29 March Friday

ജൈവകർഷക വാണിക്ക്‌ 
വീണ്ടും പുരസ്‌കാരനേട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

വാണി തന്റെ കൃഷിത്തോട്ടത്തിൽ

ഹരിപ്പാട്
സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്‌കാരം ഹരിപ്പാട്ടെ ജൈവകർഷക വാണി വിജിത്തിന്. വാണിയെ 2019ൽ സംസ്‌ഥാന സർക്കാർ മികച്ച യുവ കർഷകയായും തെരഞ്ഞെടുത്തിരുന്നു. മുനിസിപ്പാലിറ്റി 27–-ാം വാർഡിൽ പാലക്കുളങ്ങര മഠത്തിൽ പരേതനായ ആർ വാസുവിന്റെയും തങ്കമണിയുടെയും മകളാണ്‌. 
മണ്ണുത്തി കാർഷിക കോളേജിൽനിന്ന് ബിഎസ്‌സി അഗ്രിക്കൾച്ചർ കഴിഞ്ഞ്‌ പോണ്ടിച്ചേരിയിൽ ബിരുദാനന്തരബിരുദത്തിന്‌ പഠിക്കുമ്പോൾ അച്ഛൻ വാസുവിന്റെ പരിചരണത്തിനായി പഠനം പാതിവഴിയിൽ നിർത്തി. നാട്ടിലെത്തിയതോടെയാണ് വാണി ജൈവകൃഷിയിലേക്ക്‌ തിരിഞ്ഞത്. 
ഡാണാപ്പടി പുതിയ പാലത്തോട് ചേർന്ന് ദേശീയപാതയോരത്തുള്ള 4.5 ഏക്കർ പുരയിടത്തിലാണ് കൃഷിത്തോട്ടം. ജൈവ വിപണനകേന്ദ്രവും ഇതിനൊപ്പമുണ്ട്‌. ജൈവ കൃഷിരീതിയിൽ 32 ഇനം പച്ചക്കറികൾ, പശുക്കൾ, മത്സ്യങ്ങൾ, താറാവുകൾ, 12 തരം വാഴകൾ, 32 ഇനം മുളക്‌ എന്നിവയാണ് ഈ മുപ്പത്തെട്ടുകാരിയുടെ കൃഷിയിടത്തിലുള്ളത്‌. ചെറുകിട നഴ്സറി, ജൈവകൃഷി പാഠശാല, ജൈവകർഷക കൂട്ടായ്മ, മൂല്യവർധിത ഉൽപ്പന്ന ഉൽപ്പാദനം, നാടൻവിത്തുകളുടെ സംരക്ഷണം, ജൈവവള ഉൽപ്പാദനം എന്നിവയ്‌ക്കൊപ്പം ഇക്കോഷോപ്പും നടത്തുന്നുണ്ട്. 
ജൈവകർഷകരുടെ ഉൽപ്പന്നങ്ങൾക്ക്‌ ന്യായവില നൽകി സംഭരിച്ച്‌ വിപണനം നടത്താനും വാണിക്ക്‌ കഴിയുന്നുണ്ട്. സാമൂഹ്യപ്രവർത്തകകൂടിയായ വാണിയുടെ ഭർത്താവ് വിജിത്തിന്റെ പിന്തുണയും ഈ വിജയത്തിന് പിന്നിലുണ്ട്.
പുരസ്‌കാര വിതരണം ഇന്ന്
ആലപ്പുഴ 
സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്‌കാരം ശനി പകൽ ഒന്നിന് ആലപ്പുഴ ടൗൺഹാളിൽ  മന്ത്രി സജി ചെറിയാൻ വിതരണംചെയ്യും. എച്ച് സലാം എംഎൽഎ അധ്യക്ഷനാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top