്തത്. 
പുളിങ്കുന്ന് സബ് ഇൻസ്‌പെക്‌ടർ എസ് പ്രദീപ്, ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് സബ് ഇൻസ്‌പെക്‌ടർ കെ എം ഗോപി, സബ് ഇൻസ്‌പെക്‌ടർ ടി കെ കുഞ്ഞുമോൾ, എക്‌സൈസ് ഇൻസ്‌പെക്‌ടർ എസ് സതീഷ് എന്നിവർ യഥാക്രമം ലോക്കൽ പൊലീസ്, ആംഡ് റിസർവ്, വനിതാ പൊലീസ്, എക്‌സൈസ് പ്ലറ്റൂണുകളെ നയിച്ചു.
അമ്പലപ്പുഴ ഗവ. കോളേജിൽ പ്രിൻസിപ്പൽ ഡോ. മോത്തി ജോർജ് പതാകയുയർത്തി. പുന്നപ്ര ശാന്തിഭവനിൽ നേപ്പാളിൽനിന്നുള്ള അന്തേവാസി സൂര്യയും ബ്രദർ മാത്യു ആൽബിനും ചേർന്ന് പതാക ഉയർത്തി. ദേശീയഗാനാലാപനവും നടന്നു. നീർക്കുന്നം പീസ് റെസിഡൻസ് അസോസിയേഷനിൽ പ്രസിഡന്റ് ഹാഷിം പതാകയുയർത്തി.
നൂറനാട് ഐടിബിപി ക്യാമ്പിൽ സെക്കൻഡ്‌ ഇൻ കമാൻഡ്‌ സുനിൽകുമാർ ദേശീയപതാക ഉയർത്തി. നൂറനാട് ഉളവുക്കാട് ധീരജവാൻ സുജിത്ത് ബാബുവിന്റെ സ്‌മൃതിമണ്ഡപത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് പതാക ഉയർത്തി. ചത്തിയറ വിഎച്ച്എസ്എസിൽ പ്രിൻസിപ്പൽ കെ എൻ ഗോപാലകൃഷ്‌ണൻ പതാക ഉയർത്തി. ചത്തിയറ ഗവ. എൽപിഎസിൽ സീനിയർ അധ്യാപിക ശ്രീലത പതാക ഉയർത്തി. ചാരുംമൂട് മൈത്രി ഫൈൻ ആർട്‌സിൽ പ്രസിഡന്റ് പി എം ഷെരീഫ് അധ്യക്ഷനായി.
മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ്‌ വായനശാലയിൽ പ്രസിഡന്റ് കെ വിജയകുമാർ പതാക ഉയർത്തി. എസ് നിരഞ്‌ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുതുകുളം വടക്ക് ഐശ്വര്യപ്രദായനി ബാപ്പുജി സ്‌മാരക ഗ്രാമീണ വായനശാലയിൽ റിപ്പബ്ലിക് ദിനാഘോഷവും വിമുക്തി ലഹരിവിരുദ്ധ സെമിനാറും കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. കെ ജി ശ്രീകണ്ഠൻ അധ്യക്ഷനായി.
മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. മാന്നാർ ജുമാ മസ്ജിദിൽ ജമാഅത്ത് കൗൺസിൽ ചെയർമാൻ ഹാജി ഇഖ്ബാൽ കുഞ്ഞും കുരട്ടിക്കാട് മസ്ജിദിൽ ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കലും ദേശീയപതാക ഉയർത്തി.
 കുട്ടമ്പേരൂർ എൻഎസ്‌എസ്‌ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സതീഷ് ശാന്തിനിവാസ് പതാക ഉയർത്തി.
ഇലിപ്പക്കുളം കെകെഎംജിവിഎച്ച്എസ് പൂർവ വിദ്യാർഥി കൂട്ടായ്‌മ ‘ചാമ്പ്യൻസ് 1985’ മാതൃജ്യോതി ഓൾഡേജ് ഹോമിലെ അമ്മമാർക്കെപ്പം റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
കായംകുളം നഗരസഭയിൽ ചെയർപേഴ്സൺ പി ശശികല പതാക ഉയർത്തി. ഈസ്റ്റ് മൈത്രി റസിഡന്റ്‌സ്‌ അസോസിയേഷനിൽ സലിം മുരുക്കുംമൂട് അധ്യക്ഷനായി. കൊറ്റുകുളങ്ങര തർബിയത്തുൽ ബനാത്തിൽ കെഎംവൈഎഫ് ജില്ലാ സെക്രട്ടറി എസ് കെ നസീർ പതാകയുയർത്തി. എൻസിപി ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി  സംസ്ഥാന സെക്രട്ടറി സാദത്ത് ഹമീദ് ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top