ഹരിപ്പാട്
കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ ബസുകൾ കയറ്റുന്നതിന് മുന്നോടിയായി പരീക്ഷണയോട്ടം തിങ്കളാഴ്‌ച നടത്തും. ഹരിപ്പാട് ഡിപ്പോയിലെ ബസുകൾ മാത്രമാകും പരീക്ഷണയോട്ടത്തിനുണ്ടാകുക. മറ്റ് ഡിപ്പോകളിൽനിന്നുള്ള വാഹനങ്ങൾ സ്‌റ്റാൻഡിലേക്ക് കയറ്റുന്നതിന് ദേശീയപാതയിൽ സൂചന-–-സുരക്ഷ ബോർഡുകൾ വേണം. കായംകുളം ഭാഗത്തുനിന്നുള്ള ബസുകൾ റെയിൽവേ റോഡിന്റെ എതിർവശത്തുകൂടി സ്‌റ്റാൻഡിലേക്കുള്ള പുതിയ റോഡിലൂടെയാണ് കടന്നുവരേണ്ടത്.
അഞ്ച് ദിവസം പരീക്ഷണയോട്ടം നടത്താനാണ് തീരുമാനം. ദേശീയപാതയിൽ ബോർഡുകൾ സ്ഥാപിക്കുകയും ഗതാഗതം തടസപ്പെടുത്തുന്ന തട്ടുകടകൾ നീക്കംചെയ്യുകയും ചെയ്‌താൽ അടുത്ത ദിവസങ്ങളിൽ മറ്റ് ഡിപ്പോകളിലെ വണ്ടികളും പരീക്ഷണാടിസ്ഥാനത്തിൽ സ്‌റ്റാൻഡിൽ കയറ്റാൻ കഴിയും.
ബസ് സ്‌റ്റാൻഡിൽ യാത്രക്കാർക്കുള്ള ഇരിപ്പടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്‌പോൺസറുടെ സഹായത്തോടെ ഏർപ്പെടുത്താൻ തുടങ്ങി. 30 ഇരിപ്പടമുണ്ടാകും.
സ്‌റ്റേഷൻമാസ്‌റ്റർ ഓഫീസിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ബസുകൾ സുരക്ഷിതമായി നിർത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനും സ്‌റ്റാൻഡിനുള്ളിൽ കൂടുതൽ വൈദ്യുതിവിളക്കുകൾ സ്ഥാപിക്കുന്നതിനും കരാർ ക്ഷണിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..