26 April Friday

അർത്തുങ്കലിലേക്ക്‌ ജനപ്രവാഹം

സ്വന്തം ലേഖകൻUpdated: Tuesday Jan 24, 2023

മകരം തിരുനാളാഘോഷത്തിന്റെ ഭാഗമായി അർത്തുങ്കൽ ബസിലിക്കയിൽ തിങ്കളാഴ്‌ചത്തെ ജനത്തിരക്ക്‌

ചേർത്തല
അർത്തുങ്കൽ സെന്റ്‌ ആൻഡ്രൂസ്‌ ബസിലിക്കയിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റെ മകരം തിരുനാളാഘോഷത്തിൽ അഭൂതപൂർവമായ ജനത്തിരക്ക്‌. 27ന്‌ കൃതജ്ഞതാദിനാചരണത്തോടെയാണ്‌ ആഘോഷം സമാപിക്കുക.
10ന്‌ കൊടിയേറിയതുമുതൽ അർത്തുങ്കലിലേക്ക്‌ ജനപ്രവാഹമാണ്‌. 18ന്‌ രാവിലെ നടതുറന്ന്‌ വിശുദ്ധ സെബസ്‌ത്യാനോസിന്റെ രൂപം ദർശനത്തിന്‌ വച്ചതോടെ തിരക്കേറി. 20ന്‌ തിരുനാൾ മഹോത്സവനാളിൽ വൈകിട്ട്‌ പ്രസിദ്ധമായ പ്രദക്ഷിണനേരം പള്ളിയും പരിസരവും ഒരുകിലോമീറ്ററിലേറെ പടിഞ്ഞാറ്‌ കടലോരംവരെ ജനം തിങ്ങിനിറഞ്ഞു.
ഞായറാഴ്‌ചയാണ്‌ അർത്തുങ്കൽ എറ്റവും വലിയ ജനത്തിരക്കിന്‌ സാക്ഷ്യംവഹിച്ചത്‌. ഒരുലക്ഷത്തോളം പേരാണ്‌ അന്ന്‌ പള്ളിയിലെത്തി മടങ്ങിയത്‌. രാവിലെ ആരംഭിച്ച തിരക്ക്‌ രാത്രിയും തുടർന്നു. ജനക്കൂട്ടത്തെയും അർത്തുങ്കലിലേക്ക്‌ എത്തുന്ന വാഹനങ്ങളും നിയന്ത്രിക്കാൻ പൊലീസ്‌ ഏറെ പണിപ്പെട്ടു.
അർത്തുങ്കലിലേക്കുള്ള റോഡുകളിലെല്ലാം ഇതേവരെ കാണാത്ത വാഹനത്തിരക്കാണ്‌ അനുഭവപ്പെട്ടത്‌. വൈകിട്ടായപ്പോൾ ജനത്തിരക്ക്‌ അനിയന്ത്രിതമായതോടെ വാഹനങ്ങൾ പള്ളിക്ക്‌ രണ്ട്‌ കിലോമീറ്ററോളം അകലെ തടയാൻ പൊലീസ്‌ നിർബന്ധിതരായി. ചിലർ പള്ളിയിലെത്താതെ മടങ്ങി. മറ്റുള്ളവർ വാഹനത്തിൽനിന്നിറങ്ങി കാൽനടയായാണ്‌ എത്തിയത്‌.
കാരുണ്യദിനം ആചരിച്ച തിങ്കളും വലിയ ജനത്തിരക്കാണ്‌ അനുഭവപ്പെട്ടത്‌. ചൊവ്വാഴ്‌ച ഭിന്നശേഷിക്കാരുടെ ദിനം ആചരിക്കും. വിവിധ രൂപത്തിലെ ഭിന്നശേഷിക്കാർ ബസിലിക്കയിൽ ഒത്തുചേരും. 
പകൽ മൂന്നിന്‌ ദിവ്യബലിക്ക്‌ ഭിന്നശേഷിക്കാർ നേതൃത്വംനൽകും. ആറിന്‌ ആലപ്പുഴ സാന്ത്വന സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥികൾ ദിവ്യബലിക്ക്‌ നേതൃത്വംനൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top