26 April Friday

കണ്ണീർക്കടലിൽ...

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

പോസ്‍റ്റുമോർട്ടത്തിനുശേഷം ആംബുലൻസിലേക്ക് കയറ്റിയ മനുവിന്റെ 
മൃതദേഹത്തിനരികിൽ വിതുമ്പി അച്ഛൻ മോഹനൻ

അമ്പലപ്പുഴ

"മരണവിവരം വീട്ടുകാരെ അറിയിച്ചില്ല. ബന്ധുക്കളാരെങ്കിലും പറഞ്ഞുകാണും. ഞങ്ങൾ എങ്ങനെ പറയാനാണ്‌. അതോർക്കുമ്പോൾ...'–- ഇത്രയുമേ വിഷ്‌ണുവിന്‌ മുഴുമിപ്പിക്കാനായുള്ളൂ. പിന്നെ കരച്ചിലടക്കനായില്ല. അമ്പലപ്പുഴ കാക്കാഴത്തെ അപകടത്തിൽ മരിച്ച തിരുവനന്തപുരം ആനാവൂർ ആലത്തൂർ തെക്കേക്കര പ്രസാദിന്റെ (25) പിതൃസഹോദരിയുടെ മകനാണ്‌ വിഷ്‌ണു. ഉള്ളുലഞ്ഞ്‌ ഒന്നും പറയാനാവാത്ത ഈ അവസ്ഥ തന്നെയായിരുന്നു അപകടത്തിൽ മരിച്ച മറ്റ്‌ നാലുപേരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും. അപകടമറിഞ്ഞെത്തിയ ഇവർ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയുടെ സമീപത്തും പരിസരത്തും ദുഃഖം താങ്ങാനാകാതെ നിന്നത്‌ മണിക്കൂറുകളാണ്‌.

  പലരും പുലർച്ചെയെത്തി. രണ്ടുമണിയോടെ അപകട വിവരമറിഞ്ഞെന്ന്‌ വിഷ്‌ണു പറഞ്ഞു. കാറുടമയാണ്‌ അറിയിച്ചത്‌. പുലർച്ച അഞ്ചരയോടെ മെഡിക്കൽ കോളേജ്‌ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തി. 

മൃതദേഹം കൊണ്ടുപോകാനായി അവർ പകൽ 2.45 വരെ കാത്തുനിന്നു. മരിച്ച പ്രസാദിന്റെ പിതൃസഹോദരൻ ശശികുമാർ അവശനായി മോർച്ചറി വരാന്തയിൽ തളർന്നുകിടന്നു.  ബന്ധുക്കൾ അദ്ദേഹത്തെ കാറിൽ നാട്ടിലേക്ക്‌ കൊണ്ടുപോയി.

  12.30 ഓടെ ആദ്യ പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി. സുമോദിന്റെ മൃതദേഹമാണ്‌ ആദ്യം മോർച്ചറിയിൽനിന്ന്‌ പുറത്തേക്ക്‌ കൊണ്ടുവന്നത്‌. ബന്ധുക്കൾ ഏറ്റുവാങ്ങി കോട്ടയത്തേക്ക്‌ കൊണ്ടുപോയി.  തുടർന്ന്‌ അമലിന്റെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി. തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങൾ 2.45 ഓടെ ബന്ധുക്കൾ ഏറ്റുവാങ്ങി. പ്രസാദിന്റെ മൃതദേഹം ആംബുലൻസിലേക്ക്‌ കയറ്റിയപ്പോൾ ബന്ധു ഹരിശങ്കർ പൊട്ടിക്കരഞ്ഞു. 

വിറങ്ങലിച്ച്‌ 
കാക്കാഴം ഗ്രാമം
അമ്പലപ്പുഴ 
ദുരന്തത്തിൽ വിറങ്ങലിച്ചുപോയി കാക്കാഴം ഗ്രാമം. തിങ്കൾ പുലർച്ചെ 1.40ന്‌ വലിയ ശബ്‌ദത്തോടെ കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോൾ ഉണർന്ന ഗ്രാമവാസികൾ പിന്നീട് ഉറങ്ങിയതേയില്ല. സമീപത്തെ കായിപ്പള്ളി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം നടക്കുന്നതിനാൽ ക്ഷേത്രത്തിലുണ്ടായിരുന്നവരും സമീപവാസികളുമാണ് അപകട സ്ഥലത്ത് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. നാട്ടുകാരാണ് അപകട വിവരം അമ്പലപ്പുഴ പൊലീസ്‌ സ്‌റ്റേഷനിലും തകഴി അഗ്നിരക്ഷസേനയിലും അറിയിച്ചത്.
   അപകടസ്ഥലത്തു തന്നെ നാലുപേരുടെ ജീവൻ പൊലിഞ്ഞിരുന്നതായി നാട്ടുകാർ പറഞ്ഞു. ഗുരുതര പരിക്കേറ്റ അമലിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് സി ടി സ്‌കാൻ പരിശോധനയ്‌ക്കു വിധേയനാക്കി അത്യാഹിത വിഭാഗത്തിലെത്തിച്ചപ്പോഴാണ് മരിച്ചത്. അപകടത്തിന് തൊട്ടുപിന്നാലെയെത്തിയ ആംബുലൻസിൽ മൂന്നുപേരെ ആശുപത്രിയിലേക്ക്‌ മാറ്റി. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നെത്തിയ ആംബുലൻസുകളിലാണ് മറ്റ് രണ്ടുപേരെ എത്തിച്ചത്. അഗ്നിരക്ഷസേന കാർ വെട്ടിപ്പൊളിച്ചാണ് മുന്നിലിരുന്ന രണ്ടുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. ലോറിയും കാറും അപകട സ്ഥലത്തു നിന്ന് പൊലീസ് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top