20 April Saturday
26,258 ഹെക്‌ടറിൽ കൃഷിനാശം

സംഭരിച്ചത്‌ 
11,250 മെട്രിക്‌ ടൺ നെല്ല്‌

അഖില്‍ കെ രാജുUpdated: Friday Nov 26, 2021
ആലപ്പുഴ
ജില്ലയിൽ നെല്ല്‌ സംഭരണം പൂർത്തിയാകുന്നു. ജില്ലയിൽ ആകെയുള്ള 8400ലധികം ഹെക്‌ടറിൽ 5000 ഹെക്‌ടറോളം കൃഷിയിടങ്ങളിൽ നെല്ല്‌ സംഭരണം പൂർത്തിയായി. മൂവായിരത്തോളം ഹെക്‌ടറിലാണ്‌ ഇനി സംഭരണം നടത്താനുള്ളത്‌.
   ജില്ലയിൽ 11,250 മെട്രിക്‌ ടൺ നെല്ലാണ്‌ സംഭരിച്ചിട്ടുള്ളത്‌. നെടുമുടി, തകഴി, കൈനകരി കരുവാറ്റ, അമ്പലപ്പുഴ നോർത്ത്‌, പുന്നപ്ര, പുളിങ്കുന്ന്‌, പുറക്കാട്‌ എന്നിവിടങ്ങളിൽ സംഭരണം പുരോഗമിക്കുകയാണ്‌. ചമ്പക്കുളം, ആലപ്പുഴ തുടങ്ങിയ പ്രദേശത്ത്‌ നെല്ല്‌ സംഭരണം പൂർത്തിയായി.
കനത്ത മഴ സംഭരണത്തിന്‌ തിരിച്ചടിയായിട്ടുണ്ട്‌. ചെളിക്കളമായ പാടങ്ങളിൽ കൊയ്‌ത്ത്‌ യന്ത്രം ഉപയോഗിച്ച്‌ ശ്രമകരമായാണ്‌ നെല്ല്‌ കൊയ്‌തെടുത്തത്‌. കുട്ടനാട്‌ പലയിടത്തും കർഷകർക്ക്‌ മഴമൂലം പാടശേഖരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു.  സംഭരിച്ച നെല്ലിൽ ഈർപ്പം കയറിയതും കർഷകർക്ക്‌ തിരിച്ചടിയായി. എന്നാൽ ഈർപ്പം  കയറിയ നെല്ലടക്കം സംഭരിച്ച്‌ സപ്ലൈകോ കർഷകർക്കൊപ്പം നിന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി എ ശ്രീരേഖ പറഞ്ഞു.
146 കോടിയുടെ 
കൃഷിനാശം
കനത്തമഴയിൽ രണ്ടുമാസം കൊണ്ട്‌ ജില്ലയിലുണ്ടായത്‌ 146.6 കോടിയുടെ കൃഷിനാശം. 50602 കർഷകർക്കാണ്‌ നഷ്‌ടമുണ്ടായത്‌. ഒക്‌ടോബർ ഒന്നു മുതൽ നവംബർ 25 വരെയുള്ള കണക്കാണിത്‌. 26,258 ഹെക്‌ടറോളം പ്രദേശത്താണ്‌ കൃഷിനാശമുണ്ടായത്‌. വാഴ കൃഷിയിലാണ്‌ കൂടുതൽ നഷ്‌ടം. കുലച്ച വാഴയിൽ 17.73 കോടിയുടെ നഷ്‌ടമുണ്ടായി. 7412 കർഷകരുടെ 2,95,542 വാഴ നശിച്ചു. കുലയ്‌ക്കാത്ത വാഴകളിൽ 13.99 കോടിയുടെ നഷ്‌ടമുണ്ട്‌. 3,49,789 വാഴകൾ നശിച്ചു. പച്ചക്കറി പന്തലിൽ 93 ലക്ഷത്തിന്റെ നഷ്‌ടമുണ്ടായി. 3766 കർഷകരുടെ 203 ഹെക്‌ടർ കൃഷിയിടത്തിൽ നാശമുണ്ട്‌. ആറായിരത്തോളം ഏക്കർ നെൽകൃഷിയാണ്‌ നശിച്ചത്‌. 91.95 കോടിയോളം രൂപയുടെ കൊയ്യാറായ നെല്ല്‌ നശിച്ചു. കുരുമുളകിൽ 1.16 കോടിയുടെയും മരച്ചീനിയിൽ 17 ലക്ഷത്തിന്റെയും കൃഷിനാശമാണുണ്ടായത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top