20 April Saturday

ഇരട്ടിയിലധികം യാത്രക്കാരെ കയറ്റിയ ബോട്ട് പിടിച്ചെടുത്തു

സ്വന്തം ലേഖകൻUpdated: Friday May 26, 2023

പിടിച്ചെടുത്ത ബോട്ട് തുറമുഖവകുപ്പ് ഉദ്യോഗസ്ഥർ ആര്യാട്​ യാർഡിലേക്ക് കൊണ്ടുവന്നപ്പോൾ

 
ആലപ്പുഴ 
അനുവദനീയമായതിന്റെ ഇരട്ടിയാളുകളെ കുത്തിനിറച്ച്​ യാത്രനടത്തിയ മോട്ടോർ ബോട്ട്​ പൊലീസ്​ സഹായത്തോടെ തുറമുഖവകുപ്പ് അധികൃതർ പിടിച്ചെടുത്തു. യാർഡിലേക്ക്​ മാറ്റിയ ബോട്ടിന്​ ​10,000 രൂപ പിഴയിട്ടു. സ്രാങ്കിന്റെയും ലാസ്‌കറിന്റെയും ലൈസൻസ്​ സസ്​പെൻഡ്​ ചെയ്‌തു. 30 യാത്രക്കാരെ മാത്രം കയറ്റാൻ ശേഷിയും അനുമതിയുമുള്ള ബോട്ടിൽ കുട്ടികളടക്കം 62 സഞ്ചാരികളുണ്ടായിരുന്നു. വ്യാഴം പകൽ 12.45ന് രാജീവ് ജെട്ടിക്ക് സമീപമാണ്‌ ബോട്ട് പിടിച്ചെടുത്തത്‌. തമിഴ്നാട്ടിൽനിന്നുള്ള സഞ്ചാരികളുമായി കായൽയാത്ര കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു ‘എബനേസർ’ എന്ന ബോട്ട്‌. 
 താനൂർ ബോട്ട്​ അപകടത്തിന്റെ പശ്ചാത്തലത്തിൽ പുന്നമടയിൽ ബോട്ട് സർവേ നടത്തിയ തുറമുഖവകുപ്പ് ഉദ്യോഗസ്ഥരാണ് ആളുകളെ കുത്തിനിറച്ച്​ യാത്രനടത്തിയ ബോട്ട്​ കണ്ടെത്തിയത്. താഴത്തെ നിലയിൽ 20 പേർക്കും മുകൾഭാഗത്ത്​ 10 പേർക്കും മാത്രമേ സഞ്ചരിക്കാൻ അനുമതിയുള്ളൂ. നിയമലംഘനം നടത്തിയ ബോട്ടിൽനിന്ന്​ സഞ്ചാരികളെ ഇറക്കി യാർഡിലേക്ക്​ മാറ്റണമെന്ന്​ തുറമുഖവകുപ്പ്  ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇത്​ ബോട്ട്​ ജീവനക്കാർ അംഗീകരിക്കാതിരുന്നതോടെ വാ​ക്കേറ്റവും സംഘർഷവുമുണ്ടായി. പിന്നീട്​ ടൂറിസം​ പൊലീസിനെ വിളിച്ചുവരുത്തി ബോട്ട്​ ബലമായി പിടിച്ചെടുക്കുകയായിരുന്നു. ടൂറിസം എസ്​ഐ പി ജയറാമിന്റെ നേതൃത്വത്തിലുള്ള സംഘം ബോട്ട് ജീവനക്കാരുമായി സംസാരിച്ചാണ്​ സംഘർഷമൊഴിവാക്കിയത്. 
 തുറമുഖവകുപ്പ്‌ ഉദ്യോഗസ്ഥരായ മരിയപോൾ, ഷാബു, അനിൽകുമാർ, ടൂറിസം പൊലീസുകാരായ അബീഷ് ഇബ്രാഹിം, സുധീർ, ശ്രീജ, ജോഷിത്തു എന്നിവർ അന്വേഷകസംഘത്തിലുണ്ടായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top