20 April Saturday

കിരൺകുമാറിന്‌ ആദ്യപൂട്ടിട്ടു, 
മഞ്ജുവിന്‌ അഭിമാന നിമിഷം

സ്വന്തം ലേഖകൻUpdated: Thursday May 26, 2022
തിരുവനന്തപുരം
സ്ത്രീധന പീഡനത്തിന്‌ ഇരയായി മരിച്ച വിസ്മയയുടെ ഭർത്താവ്‌ കിരൺകുമാർ അഴിക്കുള്ളിലാകുമ്പോൾ മഞ്ജുവിനും അഭിമാനമേറെ. കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌ ശൂരനാട്‌ സ്റ്റേഷനിൽ എസ്‌ഐയായിരുന്ന മഞ്ജു വി നായരാണ്‌. ശിക്ഷയുറപ്പിക്കും വിധത്തിൽ കിരൺകുമാറിനുമേൽ നിയമത്തിന്റെ ആദ്യ പൂട്ടിട്ടത്‌ മഞ്ജുവായിരുന്നു. കേസിന്‌ മേൽനോട്ടം വഹിച്ച ദക്ഷിണ മേഖല ഐജിയായിരുന്ന ഹർഷിത അട്ടല്ലൂരിക്ക്‌ പുറമെ അന്വേഷണ സംഘത്തിലെ ഏക വനിതാ ഉദ്യോഗസ്ഥയും മഞ്ജുവായിരുന്നു.
2021 ജൂൺ 21ന്‌ രാവിലെ എട്ടിന്‌ ഡ്യൂട്ടിക്ക്‌ എത്തിയപ്പോഴായിരുന്നു വിസ്മയയുടെ പിതാവ്‌ ത്രിവിക്രമൻനായരും മകൻ വിജിത്തും സ്റ്റേഷനിലേക്ക്‌ വന്നത്‌. ഒരു വർഷം മുമ്പ്‌ വിവാഹം ചെയ്‌തയച്ച മകൾ മരിച്ചുവെന്നറിയിക്കാനായിരുന്നു അവർ എത്തിയത്‌. വിശദമായി അവരുടെ പരാതി കേട്ട്‌ മൊഴി തയ്യാറാക്കിയ മഞ്ജു ഉടൻ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഇൻക്വസ്റ്റ്‌ നടപടികൾ പൂർത്തിയാകുമ്പോഴേക്കും വിസ്മയയുടെ മരണം ചാനലുകളിൽ വലിയ വാർത്തയായി നിറഞ്ഞു. പകൽ ഒന്നരയോടെയാണ്‌ ഇൻക്വസ്റ്റ്‌ നടപടികൾ പൂർത്തിയായത്‌. പിന്നീട്‌ തിരുവനന്തപുരത്ത്‌ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോയതും മഞ്ജുവിന്റെ നേതൃത്വത്തിലായിരുന്നു.
വിസ്മയയുടെയും കിരൺകുമാറിന്റെയും ബന്ധുക്കളുടെ മൊഴിയെടുത്തതോടെ സ്ത്രീധനത്തിന്റെ പേരിൽ പീഡനം നേരിട്ടെന്ന്‌ വ്യക്തമായി. വിസ്മയയുമായി പ്രശ്നമുണ്ടാക്കാറുണ്ടെന്നും കാറിന്റെ പേരിൽ തർക്കമുണ്ടായതായും കിരണിന്റെ അച്ഛൻ മൊഴി നൽകി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേസെടുത്ത ശേഷമാണ്‌ അന്വേഷണം ഡിവൈഎസ്‌പിക്ക്‌ കൈമാറിയത്‌. തുടർന്നുള്ള അന്വേഷണത്തിലും സജീവമായി മഞ്ജുവുണ്ടായിരുന്നു. അമ്മയുടെയും മറ്റ്‌ ബന്ധുക്കളുടെയുമെല്ലാം മൊഴിയെടുത്തും കുറ്റപത്രം തയ്യാറാക്കുന്നതിലടക്കം നിർണായക ഇടപെടൽ നടത്തിയും അന്വേഷണത്തിൽ സജീവമായി.
താൻ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽ ഒരുവർഷത്തിനുള്ളിൽ  ഇരയ്‌ക്ക്‌ നീതിയുറപ്പാക്കുന്ന വിധി വന്നത്‌ സന്തോഷകരമെന്ന്‌ മഞ്ജു. വിവാഹിതരായി ഭർതൃവീട്ടിലേക്ക്‌ പോകുന്ന പെൺകുട്ടികളുടെ ജീവിതം പറിച്ചുനടുന്ന ചെടിക്ക്‌ തുല്യമാണ്‌. ചിലത്‌ തളിർക്കും. ചിലത്‌ അതിജീവിക്കാതെ വാടിപ്പോകും. വീട്ടുകാരുടെ നിരന്തര ശ്രദ്ധയും കരുതലുമുണ്ടെങ്കിലേ പെൺകുട്ടിയുടെ ജീവിതം തളിർക്കൂവെന്ന്‌ മഞ്ജു പറയുന്നു. താങ്ങും തണലുമായി നിൽക്കാൻ സ്വന്തംവീട്ടുകാരും ഭർതൃവീട്ടുകാരും ഒപ്പമുണ്ടാകണമെന്നും മഞ്ജു പറയുന്നു.
എൽഡി ക്ലർക്കായി സർവീസിൽ പ്രവേശിച്ച മഞ്ജു 2018ലാണ്‌ പൊലീസ്‌ സർവീസിലെത്തിയത്‌. ആലപ്പുഴ ചാരുംമൂട്‌ സ്വദേശിയായ മഞ്ജു നിലവിൽ തിരുവനന്തപുരം റൂറൽ ഡിസിആർബിയിലാണ്‌. ഭർത്താവ്‌ ജയകുമാർ ശബരിമലയിൽ കരാറുകാരനാണ്‌. മക്കൾ: കല്യാണി, ലക്ഷ്‌മി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top