19 April Friday
തോട്ടപ്പള്ളി സ്‌പിൽവേ

ലക്ഷ്യം രാഷ്‌ട്രീയ നേട്ടം

സ്വന്തം ലേഖകൻUpdated: Sunday May 24, 2020
ആലപ്പുഴ
കുട്ടനാടിനെ മറ്റൊരു പ്രളയത്തിൽനിന്ന്‌ രക്ഷിക്കാൻ തോട്ടപ്പള്ളിയിലെ നീരൊഴുക്ക്‌ സുഗമമാക്കി സർക്കാർ മുന്നൊരുക്കം നടത്തുമ്പോൾ  രാഷ്‌ട്രീയ ലക്ഷ്യവുമായി കോൺഗ്രസ്‌, -ബിജെപി, -ജാതി, മത, വർഗീയ, തീവ്രവാദ സംഘടനകളും  ഒപ്പം കപട പരിസ്ഥിതി വാദികളും. 
നീരൊഴുക്കിന്‌ തടസമായ കാറ്റാടി മരങ്ങൾ മുറിച്ചുനീക്കാൻ എത്തിയവരെ വ്യാഴാഴ്‌ച തടയാൻ ശ്രമിച്ചു. അരിശം തീരാഞ്ഞ്‌ അടുത്തദിവസം മന്ത്രി ജി സുധാകരന്റെ ഓഫീസിനും വീടിനും നേരെ അക്രമം നടത്തി. ഒടുവിൽ  തീരദേശ ഹർത്താൽ പ്രഖ്യാപനവും. 
 പ്രളയ മുന്നൊരുക്കത്തിൽ സർക്കാർ വീഴ്‌ചവരുത്തിയെന്ന്‌ ആരോപിച്ച്‌ കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ കൂടിയായ മാവേലിക്കര എംപി പുന്നമടക്കായലിൽ ബോട്ടിൽ ഉല്ലാസയാത്ര നടത്തി പ്രതിഷേധിച്ചതിനു പിന്നാലെയാണ്‌ കോൺഗ്രസുകാർ തോട്ടപ്പള്ളിയിൽ സമരത്തിനിറങ്ങിയത്‌. 
കുട്ടനാടിനെ പ്രളയത്തിൽനിന്ന്‌ രക്ഷിക്കാനാണ്‌ തോട്ടപ്പള്ളി സ്‌പിൽവേ നിർമിച്ചത്‌. എല്ലാ വർഷവും മഴക്കാലത്തിനു മുമ്പ്‌ നീരൊഴുക്ക്‌ സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കാറുണ്ട്‌. 2018ലെ മഹാപ്രളത്തിനും, കഴിഞ്ഞവർഷത്തെ വെള്ളപ്പൊക്കത്തിനും പിന്നാലെ മണ്ണും എക്കലും അടിഞ്ഞ്‌ നീരൊഴുക്ക്‌ തടസപ്പെട്ടിരുന്നു.  തോട്ടപ്പള്ളിയിലെ നീരൊഴുക്ക്‌ സുഗമമായി തടസങ്ങൾ നീങ്ങിയാൽ കുട്ടനാടിലെ ജലനിരപ്പ്‌ താഴുമെന്ന്‌ കഴിഞ്ഞവർഷത്തെ വെള്ളപ്പൊക്കത്തിലും വ്യക്തമായതാണ്‌. ജലനിരപ്പുയർന്നപ്പോൾ തോട്ടപ്പള്ളിയിലെ തടസങ്ങൾ നീക്കിയാണ്‌ കുട്ടനാടിനെ രക്ഷിച്ചത്‌.
വെള്ളപ്പൊക്കം ഒഴിവാക്കാൻ തടസങ്ങൾ നീക്കണമെന്ന്‌ ദുരന്ത നിവാരണ അതോറിറ്റി കർശന നിർദ്ദേശമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കനാലുകളിലെയും തോടുകളിലെയുമൊക്കെ തടസങ്ങൾ നീക്കുന്ന നടപടികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്‌.‌ തോട്ടപ്പള്ളി സ്‌പിൽവേയിൽ മണ്ണെടുത്ത്‌ ആഴം കൂട്ടാനും പൊഴിയുടെ വീതി കുട്ടാൻ കാറ്റാടി മരം വെട്ടിമാറ്റുന്ന നടപടികളും ആരംഭിച്ചു‌‌. മണ്ണുനീക്കുന്നത്‌ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ ആണ്‌‌. ഇതിനെയാണ്‌ സ്ഥിരം കരിമണൽ ഖനന മേഖലയാക്കാനാണെന്ന നുണപ്രചാരണവുമായി ഈ സംഘങ്ങൾ കൈകോർത്തത്‌. 
തോട്ടപ്പളളിയെ സുവർണാവസരമായി കണ്ട്‌ രംഗത്തിറങ്ങിയ കോൺഗ്രസ്‌–- ബിജെപി സംഘങ്ങൾക്കൊപ്പം കലാപം മുൻനിർത്തി ഇറങ്ങാറുള്ള എസ്‌ഡിപിഐയും പോപ്പുലർ ഫ്രണ്ടുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top