24 April Wednesday

നഷ്‌ടമായത് മികച്ച സംഘാടകനെ

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

ഒ അഷറഫിന്റെ മൃതദേഹം സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ നേതൃത്വത്തിൽ 
രക്തപതാക പുതപ്പിക്കുന്നു

ആലപ്പുഴ
ആലപ്പുഴയിലെ രാഷ്‌ട്രീയ- സാമൂഹികരംഗത്തെ വേറിട്ട വ്യക്തിത്വമായിരുന്നു ഒ അഷറഫ്. മികച്ച സംഘാടകനെയാണ് അദ്ദേഹത്തിന്റെ വേർപാടോടെ നഷ്‌ടമായത്. 
  ഡിവൈഎഫ്ഐയിലൂടെ പൊതുരംഗത്തെത്തിയ അഷറഫ് എല്ലാ ജനവിഭാഗങ്ങളുടെയും സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങി. നർമംകലർന്ന സംഭാഷണവും പുഞ്ചിരിയോടെയുള്ള പെരുമാറ്റവും രാഷ്‌ട്രീയത്തിനതീതമായ സൗഹൃദങ്ങളുടെ ഉടമയാക്കി. ഡിവൈഎഫ്ഐ ആലപ്പുഴ ഏരിയ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ നന്നായി പ്രവർത്തിച്ച അഷറഫ് മൂന്ന് തവണ ആലപ്പുഴ നഗരസഭാംഗമായി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനായും തെരഞ്ഞെടുത്തു.
  വ്യാപാരി- വ്യവസായിസമിതി സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ആലപ്പുഴയിലെ ഇറച്ചി വ്യാപാരികളെ സംഘടിപ്പിച്ച് ആലപ്പി മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ കെട്ടിപ്പടുത്തു. ഇത് പിന്നീട് കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ എന്ന സംസ്ഥാന സംഘടനയായി. ടെലിഫോൺ ടവറിൽ ജോലി ചെയ്യുന്നവരെ സംഘടനയ്‌ക്ക്‌ കീഴിൽ അണിനിരത്താനുമായി. ലോറി ഡ്രൈവർമാരുടെയും ക്ലീനർമാരുടെയും അവകാശങ്ങൾക്കായി നിരന്തരം പോരാടി.
ഒന്നരമാസം മുമ്പ് കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരികെ ആലപ്പുഴയിൽ എത്തിയപ്പോൾ വീണ് തലയ്‌ക്ക് ഗുരുതര പരിക്കേറ്റു. ആലപ്പുഴ മെഡിക്കൽ കോളേജിൽ അടിയന്തരശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കി. വിദഗ്ധചികിത്സയ്‌ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വീട്ടിലേക്ക് മടങ്ങിയെങ്കിലും ന്യൂമോണിയ ബാധിച്ച് സ്ഥിതി വഷളായി. പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായർ പുലർച്ചെയായിരുന്നു അന്ത്യം. വൈകിട്ട് അഞ്ചിന് പടിഞ്ഞാറെ ഷാഫി ജുമ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ആർ സുഗതൻ സ്‌മാരകമന്ദിരത്തിൽ അനുശോചന യോഗം ചേർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top