ചേർത്തല
വേർപിരിഞ്ഞ ദമ്പതികൾ ഹൈക്കോടതി ഉത്തരവനുസരിച്ച് കുട്ടികളെ കൈമാറാൻ എത്തിയപ്പോഴുണ്ടായ തർക്കം കൂട്ടയടിയിൽ കലാശിച്ചു. ചേർത്തല കോടതിവളപ്പിൽ 22-ന് രാവിലെയായിരുന്നു സംഭവം. ഇരുപക്ഷത്തെയും സ്‌ത്രീകളുടെ പരാതിയിൽ പൊലീസ് രണ്ട് കേസെടുത്തു.
വയലാർ സ്വദേശിനി അഞ്ജലിമേനോനും അച്ഛൻ വാസുദേവമേനോനുമാണ് കുട്ടികളെ കൈമാറാൻ എത്തിയത്. ഭർത്താവ് പട്ടണക്കാട് സ്വദേശി ഗിരീഷുമായി അകന്നുകഴിയുകയാണ് യുവതി. ഇവരുടെ വിവാഹബന്ധം വേർപിരിയൽകേസ് ആലപ്പുഴ കുടുംബക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെ ഗിരീഷ് ഹൈക്കോടതിയെ സമീപിച്ച് കുട്ടികളെ ആഴ്‌ചയിൽ രണ്ടുനാൾ ഒപ്പം ലഭിക്കാൻ ഉത്തരവുനേടി.
അതിൻപ്രകാരമാണ് യുവതിയും അച്ഛനും കുട്ടികളോടൊപ്പം ചേർത്തല കോടതിവളപ്പിൽ എത്തിയത്. കാറിൽനിന്ന് കുട്ടികളെ ഇറക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൈയാങ്കളിയിലെത്തിയത്. കോടതി അവധിയായതിനാൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. കുട്ടികൾ കാറിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ചതോടെ ഭർതൃവീട്ടുകാർ ബലം പ്രയോഗിക്കുകയും എതിർത്ത തങ്ങളെ അടിച്ചുവീഴ്‌ത്തിയെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
സമീപത്തെ ഓട്ടോസ്‌റ്റാൻഡിലെ തൊഴിലാളികളും കോതിക്കകവലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ചേർന്നാണ് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയത്. തലയ്‌ക്കും വയറിനും പരിക്കേറ്റ അഞ്ജലി താലൂക്കാശുപത്രിയിൽ ചികിത്സതേടി. ഇവരുടെ പരാതിയിൽ ഗിരീഷിനും സഹോദരി ലീനക്കുട്ടിക്കും ബന്ധുക്കൾക്കും എതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കോടതി ഉത്തരവ് ലംഘിക്കുകയും തങ്ങളെ ആക്രമിക്കുകയും ചെയ്‌തെന്ന ലീനക്കുട്ടിയുടെ പരാതിയിൽ അഞ്ജലിക്കും അച്ഛനുമെതിരെ കേസെടുത്തെന്ന് പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..