16 September Tuesday
എ സി റോഡ്‌ നവീകരണം 
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രവൃത്തി വിലയിരുത്തി

അടുത്തവർഷം തീർക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

എസിറോഡ് നിർമാണപ്രവൃത്തി നെടുമുടിയിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിക്കുന്നു

സ്വന്തം ലേഖകൻ
ആലപ്പുഴ
എ സി റോഡ്‌ നവീകരണം നിശ്ചിത സമയപരിധിക്ക്‌ മുമ്പ്‌ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ്. കലക്‌ടറേറ്റില്‍ പദ്ധതി നിര്‍വഹണ പുരോഗതി അവലോകനയോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
  കരാര്‍ പ്രകാരം 2023 ജൂണിലാണ് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടത്. നിലവിലെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച മന്ത്രി 2022 ഡിസംബര്‍ 31ന് മുന്‍പ് പൂര്‍ത്തീകരിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അഞ്ച് എലിവേറ്റഡ് പാതകള്‍ക്ക് പുറമേ രണ്ടെണ്ണം കൂടി നിര്‍മിക്കും. എംഎല്‍എമാരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് പുതുക്കിയ ഡിസൈനും എസ്‌റ്റിമേറ്റും ഒക്‌ടോബര്‍ 10നുള്ളില്‍ കെഎസ്ടിപി സമര്‍പ്പിക്കണം. 
വികസന കമീഷണർ 
നോഡല്‍ ഓഫീസറാകും
ജില്ലാ വികസന കമീഷണറെ പദ്ധതിയുടെ നോഡല്‍ ഓഫീസറായി നിയോഗിക്കും.  ഗതാഗത അസൗകര്യങ്ങള്‍ ഉള്‍പ്പെടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും ഗതാഗതം തിരിച്ചുവിടുന്ന റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
ഗതാഗത നിയന്ത്രണത്തിനും സ്ഥലമേറ്റെടുപ്പിലും എംഎല്‍എമാരുടെയടക്കം ഇടപെടലുകള്‍ മാതൃകാപരമാണ്. പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങളെ അറിയിച്ച്  സുതാര്യത ഉറപ്പാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും -അദ്ദേഹം പറഞ്ഞു. 
  യോഗത്തില്‍ എംഎല്‍എമാരായ പി പി ചിത്തരഞ്‌ജന്‍, എച്ച് സലാം,  തോമസ് കെ തോമസ്, ജോബ് മൈക്കിള്‍,  കലക്‌ടര്‍ എ അലക്‌സാണ്ടര്‍, കെഎസ്ടിപി പ്രോജക്‌ട്‌ ഡയറക്‌ടര്‍ ശ്രീറാം സാംബശിവ റാവു എന്നിവരും  ഉദ്യോഗസ്ഥര്‍,  ഊരാളുങ്കല്‍  സൊസൈറ്റി പ്രതിനിധികളും പങ്കെടുത്തു.
പരാതികൾ 
പരിഹരിക്കും 
എസി റോഡ് നിർമാണം സംബന്ധിച്ച നാട്ടുകാരുടെ പരാതി പരിഹരിക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്. മങ്കൊമ്പ്‌ മേൽപ്പാല നിർമാണത്തിനായി നടക്കുന്ന പൈലിങ്‌ സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇവിടുത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് എലിവേറ്റഡ് ഹൈവേ ഉൾപ്പെടെ ആലപ്പുഴ–-ചങ്ങനാശേരി റോഡിന്റെ പ്രവൃത്തി . നിരവധി തവണ റോഡിന്റെ പ്രവൃത്തി പരിശോധിച്ചിരുന്നു. ആളുകൾ ചില പ്രയാസങ്ങൾ പറഞ്ഞു.  പരിഹാരമാർഗം തേടി കെഎസ്ടിപിയുമായി ചർച്ച നടത്തി. പരാതി പരഹരിക്കാൻ കഴിയും. 
  അഞ്ച് എലിവേറ്റഡ് പാതയിൽ മൂന്നാമത്തേതിന്റെ പൈലിങ്ങാണിവിടെ.  എല്ലാ ആഴ്‌ചയിലും മന്ത്രിയുടെ ഓഫീസിൽ പരിശോധന ഉണ്ടാകും. ചില വിഷയങ്ങൾ ആളുകൾ ഉന്നയിച്ചിട്ടുണ്ട് ഇതിനെല്ലാം പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എംഎൽഎമാരായ എച്ച് സലാം, തോമസ് കെ തോമസ്, ജോബ് മൈക്കിൾ, കെഎസ്ടിപി ഉദ്യോഗസ്ഥരും ഊരാളുങ്കൽ സൊസൈറ്റി ഭാരവാഹികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top