18 April Thursday
കുളവാഴവ്യാപനം

അന്താരാഷ്‌ട്ര ഗവേഷണപദ്ധതി വിജയത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

തണ്ണീർമുക്കം ബണ്ടിലെ കുളവാഴ വ്യാപനം 2020 ജനുവരിയിൽ എടുത്ത ചിത്രം

ആലപ്പുഴ
ജലാശയങ്ങൾക്ക് ഭീഷണിയാകുന്ന കുളവാഴയുടെ വ്യാപനം ശാസ്‌ത്രീയമായി പഠിക്കുന്ന അന്താരാഷ്‌ട്ര ഗവേഷണപദ്ധതി വിജയത്തിലേക്ക്‌. ആലപ്പുഴ എസ്ഡി കോളേജിലെ ജലവിഭവ ഗവേഷണകേന്ദ്രം പങ്കാളിയായ പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടുകായലിലെ കുളവാഴ വ്യാപനം സംബന്ധിച്ച പഠനം "റിമോട്ട് സെൻസിങ്‌" എന്ന അന്താരാഷ്‌ട്ര ഗവേഷണ ജേർണലിൽ പ്രസിദ്ധീകരിച്ചു.
നൂതന ഉപഗ്രഹ സാങ്കേതികവിദ്യയായ "സിന്തറ്റിക് അപ്പർച്ചർ റഡാർ’ ഉപയോഗിച്ചുള്ള പഠനഫലങ്ങളാണ് പുറത്തുവന്നത്. തണ്ണീർമുക്കം ബണ്ടും പരിസരപ്രദേശങ്ങളിലുമാണ് പഠനം നടത്തിയത്. 2019 ജനുവരിമുതൽ 2020 ഏപ്രിൽവരെയുള്ള കാലയളവിൽ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ "സെന്റിനൽ -1’ എന്ന ഉപഗ്രഹത്തിൽനിന്ന്‌ ലഭിച്ച ചിത്രങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. ഉപഗ്രഹം പുറപ്പെടുവിക്കുന്ന പ്രത്യേക തരംഗദൈർഘ്യമുള്ള രശ്‌മികൾ ജലോപരിതലത്തിലുള്ള വസ്‌തുക്കളിൽ പതിച്ച് വിവിധ ദിശകളിൽ പ്രതിഫലിക്കുന്നതിലെ വ്യത്യാസങ്ങളാണ് സിന്തറ്റിക് അപ്പർച്ചർ റഡാർ സാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്നത്.
പ്രദേശത്തെ കുളവാഴയുടെ വ്യാപനം കൃത്യമായി നിർണയിക്കാൻ ഈ പഠനത്തിലൂടെ സാധിച്ചു. കുളവാഴ നിർമാർജനപദ്ധതികൾ അല്ലെങ്കിൽ ഇവ ഉപയോഗിച്ചുള്ള വിവിധോദ്ദേശ്യ ഉൽപ്പന്നങ്ങളുടെ നിർമാണം എന്നിവയ്‌ക്ക്‌ ഈ പഠനഫലങ്ങൾ ഉപയോഗപ്രദമാകും. സ്‌കോട്ട്‌ലൻഡിലെ സ്‌റ്റിർലിങ്‌, സ്ട്രാത്ക്ലൈഡ് സർവകലാശാലകൾ, ഹെദരാബാദിലെ അന്താരാഷ്‌ട്ര കൃഷിഗവേഷണ കേന്ദ്രം, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ്‌ ഹെൽത്ത് മാനേജ്മെന്റ്‌, ചണ്ഡീഗഡ് കേന്ദ്ര ശാസ്‌ത്ര ഉപകരണ ഗവേഷണകേന്ദ്രം എന്നിവരാണ് ഗവേഷണപദ്ധതിയിലെ പങ്കാളികൾ. ജന്തുശാസ്‌ത്രവിഭാഗം അധ്യാപകനും ജലവിഭവ ഗവേഷണകേന്ദ്രം മുഖ്യഗവേഷകനുമായ ഡോ. ജി നാഗേന്ദ്രപ്രഭുവാണ് എസ്ഡി കോളേജിന്റെ പ്രതിനിധി. ഡോ. സാവിത്രി മഹാരാജ്, ഡോ. അർമാന്റോ മറീനോ, പ്രൊഫ. ആദം ക്ലെക്കോവ്‌സ്‌കി, ഡോ. ദീപായൻ ഭൗമിക്, ഡോ. ആർ ശ്രീകാന്ത്, ഡോ. അവിരാജ് ദത്ത, സൗരവ് കുമാർ പാണ്ഡെ, ഡോ. വാഹിദ് അക്ബറി എന്നിവരാണ് പഠന-ഗവേഷണ സംഘാംഗങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top