ആലപ്പുഴ
തുറവൂർ-–- അമ്പലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും മാസങ്ങളായി താൻ നടത്തുന്ന ശ്രമങ്ങളെ വിലകുറച്ചുകാണാൻ ചിലമാധ്യമങ്ങൾ നടത്തുന്ന ശ്രമം വിലപ്പോകില്ലെന്ന് എ എം ആരിഫ് എംപി. എംപി എന്ന നിലയിൽ നടത്തിയ നിരന്തരശ്രമങ്ങളുടെ ഫലമായാണ് അന്തിമ തീരുമാനമെടുക്കാനുള്ള ചർച്ചകളിലേക്ക് എത്തിയത്. ആലപ്പുഴ വഴിയുള്ള തീരദേശപാത ഇരട്ടിപ്പിക്കലിന്റെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്രനിലപാട് തിരുത്തിക്കാനായത് താൻ ലോക്‌സഭാംഗമായ ശേഷമാണ്. ഇതിനായി അന്നത്തെ ദക്ഷിണ റെയിൽവേ ജനറൽ മാനേജരായിരുന്ന മലയാളി ജോൺ തോമസ് നൽകിയ സഹായം മറക്കാനാകില്ല. തുടർന്നാണ് എറണാകുളം-–- കുമ്പളം, കുമ്പളം– -തുറവൂർ ഭാഗത്തെ പാത ഇരട്ടിപ്പിക്കലിന് റെയിൽവേ തുക അനുവദിച്ചത്. എന്നാൽ ചെലവു കൂടുതലാണെന്ന കാരണത്താൽ തുറവൂർ-–- അമ്പലപ്പുഴ ഭാഗത്തിന് അന്തിമ അനുമതി വൈകുകയായിരുന്നു. ഇക്കാര്യത്തിൽ നിരവധി തവണ റെയിൽവേ മന്ത്രാലയത്തിൽ സമ്മർദം ചെലുത്തി. 45.86 കിലോമീറ്റർ നീളമുള്ള തുറവൂർ-–- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കുന്നതിന് ഇതോടെ 1262.14 കോടി രൂപയുടെ എസ്‌റ്റിമേറ്റും വിശദ പദ്ധതിരേഖയും (ഡിപിആർ) തയാറാക്കിയിട്ടുണ്ടെന്ന മറുപടിയും അന്തിമാനുമതി വൈകില്ലെന്ന ഉറപ്പും കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ആഗസ്‌ത് ഒമ്പതിന് മന്ത്രി അശ്വിനി വൈഷ്‌ണവിൽനിന്ന് നേടാനായി.
ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഇല്ലാതായതോടെ 22ന് പാർലമെന്റ് സമ്മേളനത്തിനിടെ റെയിൽവേ ബോർഡിന്റെ പുതിയ ചെയർപേഴ്സൺ ജയവർമ സിൻഹയുമായി ചർച്ചനടത്തി. ബുധനാഴ്‌ച നടക്കുന്ന പിഎം ഗതിശക്തി നെറ്റ്‌വർക്ക് പ്ലാനിങ് ഗ്രൂപ്പ് യോഗത്തിൽ ഇത് സംബന്ധിച്ച അനുകൂല തീരുമാനമുണ്ടാകുമെന്ന ഉറപ്പും ലഭിച്ചു.
ഉമ്മയുടെ നിര്യാണത്തെത്തുടർന്ന് ഇക്കാര്യം മാധ്യമങ്ങളെ യഥാസമയം അറിയിക്കാനായില്ല. പാത ഇരട്ടിപ്പിക്കലിന് ജനപ്രതിനിധികൾ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വാർത്ത പ്രസിദ്ധീകരിക്കും മുമ്പ് ആലപ്പുഴയുടെ എംപിയായ തന്നോട് അഭിപ്രായം ചോദിക്കാൻ പ്രമുഖ ദിനപത്രം തയ്യാറായില്ലെന്നതിനാലാണ് ഈ വിശദീകരണം.
ഗാന്ധിധാം-– -തിരുനെൽവേലി ഹംസഫർ എക്‌സ്‌പ്രസിന് ആലപ്പുഴയിൽ സ്‌റ്റോപ്പ് അനുവദിക്കുക, പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കുമ്പോൾ ഒന്നോ രണ്ടോ സെന്റ് സ്ഥലം മാത്രം ബാക്കിവരുന്ന സ്ഥലമുടമകളിൽനിന്ന് ബാക്കി സ്ഥലവും റെയിൽവേ ഏറ്റെടുക്കുക, കോവിഡിന് മുമ്പ് വിവിധ സ്‌റ്റേഷനുകളിൽ ഉണ്ടായിരുന്ന സ്‌റ്റോപ്പുകൾ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനവും ഇതോടൊപ്പം റെയിൽവെ ബോർഡ് ചെയർപേഴ്സണ് സമർപ്പിച്ചതായി എംപി യിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..