27 April Saturday

ഇക്കുറിയും പ്ലസ്‌വണ്ണിന്‌ 
അധികസീറ്റ്‌: മന്ത്രി

പ്രത്യേക ലേഖകൻUpdated: Saturday Jun 25, 2022

തിരുവമ്പാടി ഹയർ സെക്കൻഡറി സ്‍കൂൾ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്യുന്നു. എ എം ആരിഫ് എംപി, എച്ച് സലാം എംഎല്‍എ എന്നിവര്‍ സമീപം

ആലപ്പുഴ
 ഇക്കുറിയും പ്ലസ്‌ വണ്ണിന്‌ അധികസീറ്റ്‌ അനുവദിക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവമ്പാടി എച്ച്‌എസ്‌എസിൽ പുതുതായി നിർമിച്ച കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപരിപഠനത്തിന്‌ അർഹത നേടിയ എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുക എന്നാണ്‌ സർക്കാരിന്റെ നയം. കഴിഞ്ഞ വർഷം ഇത്‌ കൃത്യമായി നടപ്പാക്കി. ആദ്യം ചില ജില്ലകൾക്ക്‌ സീറ്റ്‌ വർധിപ്പിച്ചു നൽകി. ഇതും തികയാതെ വന്നപ്പോൾ 79 ബാച്ചുകൾ പുതുതായി അനുവദിച്ചു. ഇക്കുറിയും ഈ സമീപനം തന്നെയാണ്‌ സർക്കാരിന്‌.
കോവിഡ്‌ മൂലം മുടങ്ങിക്കിടന്ന എല്ലാ പാഠ്യേതര പ്രവർത്തനങ്ങളും ഇക്കുറി നടത്തും. കായിക, കലാ, ശാസ്‌ത്ര മേളകൾ പുനരാരംഭിക്കും. ഇതിനുള്ള ആലോചനകൾ നടക്കുന്നു. പരിഷ്‌കരിച്ച സിലബസിലുള്ള പാഠപുസ്‌തകങ്ങൾ രണ്ടു വർഷത്തിനകം പുറത്തിറങ്ങും. പത്തു വർഷമായി സിലബസ്‌ പരിഷ്‌കരണം നടത്തിയിട്ട്‌. സാമൂഹ്യ പ്രതിബദ്ധത, ഭരണഘടനാ മൂല്യം എന്നിവയ്‌ക്ക്‌‌ ഊന്നൽ നൽകിയുള്ള പാഠങ്ങൾ പുസ്‌തകത്തിലുണ്ടാകും. കർണാടകത്തിൽ പാഠ്യപദ്ധതി പരിഷ്‌കരിച്ചപ്പോൾ ഭഗത്‌സിങ്‌, ശ്രീനാരായണ ഗുരു എന്നിവരെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കി. എന്നാൽ കേരളത്തിൽ ഇതുണ്ടാകില്ല. നവോത്ഥാന മൂല്യങ്ങൾക്ക്‌ പ്രത്യേക പ്രാധാന്യം നൽകും. 
വിഷയത്തിൽ പ്രാവീണ്യമില്ലാത്ത അധ്യാപകൾ പാഠങ്ങൾ പഠിപ്പിക്കുന്നതായി പലയിടത്തും പരാതിയുണ്ട്‌. ഹിന്ദി പഠിച്ചവർ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നു തുടങ്ങിയ പരാതികളാണുള്ളത്‌. താൽക്കാലിക നിയമനത്തിലുൾപ്പെടെ വിഷയത്തിൽ പ്രാവീണ്യമുള്ളവരെ നിയമിക്കണമെന്ന്‌ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്‌.
എയഡ്‌ഡ്‌ മേഖലയെ മാറ്റിനിർത്തി പൊതുവിദ്യാഭ്യാസത്തിന്‌ മുന്നോട്ടുപോകാനാകില്ല. എന്നാൽ ചില ഉദ്യോഗസ്ഥർ എയ്‌ഡ‌ഡ്‌ സ്‌കൂളുകളോട്‌ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നുണ്ട്‌. രണ്ടു വർഷംവരെ ഫയലുകളിൽ തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നു. ഇത്‌ അടിയന്തരമായി അവസാനിപ്പിക്കും. മന്ത്രി പറഞ്ഞു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിർമിച്ച കെട്ടിടങ്ങൾ മന്ത്രി ഉദ്ഘാടനംചെയ്തു.
സ്‌കൂൾ ബോർഡ്‌ പ്രസിഡന്റ്‌ എൻ രവീന്ദ്രൻനായർ അധ്യക്ഷനായി. എ എം ആരിഫ്‌ എംപി, എച്ച്‌ സലാം എംഎൽഎ, ആർ വിനീത, ആർ രമേശ്‌, പി കെ ഹരികുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top