ആലപ്പുഴ
സംസ്ഥാനത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിനെ പുഷ്‌പവൃഷ്‌ടിയോടെ വരവേറ്റ് ജില്ല. തീരദേശപാതയിലെ കന്നിയാത്രയിൽ ആലപ്പുഴ സ്‌റ്റേഷനിലെത്തിയ വന്ദേഭാരതിനെ ജനപ്രതിനിധികളായ എച്ച് സലാം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
രാത്രി 8.05ന് എത്തിച്ചേരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 21 മിനിറ്റ് മുമ്പ് 7.44ന് വന്ദേഭാരത് സ്‌റ്റേഷനിലെത്തി. എറണാകുളത്ത് നിന്ന് 1.15 മണിക്കൂറുകൊണ്ടാണ് ആലപ്പുഴയിലെത്തിയത്. ഇതിൽ അര മണിക്കൂറോളം തുറവൂരും മാരാരിക്കുളത്തുമായി ട്രെയിൻ പിടിച്ചിട്ടു.
നിറയെ യാത്രക്കാരുമായാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വണ്ടിയെത്തിയത്. സ്‌ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് വന്ദേഭാരതിനെ വരവേൽക്കാൻ സ്‌റ്റേഷനിൽ തടിച്ചുകൂടിയത്. വന്ദേഭാരതിനോടൊപ്പം സെല്‍ഫിയെടുക്കാന്‍ സ്‌ത്രീകളും കുട്ടികളും തിരക്കുകൂട്ടി. 8.10 ഓടെ ട്രെയിൻ തിരുവനന്തപുരത്തേക്ക് തിരിച്ചു.
കായംകുളത്ത് സ്‌റ്റോപ്പ് വേണം
കായംകുളം
വന്ദേഭാരത് ട്രെയിനിന് കായംകുളത്ത് സ്‌റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു പ്രതിഭ എംഎൽഎ, മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽമന്ത്രിക്കും സതേൺ റെയിൽവേ ജനറൽ മാനേജർക്കും കത്ത് നൽകി. മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്‌റ്റേഷനുകളിലൊന്നാണ് കായംകുളം ജങ്‌ഷൻ. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റെയിൽവേ സ്‌റ്റേഷനാണ് കായംകുളം. ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടെ പ്രതിദിനം എത്തുന്നത് –- എംഎൽഎ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..