കായംകുളം
ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യവും ഭക്തിയും സമ്മേളിക്കുന്ന കെട്ടുകാഴ്‌ചയുടെ അഴകിൽ ആറാടി ഓച്ചിറ പരബ്രഹ്മക്ഷേത്രം. ക്ഷേത്രത്തിലെ 28–-ാം ഓണം ഉത്സവത്തിനായി കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട 52 കരകളിലെ കെട്ടുത്സവ സമിതികളുടെ നേതൃത്വത്തിലുള്ള കെട്ടുത്സവത്തിന് നാടിന്റെ നാനാഭാഗത്തുനിന്ന് പതിനായിരങ്ങളെത്തി. താളമേളങ്ങൾക്കൊപ്പം പടനിലത്തെത്തിയ പുരുഷാരവത്തിന്റെ നൃത്തച്ചുവടുകളാലും ആർപ്പുവിളികളാലും ശബ്‌ദമുഖരിതമായപ്പോൾ ക്ഷേത്രാങ്കണം മറ്റൊരു പൂരക്കാഴ്‌ചയ്‌ക്ക് വഴിമാറി. പടനിലത്ത് നടത്തിയ കാളകെട്ടുത്സവത്തിന് ഇരുന്നൂറോളം കെട്ടുകാളകളെ കരക്കാർ അണിനിരത്തി. കൈവെള്ളയിൽ എഴുന്നള്ളിച്ച ചെറിയകാളകൾ മുതൽ 72 അടി ഉയരമുള്ള കൂറ്റൻ കെട്ടുകാള വരെയുണ്ടായിരുന്നു. സ്വർണം, വെള്ളി, സിമന്റ്, പ്ലാസ്‌റ്റർ ഓഫ് പാരീസ്, ഉരുക്ക് എന്നിവയിൽ നിർമിച്ച കെട്ടുകാളകളുടെ രൂപങ്ങളും എഴുന്നള്ളിച്ചു. മാമ്പ്രകന്നേൽ കെട്ടുത്സവ സമിതിയുടെ പടുകൂറ്റൻ കെട്ടുകാഴ്‌ച ‘ഓണാട്ടുകതിരവൻ’, ഞക്കനാൽ പടിഞ്ഞാറേക്കരയുടെ ‘കാലഭൈരവൻ’ കൊറ്റമ്പള്ളി കരയുടെ ‘തിരുമുഖവേടൻ’ മേമന യുവജനസമിതിയുടെ ‘ഓച്ചിറ ഒന്നാമൻ’ തുടങ്ങിയവ മനംകീഴടക്കി. വലിയ കെട്ടുകാഴ്‌ചകൾ ബുധനാഴ്‌ചയും പടനിലത്ത് പ്രദർശിപ്പിക്കും.
ചൊവ്വ രാവിലെ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി സത്യൻ തോട്ടത്തിൽ പടനിലത്ത് പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ഉച്ചയോടെ വിവിധ കരകളിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കെട്ടുകാളകൾ പടനിലത്തേക്ക് എത്തിയിരുന്നു. മികച്ച കെട്ടുകാളകൾക്ക് ഐക്കരവള്ളി ഋഷഭവീര പുരസ്‌കാരം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..