മാവേലിക്കര
ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രഞ്‌ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 149 സാക്ഷികളുടെ വിസ്താരം മാവേലിക്കര അഡീ. സെഷൻസ് ജഡ്ജി വി ജി ശ്രീദേവി മുമ്പാകെ പൂർത്തിയായി.
പ്രതികൾ ആലപ്പുഴ വെള്ളക്കിണറിന് സമീപത്തെ രഞ്ജിത്തിന്റെ വീട്ടിലേക്ക് വാഹനങ്ങളിൽ എത്തിയവഴി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ചാർട്ടാക്കി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാക്കിയ ആലപ്പുഴ നോർത്ത് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെയാണ് ചൊവ്വാഴ്‌ച വിസ്തരിച്ചത്.
കോടതിമുറിയിൽ കുഴഞ്ഞുവീണതിനാൽ സാക്ഷി വിസ്താരം മുടങ്ങിയ മണ്ണഞ്ചേരി സ്വദേശിയെയും ചൊവ്വാഴ്‌ച കോടതിയിൽ വിസ്തരിച്ചു. സംഭവദിവസം രാവിലെ നാല് ഇരുചക്രവാഹനങ്ങളിലായി എട്ടുപേർ ഒരുമിച്ച് വരുന്നത് മണ്ണഞ്ചേരിയിൽ താൻ കണ്ടുവെന്നും അവരിൽ ഈ കേസിലെ പ്രതികളായ മുഹമ്മദ് അസ്ലാം, സമീർ എന്നിവർ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചതിനാലാണ് മണ്ണഞ്ചേരി സ്വദേശിയെ പ്രോസിക്യൂഷൻ ഭാഗം സാക്ഷിയായി കോടതിയിൽ വിസ്തരിച്ചത്.
ഇതോടെ കേസിലെ ഔദ്യോഗിക സാക്ഷികൾ അല്ലാത്തവരുടെ സാക്ഷി വിസ്താരം പൂർത്തിയായി. പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിൽ അവശേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാക്ഷിവിസ്താരം 30ന് നടക്കും. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..