29 March Friday
വികസനോന്മുഖ ബജറ്റുമായി ജില്ലാ പഞ്ചായത്ത്

സ്‌മാർട്ട്‌ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ്‍പ്രസിഡന്റ് ബിപിൻ സി ബാബു അവതരിപ്പിക്കുന്നു

ആലപ്പുഴ
സ്‌മാർട്ടായി മുന്നേറാനാകുന്ന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്‌ ബജറ്റ്‌. വികസനത്തുടർച്ചയ്‌ക്ക്‌ ഉതകുന്നതും സമഗ്രമേഖലകളെയും സ്‌പർശിക്കുന്നതും ജനപ്രിയവുമായ പദ്ധതികൾ അടങ്ങുന്ന 2023–-24 വർഷത്തെ ബജറ്റ്‌ വൈസ്‌പ്രസിഡന്റ്‌ ബിപിൻ സി ബാബുവാണ്‌ അവതരിപ്പിച്ചത്‌. വനിതാക്ഷേമം, കാർഷിക–-തൊഴിൽ മേഖലകളിൽ വൻ മുന്നേറ്റം നടത്തുന്നതടക്കമുള്ള പദ്ധതികളാണ്‌ നിർദേശിച്ചിരിക്കുന്നത്‌. കുട്ടനാട്ടിൽ നെല്ല്‌ സംഭരണകേന്ദ്രം, മിനി ഡയറി ഫാം, മിനി ഐടി പാർക്ക്‌, കുടുംബശ്രീ പൊതുവിപണനകേന്ദ്രം, ലൈഫ്‌ ഭവനപദ്ധതി, വർക്കിങ്‌ വിമെൻ ഹോസ്‌റ്റൽ, ഷീ ഫിറ്റ്‌നസ്‌ സെന്റർ, ഹൈടെക്‌ അങ്കണവാടി, ഡിജിറ്റൽ സേവനങ്ങൾ പരിശീലിപ്പിക്കുന്ന സ്‌മാർട്ട്‌ വിമെൻ പദ്ധതി, കരുതലോടെ കൂടൊരുക്കാം സമഗ്രവിദ്യാഭ്യാസ പദ്ധതി, മാരകരോഗം ബാധിച്ച സ്‌കൂൾക്കുട്ടികൾക്ക്‌ ചികിത്സാസഹായം, ഹരിതകര്‍മസേന–-പരിസ്ഥിതിസൗഹൃദ സംരംഭങ്ങള്‍, പരമ്പരാഗത കലാരൂപങ്ങളിൽ പരിശീലനം, തോപ്പിൽ ഭാസി സ്‌മാരക കലാപഠനക്കളരി, എസ്‌എൽ പുരം സ്‌മാരക സ്‌മൃതിമണ്ഡപം, വനിതകൾക്ക്‌ ക്യാൻസർ നിർണയം –- തുടർചികിത്സ, ജില്ലാ ആശുപത്രികളിൽ ഡയാലിസിസ്‌ യൂണിറ്റ്‌, കുടിവെള്ള പൈപ്പ്‌‌ലൈൻ ദീർഘിപ്പിക്കൽ, സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ആർഒ പ്ലാന്റ്‌, സോളാർ പാനലുകൾ സ്ഥാപിക്കൽ, കാർബൺ ന്യൂട്രൽ പദ്ധതി, വൈദ്യുതിലൈൻ വ്യാപനം, റോഡുകളുടെയും പാലങ്ങളുടെയും നിർമാണം, പട്ടികജാതി കോളനി സമഗ്രവികസനം, പി കെ കാളൻ മാതൃകയിൽ ഉപജീവനപദ്ധതി തുടങ്ങിയവ ശ്രദ്ധേയ നിർദേശങ്ങളാണ്‌. 
   ആകെ 124,74,78,432 രൂപ വരവും 122,98,60,000 രൂപ ചെലവും 1,76,18,432 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ്‌ ബജറ്റ്‌. ചർച്ചയ്‌ക്കുശേഷം ബജറ്റ്‌ പാസാക്കി. പ്രസിഡന്റ്‌ കെ ജി രാജേശ്വരി അധ്യക്ഷയായി. സെക്രട്ടറി കെ ആർ ദേവദാസ്‌ സ്വാഗതം പറഞ്ഞു.

85 ശതമാനം പദ്ധതികളും 
പൂർത്തിയാക്കി: കെ ജി രാജേശ്വരി

ആലപ്പുഴ
ലൈഫ് മിഷൻ, തൊഴിൽമേള, പട്ടികജാതി–-വർഗക്കാർക്കുള്ള സഹായങ്ങൾ, കുടുംബശ്രീ ഐടി സ്റ്റാർട്ട് അപ്പ്,  മത്സ്യത്തൊഴിലാളി സഹായം തുടങ്ങിയ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനങ്ങൾ എന്നിവ കഴിഞ്ഞ ബജറ്റിലെ മികവുറ്റ പ്രവർത്തനങ്ങളായിരുന്നുവെന്ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി. ബജറ്റ്‌ അവതരണയോഗത്തിൽ അധ്യക്ഷതവഹിച്ച്‌ സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ ബജറ്റിലെ 85 ശതമാനം പദ്ധതികളും പൂർത്തിയാക്കിയതായും രാജേശ്വരി പറഞ്ഞു.

കുട്ടനാട്ടിൽ ആധുനിക 
നെല്ല് സംഭരണകേന്ദ്രം

ആലപ്പുഴ
ജില്ലാ പഞ്ചായത്ത്‌ ബജറ്റിൽ കുട്ടനാട്ടിലെ കർഷകരുടെ നെല്ല് നശിക്കാതിരിക്കാൻ ആധുനിക സംഭരണകേന്ദ്രം സ്ഥാപിക്കാൻ 25 ലക്ഷം രൂപയും പാടശേഖരങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനായി ഒരുകോടിയും നാളികേരകൃഷി പ്രോത്സാഹിപ്പിക്കാനും തെങ്ങ്‌ നഴ്സറി സ്ഥാപിക്കാനുമായി 20 ലക്ഷവും വകയിരുത്തി.
  നെൽകൃഷി കൂലിച്ചെലവ് സബ്സിഡിക്കായി 1.25 കോടിയും വനിതാ ഗ്രൂപ്പുകൾ വഴി പച്ചക്കറികൃഷി ആരംഭിക്കാൻ 46 ലക്ഷം രൂപയും മടവീഴുന്ന പാടശേഖരങ്ങളിൽ എമർജെൻസി പമ്പ് വാങ്ങാൻ 20 ലക്ഷം രൂപയും നീക്കിവച്ചു. പാടശേഖരസമിതികൾക്ക് സബ് മേഴ്സിബൾ പമ്പ് വാങ്ങാൻ 50 ലക്ഷവും ഫലവർഗ കൃഷിവ്യാപനത്തിനായി 30 ലക്ഷവും വകയിരുത്തി.
ഗ്രീൻ ആർമി രൂപീകരിക്കാനുള്ള ഹരിതകിരണം പദ്ധതിക്ക്‌ 10 ലക്ഷവും തരിശുരഹിത ജില്ലയെന്ന ലക്ഷ്യം കൈവരിക്കാനായി 25 ലക്ഷം രൂപയും വകയിരുത്തി.

"കാവൽ' പദ്ധതിക്കായി 40 ലക്ഷം 

ആലപ്പുഴ
വനിതകൾക്ക് അർബുദ നിർണയം നടത്തി തുടർചികിത്സ ഉറപ്പാക്കുന്ന "കാവൽ' പദ്ധതിക്കായി 40 ലക്ഷം രൂപയും ആർദ്രം പദ്ധതിയിൽ കുടുംബാരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 20 ലക്ഷം രൂപയും നീക്കിവച്ചു. പഞ്ചായത്തുകളുടെ പാലിയേറ്റീവ് പരിചരണപദ്ധതിയെ സഹായിക്കാൻ 72 ലക്ഷം രൂപയും പാലിയേറ്റീവ് ഗ്രാമം പദ്ധതിക്ക്‌ 10 ലക്ഷം രൂപയും വൃക്കരോഗികൾക്ക് ഡയാലിസിസ് നടത്താനും അവയവമാറ്റത്തിന് വിധേയരായവർക്ക് ജീവൻരക്ഷാമരുന്നുകൾ വാങ്ങാനും ഒരുകോടി രൂപയും വകയിരുത്തി.
ആശാവർക്കർമാർക്ക് ആരോഗ്യപരിശോധനാ കിറ്റും യൂണിഫോമും നൽകാനുള്ള ജീവനം പദ്ധതിക്ക്‌ 30 ലക്ഷം രൂപയും വകയിരുത്തി. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് കൺസ്യൂമബിൾസ് വാങ്ങാൻ 30 ലക്ഷം രൂപയും ലാബ്, റേഡിയോളജി, ബ്ലഡ് സെന്റർ എന്നിവയിലേക്ക് റീ ഏജന്റും കൺസ്യൂമബിൾസും വാങ്ങുന്നതിനായി 25 ലക്ഷം രൂപയും അർബുദ ചികിത്സാകേന്ദ്രത്തിലേക്ക് മരുന്നു വാങ്ങാൻ 25 ലക്ഷം രൂപയും ബയോമെഡിക്കൽ മാലിന്യനിർമാർജനത്തിനായി 10 ലക്ഷം രൂപയും വനിതാ വാർഡ് ആധുനികവൽക്കരിക്കാൻ 50 ലക്ഷം രൂപയും വകയിരുത്തി. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ദൈനംദിന ചെലവുകൾക്കായി 30 ലക്ഷം രൂപയും മരുന്ന്, ലാബ് റീ ഏജന്റ് വാങ്ങാൻ 20 ലക്ഷം രൂപയും സെക്കൻഡറി പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി 8.5 ലക്ഷം രൂപയും ബയോമെഡിക്കൽ മാലിന്യനിർമാർജനത്തിനായി എട്ടുലക്ഷം രൂപയും പേവാർഡ് സംവിധാനം മെച്ചപ്പെടുത്താൻ 25 ലക്ഷം രൂപയും ചികിത്സാ ഉപകരണങ്ങൾ വാങ്ങാൻ 10 ലക്ഷം രൂപയും ജില്ലാ ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കാൻ 40 ലക്ഷം രൂപയും നീക്കിവച്ചു.

ഐടി പാര്‍ക്കിന്‌ അരക്കോടി

ആലപ്പുഴ
മിനി ഐടി പാർക്ക് സ്ഥാപിക്കാൻ 50 ലക്ഷം രൂപയും തൊഴിൽമേള സംഘടിപ്പിക്കാൻ 10 ലക്ഷം രൂപയും നീക്കിവച്ചു. മൊബൈൽ റെസ്റ്റോറന്റ് തുടങ്ങുന്നതിന് ഗ്രൂപ്പുകൾക്ക് ധനസഹായം നൽകാൻ 10 ലക്ഷം രൂപയും പ്രവാസജീവിതം നിർത്തി തിരികെവന്നവർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ 20 ലക്ഷം രൂപയുമുണ്ട്‌.
പ്രാദേശിക സമ്പത്തികവികസനരംഗത്ത് തൊഴിൽദായക സംരംഭങ്ങൾ ആരംഭിക്കാൻ സഹായം നൽകാൻ 25 ലക്ഷം രൂപയും ഖാദി കേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി 20 ലക്ഷം രൂപയും ജില്ലയിലെ കുടുംബശ്രീ ഗ്രൂപ്പുകളുടെ ഉൽപ്പന്നങ്ങൾ പ്രത്യേകം ബ്രാൻഡാക്കി വിപണനം നടത്താൻ പൊതുവിപണനകേന്ദ്രം സ്ഥാപിക്കാൻ 25 ലക്ഷം രൂപയും വനിതാ ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ ധനസഹായം നൽകാൻ ഒരുകോടി രൂപയും വനിതാ ഗ്രൂപ്പുകൾക്ക് നൈപുണ്യ പരിശീലനം നൽകാൻ 25 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്‌. പഞ്ചായത്തുകളുടെ തൊഴിൽദായക പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത് വിഹിതം നൽകാൻ 25 ലക്ഷം രൂപയും കയർ സഹകരണസംഘങ്ങളുടെ ആധുനികവൽക്കരണത്തിന് സഹായം നൽകാൻ 20 ലക്ഷം രൂപയും വകയിരുത്തി. 

ഷീ ഫിറ്റ്നസ് സെന്റര്‍, സ്‌മാര്‍ട്ട് വിമെൻ പദ്ധതി

ആലപ്പുഴ
ജില്ലാ പഞ്ചായത്തിന്റെ സ്ത്രീസൗഹൃദ കേന്ദ്രത്തിൽ വർക്കിങ്‌ വിമെൻസ് ഹോസ്റ്റൽ സ്ഥാപിക്കാൻ 25 ലക്ഷം രൂപ വകയിരുത്തി. അനുപൂരക പോഷകാഹാര പരിപാടിക്കായി 1.25 കോടിയും ജെൻഡർ പാർക്കിനായി അഞ്ചുലക്ഷവും നീക്കിവച്ചു.
   ജില്ലാ പഞ്ചായത്ത് ഘടകസ്ഥാപനങ്ങളിൽ നാപ്കിൻ വെൻഡിങ്‌ മെഷീൻ സ്ഥാപിക്കാൻ അഞ്ചുലക്ഷവും പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ ആരംഭിക്കാൻ 25 ലക്ഷവും കമ്യൂണിറ്റി വിമെൻ ഫെസിലിറ്റേഷൻ സെന്റർ സജ്ജമാക്കാൻ അഞ്ചുലക്ഷവും വനിതകളുടെ സ്വയംപ്രതിരോധത്തിനായി  10 ലക്ഷം രൂപയും ഷീ ഫിറ്റ്നസ് സെന്റർ സ്ഥാപിക്കാൻ 10 ലക്ഷം രൂപയും വകയിരുത്തി. 
   വീട്ടമ്മമാർക്ക് ഡിജിറ്റൽ സേവനങ്ങളെക്കുറിച്ച് അറിവും പരിശീലനവും നൽകാനുള്ള സ്മാർട്ട് വിമെൻ പദ്ധതിക്ക്‌ 10 ലക്ഷവും വകയിരുത്തി.

ലൈഫിന്‌ 
6.61 കോടി

ആലപ്പുഴ
ലൈഫ് ഭവനപദ്ധതി ഗുണഭോക്താൾക്ക് പൊതുവിഭാഗത്തിൽനിന്ന്‌ ജില്ലാ പഞ്ചായത്ത് വിഹിതം നൽകാൻ 6.61 കോടി രൂപ നീക്കിവച്ചു. പട്ടികജാതി വിഭാഗക്കാർക്ക് ഭവനനിർമാണത്തിന് വിഹിതം നൽകാൻ 2.75 കോടി രൂപയും അതിദരിദ്രർക്കുള്ള പദ്ധതിക്ക് പഞ്ചായത്തുകൾക്ക് വിഹിതം നൽകാൻ 10 ലക്ഷം രൂപയും പിഎംഎവൈ പദ്ധതിനിർവഹണത്തിന് അധികവിഹിതം ബ്ലോക്ക് പഞ്ചായത്തുകൾക്ക്  നൽകാൻ 25 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.

ആർട്ട് റൂം 
പദ്ധതിക്ക്‌ 
10 ലക്ഷം

ആലപ്പുഴ
സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘കരുതലോടെ കൂടൊരുക്കാം’ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയും ആർട്ട് റൂം പദ്ധതിക്കായി 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് സ്കൂളുകൾക്ക് കായിക ഉപകരണങ്ങൾ വാങ്ങാൻ 25 ലക്ഷം രൂപയും നീക്കിവച്ചു. വിദ്യാർഥികളുടെ പ്രത്യേക കായിക പരിപാടിക്കായി 42 ലക്ഷം രൂപയും സ്കൂളുകളിൽ സ്റ്റുഡന്റ്സ് പാലിയേറ്റീവ് ഫോറം രൂപീകരിക്കാൻ 10 ലക്ഷം രൂപയും സ്പോർട്സ് ഹോസ്റ്റൽ സ്ഥാപിക്കാൻ 15 ലക്ഷം രൂപയും ഹൈടെക് ക്ലാസ്‌മുറികൾക്കായി ഒരുകോടി രൂപയും മാരകരോഗം ബാധിച്ച സ്കൂൾ കുട്ടികൾക്ക് ചികിത്സാസഹായം ഉറപ്പാക്കുന്ന സ്നേഹപൂർവം പദ്ധതിക്ക്‌ 10 ലക്ഷം രൂപയും നീക്കിവച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top