25 April Thursday
25,700 രോഗികള്‍ക്ക് വിദഗ്ധ ചികിത്സ

സമഗ്രമാകും പാലിയേറ്റീവ്‌രംഗം

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

മദർ തെരേസ പാലിയേറ്റീവ് ട്രെയിനിങ് സൊസൈറ്റി മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ജില്ലാ പഞ്ചായത്തിന്റെയും കിലയുടെയും നേതൃത്വത്തില്‍ സമഗ്ര പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് തുടക്കം. മദര്‍തെരേസ പാലിയേറ്റീവ് കെയര്‍ ട്രെയിനിങ്‌ സൊസൈറ്റി മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു.
ആദ്യഘട്ടത്തില്‍ മുഴുവന്‍ പഞ്ചായത്തുകളിലെയും പാലിയേറ്റീവ് നഴ്സുമാര്‍ക്കും ഫിസിയോതെറാപ്പിസ്‌റ്റുകള്‍ക്കും പരിശീലനം നല്‍കി. അവേക്ക് ചീഫ് മെന്റർ വിഷ്‌ണു ലോന ജേക്കബ്, എം ജി പ്രവീണ്‍ എന്നിവർ ക്ലാസെടുത്തു. രണ്ടാംഘട്ടത്തിൽ പഞ്ചായത്തുകളിൽ 50 പേരടങ്ങുന്ന പാലിയേറ്റീവ് വളണ്ടിയര്‍ സേന രൂപീകരിക്കും. ഇവരില്‍നിന്ന്‌ മികച്ച 500 പേരെ ഉൾപ്പെടുത്തി ജില്ലയിലെ പാലിയേറ്റീവ് രോഗീപരിചരണം ശക്തിപ്പെടുത്തും. ഗുണഭോക്താവില്‍നിന്ന്‌ പ്രതിഫലം ലഭിക്കുന്നതിനും ക്രമീകരണമുണ്ടാകും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിഡ്നി ഫൗണ്ടേഷന്‍ രൂപീകരിക്കും. ഓണ്‍ലൈന്‍ പാലിയേറ്റീവ് കെയര്‍ കണ്‍സള്‍ട്ടന്‍സിയും ആരംഭിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ 25,700 പാലിയേറ്റീവ് രോഗികള്‍ക്ക് ഡോക്‌ടറുമായി സംസാരിച്ച്‌ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം.
ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലും സന്നദ്ധരാകുന്ന മറ്റ് ആശുപത്രികളിലും പാലിയേറ്റീവ് വാര്‍ഡ്‌ നിർമിക്കാൻ ജില്ലാ പഞ്ചായത്ത് ഇടപെടും. ഇതിനായി എന്‍എച്ച്എമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും എന്‍ജിഒയുടെയും സഹായംതേടും.
 ജില്ലാ പഞ്ചായത്തിന്‌ കീഴിലുള്ള സ്‌കൂളുകളില്‍ സ്‌റ്റുഡന്റ്‌ പാലിയേറ്റീവ് വളണ്ടിയര്‍ പദ്ധതി നടപ്പാക്കും. മറ്റ് സ്‌കൂളുകളിലും കോളേജിലും പദ്ധതി വ്യാപിപ്പിക്കും. എല്ലാ പഞ്ചായത്ത്‌ വാര്‍ഡുകളിലും ഒരു ആശാ പ്രവർത്തകയ്‌ക്ക്‌ പ്രഥമശുശ്രൂഷ പരിശീലനം ജില്ലാ പഞ്ചായത്ത്‌ ട്രെയിനിങ്‌ സെന്റര്‍വഴി നൽകും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും പാലിയേറ്റീവ് കെയര്‍ പരിശീലനം നല്‍കാൻ സൊസൈറ്റി മുഖേന കഴിയും. ഇതിന്‌ ജില്ലാ ഫാക്കല്‍റ്റി ടീം രൂപീകരിക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ അഡ്വ. ബിപിന്‍ സി ബാബു അധ്യക്ഷനായി. മന്ത്രി പി  പ്രസാദ് ലോഗോ പ്രകാശിപ്പിച്ചു. സെക്രട്ടറി കെ ആര്‍ ദേവദാസ് പദ്ധതി വിശദീകരിച്ചു. 
അഡ്വ. ആര്‍ റിയാസ് പാലിയേറ്റീവ് പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം വി പ്രിയ, അഡ്വ. ടി എസ് താഹ, അംഗങ്ങളായ ബിനു ഐസക് രാജു, സജിമോള്‍ ഫ്രാന്‍സിസ്, ഡെപ്യൂട്ടി ഡിഎംഒ ശ്രീഹരി, ഡോ. രാധാകൃഷ്‌ണന്‍, അര്‍ച്ചന അപ്പുക്കുട്ടന്‍ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top