25 April Thursday
ഓളപ്പരപ്പിലെ ഒളിമ്പിക്‌സ്‌ ഇനിയെന്ന്‌ ?

തുഴവീഴും കാത്ത്‌ തീരങ്ങൾ

ലെനി ജോസഫ്‌Updated: Tuesday Jul 27, 2021

പണി പൂര്‍ത്തിയായ ചെറുതന ചുണ്ടന്‍

ആലപ്പുഴ
ലോകം ഒളിമ്പിക്‌സ്‌ വിസ്‌മയങ്ങൾക്കായി ടോക്കിയോയിലേക്ക്‌ കണ്ണുംനട്ടിരിക്കുമ്പോൾ ഓളപ്പരിപ്പിലെ ഒളിമ്പിക്‌സ്‌ ഇനിയെന്ന്‌ എന്ന ചിന്തയിലാണ്‌ കുട്ടനാട്ടുകാർ. ഇത്‌ വള്ളംകളി ക്ലബുകൾ ക്യാമ്പുകൾ തുറന്ന്‌ ചിട്ടയായ പരിശീലനം നടത്തേണ്ട സമയം. എന്നാൽ ആരവങ്ങളും ആർപ്പുവിളികളുമില്ലാതെ എല്ലായിടത്തും നിശബ്‌ദതമാത്രം. 
  എല്ലാ വർഷവും ആഗസ്‌തിലെ രണ്ടാം ശനിയാഴ്‌ചയാണ്‌ നെഹ്‌റുട്രോഫി വള്ളംകളി നടക്കുക. അതിന്‌ ഒന്നു രണ്ടു മാസം മുമ്പേ തങ്ങളുടെ ചുണ്ടനെ ജലരാജാവാക്കാൻ  അരയും തലയും മുറുക്കി കുട്ടനാടൻ ഗ്രാമങ്ങളുണരും. നെഹ്‌റുട്രോഫി കഴിഞ്ഞാൽ താഴത്തങ്ങാടിയും കുമരകവും നീരേറ്റുപുറവുമൊക്കെ വള്ളംകളിക്കാർക്ക്‌ ആവേശം നിറയ്‌ക്കും. ആലപ്പുഴ ജില്ലയിലെ കുട്ടനാടിന്റെയും കോട്ടയം ജില്ലയിലെ കുമരകവും നാട്ടകവും തിരുവാർപ്പുമൊക്കെ അടങ്ങുന്ന അപ്പർ കുട്ടനാടിന്റെയും ജീവിതത്തിന്റെ ഭാഗമാണ്‌ വള്ളംകളി. എന്നാൽ തുടർച്ചയായി രണ്ടാം വർഷവും ആലപ്പുഴ നെഹ്‌റുട്രോഫി ഉൾപ്പെടെ എല്ലാ വള്ളംകളികളും മുടങ്ങുമെന്ന്‌ ഉറപ്പായതോടെ ജനങ്ങളും വള്ളംകളി ക്ലബുകളും വള്ളംകളിപ്രേമികളും കടുത്ത നിരാശയിലാണ്‌. 
2019ലാണ്‌ അവസാനമായി നെഹ്‌റുട്രോഫി വള്ളംകളി നടന്നത്‌. ഇതിനിടയിൽ ചുണ്ടൻ വള്ളങ്ങൾ പലതും പുതുക്കിപ്പണിതു. അറ്റകുറ്റപ്പണി നടത്തി. ചെറുതനക്കാർ പുതിയ ചുണ്ടൻവള്ളം തന്നെ തീർത്തു. 
  വ്യക്‌തികളുടെയും  ഒന്നിലധികം ആളുകളുടെയും കരക്കാരുടെയുമൊക്കെ ഉടമസ്ഥതയിലുള്ളവയാണ്‌ വള്ളങ്ങൾ. വള്ളംകളി നടന്നാലും ഇല്ലെങ്കിലും എല്ലാ വർഷവും വള്ളങ്ങൾക്ക്‌ നെയ്‌ പുരട്ടലും തറമുറുക്കലുമൊക്കെ നടത്തണം. ഇതിന്‌ കുറഞ്ഞത്‌ ഒരു ലക്ഷം രൂപ വേണ്ടിവരും. ചെറുവള്ളങ്ങളുടെ ഉടമകളും ഈ  ഭാരം പേറുന്നു. വള്ളംകളി മുടങ്ങിയതോടെ ഈ ചെലവെല്ലാം വഹിക്കുന്ന ഉടമകൾ വലിയ ബാധ്യതയിലായി. വള്ളങ്ങൾക്ക്‌ സർക്കാർ നൽകുന്ന ഗ്രാന്റ്‌ ഒരു വർഷം കുടിശികയുമാണ്‌. 
  
സിബിഎല്‍ പ്രതീക്ഷ
ഐ പി എൽ മാതൃകയിൽ വിവിധ മത്സര വള്ളംകളികൾ കൂട്ടിയോജിപ്പിച്ച്‌  സി ബി എൽ  കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ നടത്താൻ തുടങ്ങിയതോടെ വള്ളംകളി ക്ലബുകൾ പച്ചപിടിച്ചതായിരുന്നു. ഇതനുസരിച്ച്‌ ഒന്നാം സ്ഥാനം കിട്ടുന്ന ചുണ്ടൻവള്ളത്തിന്റെ ക്ലബിന്‌ ഒരു കോടി മുതൽ ഒന്നേകാൽ കോടി രൂപവരെ സമ്മാനത്തുകയായി കിട്ടുമായിരുന്നു.  
ഒരു ചുണ്ടൻ വള്ളത്തിന്‌  കുറഞ്ഞത്‌ 36 ലക്ഷം രൂപ. ഇത്ര വലിയ തുകയോ എന്ന്‌ അത്ഭുതം കൂറിയിട്ടു കാര്യമില്ല. ഓരോ തുഴച്ചിൽക്കാരനും 3600 രൂപവരെ ദിവസക്കൂലി കൊടുത്താണ്‌ മാസങ്ങൾനീളുന്ന പരിശീലനം. 
വടക്കേയിന്ത്യയിൽ നിന്നും കശ്‌മീരിൽ നിന്നുമൊക്കെയാണ്‌ ക്ലബുകൾ തുഴച്ചിൽക്കാരെ കൊണ്ടുവരിക. സിബിഎൽ വന്നതോടെ ക്ലബുകളുടെ കടമൊക്കെ മിക്കവാറും വീട്ടി. പറഞ്ഞിട്ടെന്തുകാര്യം, ഇനി വള്ളംകളിക്ക്‌ എത്രവർഷം കാത്തിരിക്കണമെന്ന്‌ ആർക്കും ഉറപ്പില്ല. എങ്കിലും കുട്ടനാട്ടുകാർ കാത്തിരിക്കുന്നു. കൊട്ടും കുഴലും കുരവയുമായി വീണ്ടും വള്ളംകളിപ്പാട്ടിന്റെ ഈണം കുട്ടനാടൻ പുഞ്ചകളെ മുഖരിതമാക്കുന്ന കാലം  വരുമെന്ന ശുഭപ്രതീക്ഷയിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top