20 April Saturday

മിച്ചല്‍ ജങ്ഷന്‍ വികസനം; പൊതുവാദം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

മാവേലിക്കര മിച്ചൽ ജങ്ഷൻ വികസന പദ്ധതിയുടെ പുനരധിവാസ പാക്കേജ് പൊതുവാദത്തിൽ ഡെപ്യൂട്ടി കലക്‍ടർ ആർ സുധീഷ് സംസാരിക്കുന്നു

മാവേലിക്കര
മിച്ചൽ ജങ്ഷൻ വികസനത്തിന് മുന്നോടിയായുള്ള പുനരധിവാസ പാക്കേജിന്റെ ഭാഗമായി നഗരസഭാ കൗൺസിൽ ഹാളിൽ വെള്ളിയാഴ്ച പൊതുവാദം തുടങ്ങി. ഡെപ്യൂട്ടി കലക്ടർ ആർ സുധീഷ്, സ്‌പെഷ്യൽ തഹസീൽദാർ എൽഎ (ജനറൽ) എം കെ അജികുമാർ, ജൂനിയർ സൂപ്രണ്ട് സന്തോഷ്‌കുമാർ, റവന്യൂ ഇൻസ്‌പെക്ടർ ശങ്കർ, അൻസിൽ എന്നിവരാണ് പങ്കെടുക്കുന്നത്. പകൽ 11 മുതൽ മൂന്നുവരെ നടന്ന പൊതുവാദത്തിൽ ആകെ 84 പേരാണ് രേഖകൾ സമർപ്പിക്കേണ്ടിയിരുന്നത്. ഇവരിൽ 16 പേർ നേരത്തേ രേഖ കൈമാറി. 
28 പേരാണ് വെള്ളിയാഴ്‌ച രേഖകൾ നൽകിയത്. ശേഷിച്ച 40 പേർക്ക് വ്യക്തമായ രേഖകൾ ഹാജരാക്കാനായില്ല. ഇവർക്ക് തിങ്കളാഴ്ച ഒരവസരം കൂടിയുണ്ട്. അടുത്തഘട്ടത്തിൽ പാക്കേജ് ലാൻഡ് റവന്യു കമ്മീഷണർക്ക് അംഗീകാരത്തിനായി അയക്കും. കെട്ടിടങ്ങളുടെ വില നിശ്ചയിക്കാൻ പൊതുമരാമത്തിന് നിർദേശം നൽകി. സർക്കാർ തുക അനുവദിച്ച ശേഷം ഉടമകൾക്ക് നഷ്ടപരിഹാര തുക കൈമാറും.
ഏറ്റെടുക്കേണ്ടി വരുന്ന പുരയിടങ്ങളുടെ ഉടമസ്ഥർക്ക് 2013ലെ ഭൂമി ഏറ്റെടുക്കൽ അവകാശ നിയമം അനുസരിച്ച് നഷ്ടപരിഹാരവും പുനഃസ്ഥാപനവും ലഭിക്കും. മാവേലിക്കര വില്ലേജിൽ 57.08 ആർസ് ഭൂമിയാണ് വികസനത്തിനായി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്. 115 പുരയിടങ്ങളും മൂന്ന്‌ പുറമ്പോക്കുകളും ഏറ്റെടുക്കേണ്ടി വരും. വാടകയ്ക്ക് കടകൾ നടത്തുന്നവർക്ക് 50,000 രൂപയും അംഗീകൃത തൊഴിലാളികൾക്ക് 36,000 രൂപയും വീടുകൾക്ക് 4,60,000 രൂപയും ലഭിക്കും.
സാമൂഹികാഘാത പഠനത്തിൻ മേലുള്ള പൊതുവാദത്തിലെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് പഠനത്തിന്റെ അന്തിമ റിപ്പോർട്ട് വിദഗ്ധ സമിതിക്ക് മുന്നിൽ സമർപ്പിച്ചത്.
25 കോടി ചെലവുള്ള മാവേലിക്കര മിച്ചൽ ജങ്ഷൻ വികസന പദ്ധതി 2017-–-18 ലെ സംസ്ഥാന ബജറ്റിലാണ് ഉൾപ്പെടുത്തിയത്. എം എസ് അരുൺകുമാർ എംഎൽഎയുടെ നിരന്തര ഇടപെടലാണ് പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top