26 April Friday

കോർപറേറ്റ്‌ മുതലാളിത്തം മാധ്യമങ്ങളെ വിഴുങ്ങി

സ്വന്തം ലേഖകൻUpdated: Wednesday May 24, 2023

ആലപ്പുഴ മഹോത്സവത്തിന്റെ ഭാഗമായി ടൗൺഹാളിൽ നടത്തിയ "മാധ്യമ സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണകൂടവും' സെമിനാർ ജി സുധാകരൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കോർപറേറ്റു മുതലാളിത്തം മാധ്യമങ്ങളെ വിഴുങ്ങിയിരിക്കയാണെന്നും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള കടമ മാധ്യമങ്ങൾക്കു നിർവഹിക്കാനാകുന്നില്ലെന്നും സുശീലാ ഗോപാലൻ പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച ‘ മാധ്യമസ്വാതന്ത്ര്യവും ഇന്ത്യൻ ഭരണകൂടവും’ സെമിനാർ അഭിപ്രായപ്പെട്ടു. .
ബിജെപി സർക്കാരിന്റെ കീഴിൽ മാധ്യമസ്വാതന്ത്ര്യം അപകടത്തിലാണെന്ന്‌ സെമിനാർ ഉദ്‌ഘാടനം ചെയ്‌ത മുൻമന്ത്രി ജി സുധാകരൻ പറഞ്ഞു. അതിനെ ശക്തമായി എതിർക്കുമ്പോൾതന്നെ അടിയന്തരാവസ്ഥക്കാലത്ത്‌ മാധ്യമസ്വാതന്ത്ര്യം  ഹനിക്കപ്പെട്ട കാര്യം മറക്കരുത്‌. ‘നാവടക്കൂ പണിയെടുക്കൂ’ എന്ന മുദ്രാവാക്യമുയർത്തിയ അക്കാലത്ത്‌ സെൻസർ കണ്ടിട്ടേ വാർത്തയും മുഖപ്രസംഗങ്ങളും പ്രസിദ്ധീകരിക്കാൻ അനുവദിച്ചിരുന്നുള്ളൂ. 
പണം മുടക്കുന്നവന്റെ കാഴ്‌ചപ്പാടാണ്‌ മാധ്യമങ്ങളിൽ വരുന്നതെന്ന്‌ സെമിനാറിൽ അധ്യക്ഷനായ മുൻ വിവരാവകാശകമീഷണർ കെ വി സുധാകരൻ പറഞ്ഞു. 2014ൽ ടി വി 18 ചാനലിനെ അംബാനി വിഴുങ്ങിയതിനു സമാനമായി എൻഡിടിവിയെ അദാനി നിയന്ത്രണത്തിലാക്കി. 
ഉത്തരേന്ത്യൻ ചാനലുകളും പത്രങ്ങളും ഹിന്ദുത്വചാനലുകളും ഹിന്ദുത്വപത്രങ്ങളുമായി മാറിയത്‌  ബിജെപിയുടെ വളർച്ചയെ സഹായിച്ചുവെന്ന്‌ വിഷയം അവതരിപ്പിച്ച മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു പറഞ്ഞു. വന്ദേഭാരതിനെക്കാൾ കൂടുതൽ മുതൽമുടക്കുള്ള വാട്ടർ മെട്രോയോ സയൻസ്‌ പാർക്കോ കേരളത്തിലെ മാധ്യമങ്ങൾക്ക്‌ വാർത്തയാകാതെ പോയത്‌ അവരുടെ പക്ഷപാതിത്വം തുറന്നുകാട്ടുന്നുവെന്നും ആർ എസ്‌ ബാബു പറഞ്ഞു. 
സത്യം സത്യമായി പറയാൻ മാധ്യമങ്ങൾക്കു കഴിയില്ലെന്നും അതുകൊണ്ട്‌ മാധ്യമങ്ങൾ സത്യം പറയുന്നില്ലെന്നു പരിതപിക്കുന്നതിൽ അർഥമില്ലെന്നും ഡോ. പ്രേംകുമാർ പറഞ്ഞു. സമാന്തരവാർത്ത ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാധ്യമസംസ്‌കാരം ഈ സാഹചര്യത്തിൽ ഇടതുപക്ഷം ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി ആലപ്പുഴ ബ്യൂറോ ചീഫ്‌ ലെനി ജോസഫ്‌ സ്വാഗതവും റിപ്പോർട്ടർ ബി സുശിൽകുമാർ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top