ആലപ്പുഴ
വ്യാഴവട്ടക്കാലമായി തീരദേശജില്ലയ്‌ക്ക് തണലായി തുടരുകയാണ് സഹകരണവകുപ്പിന്റെ പുന്നപ്രയിലെ സാഗര സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി. കോ–-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) നിയന്ത്രണത്തിൽ 2010ൽ പ്രവർത്തനം ആരംഭിച്ച ആശുപത്രിൽ ഓരോവർഷവും ചികിത്സ തേടുന്നത് 1.2 ലക്ഷത്തിലധികം പേരാണ്. 40 ഡോക്‌ടർമാരും 250 ജീവനക്കാരും ആശുപത്രിയുടെ ഭാഗമാണ്.
2006ൽ വി എസ് സർക്കാരിന്റെ കാലത്ത് സഹകരണമന്ത്രിയായിരുന്ന ജി സുധാകരൻ മുൻകൈയെടുത്താണ് കൊച്ചി സഹകരണ മെഡിക്കൽ കോളേജിന്റെ ഉപസ്ഥാപനമായി ആശുപത്രി പ്രവർത്തനമാരംഭിച്ചത്. അടച്ചുപൂട്ടിയ സ്‌കൂട്ടർ ഫാക്‌ടറിയും സ്ഥലവും വ്യവസായവകുപ്പിൽനിന്ന് ഏറ്റെടുത്ത് സഹകരണവകുപ്പിന് കീഴിൽ എൽഡിഎഫ് സർക്കാർ ആരംഭിച്ച എൻജിനിയറിങ് കോളേജ്, എംബിഎ കോളേജ്, സ്‌കിൽ ആൻഡ് നോളജ് ഡെവലപ്‌മെന്റ് സെന്റർ, സാഗര സഹകരണ ആശുപത്രി എന്നിവ ആലപ്പുഴയുടെ അഭിമാന സ്ഥാപനങ്ങളാണ്.
20ലധികം ചികിത്സാവിഭാഗങ്ങൾ
സാഗര ആശുപത്രിയിൽ നിലവിൽ 20ലധികം വിഭാഗങ്ങളിൽ ചികിത്സാ സൗകര്യങ്ങളുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക ഓപ്പറേഷൻ തീയേറ്റർ–-ലേബർ റൂം സേവനം പൂർണമായും ഓട്ടോമേറ്റഡ് മെഷീനുകളുള്ള 24 ക്ലിനിക്കൽ ലാബ്, ആധുനിക സിടി സ്‌കാൻ, വെന്റിലേറ്റർ സൗകര്യങ്ങളോടെ കാർഡിയാക് കെയർ യൂണിറ്റ്, തീവ്രപരിചരണ വിഭാഗം, ബ്ലഡ് ബാങ്ക് യൂണിറ്റ്, കാത്‌ലാബ്, ഡയാലിസിസ് യൂണിറ്റ്, പീഡിയാട്രിക് ഐസിയു, മൊബൈൽ ഡിസ്‌പെൻസറി തുടങ്ങിയ സേവനങ്ങൾ കുറഞ്ഞ ചെവലിൽ ലഭിക്കും.
മെഡിസിപ്പ് പദ്ധതിയിൽ സർക്കാർ ജീവനക്കാരും പെൻഷൻകാരും ജില്ലയിൽ എറ്റവും കൂടുതൽ ആശ്രയിക്കുന്നതും സാഗര ആശുപത്രിയെയാണ്. ആധുനിക കാഷ്യാലിറ്റി ബ്ലോക്ക് നിർമാണം പൂർത്തിയായി. കയർ–-മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ വനിതകൾക്ക് ചികിത്സാ ഇളവുണ്ട്. ഡോ. എൻ അരുൺ അഡ്‌മിനിസ്‌ട്രേറ്ററും ടി കെ ഗോപാലകൃഷ്‌ണൻനായർ സെക്രട്ടറിയുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..