20 April Saturday

വീട്ടിലിരുന്നു, ലോക്ക്‌ഡൗൺ സമാനം

പ്രത്യേക ലേഖകൻUpdated: Monday Jan 24, 2022

ഞായറാഴ്‍ച നിയന്ത്രണങ്ങളെത്തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ പൊലീസ് വാഹനം പരിശോധിക്കുന്നു

ആലപ്പുഴ
കോവിഡ്‌ വ്യാപനം തടയാൻ സർക്കാർ നിർദേശങ്ങൾ പാലിച്ച്‌ ആലപ്പുഴക്കാർ വീട്ടിലിരുന്നു. പൊതു ഇടങ്ങളിൽനിന്ന്‌ ജനങ്ങൾ വിട്ടുനിന്നപ്പോൾ ഞായറാഴ്‌ച ലോക്ക്‌ഡൗൺ സമാനമായ സാഹചര്യമായിരുന്നു. 
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ കോവിഡ്​ മാനദണ്ഡം പാലിച്ചാണ്​ തുറന്നത്​. ബാരിക്കേഡ്​ സ്ഥാപിച്ച്​ വിവിധയിടങ്ങളിൽ പൊലീസിന്റെ  കർശന പരിശോധനയുണ്ടായിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ പിഴയും കേസും ചുമത്തി. സ്വകാര്യവാഹനങ്ങളുടെ എണ്ണവും കുറവായിരുന്നു. 
വിവാഹം, മരണം, ആശുപത്രി തുടങ്ങിയ ആവശ്യങ്ങൾക്ക്​ നിരത്തിലിറങ്ങിയവരുടെ സത്യവാങ്​മൂലം  പരിശോധിച്ചശേഷമാണ്​ യാത്രാനുമതി നൽകിയത്​. ഇളവ്​ നൽകിയ വിഭാഗങ്ങളുടെ തിരിച്ചറിയൽ കാർഡ്​ പരിശോധിച്ചശേഷം​ കത്തിവിട്ടു​. മരുന്ന്, പഴം, പാല്‍, പച്ചക്കറി, പലവ്യഞ്‌ജനം, മത്സ്യം, മാംസം എന്നിങ്ങനെയുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഏഴുവരെ​ പ്രവർത്തിച്ചു​. ചില ഹോട്ടലുകളും ബേക്കറികളും തുറന്നെങ്കിലും ഇരുന്ന്​ ഭക്ഷണം കഴിക്കാ​ൻ അനുവദിച്ചില്ല.  പാഴ്​സലുകളാണ്​ നൽകിയത്​.  
കെഎസ്​ആർടിസി ആലപ്പുഴ ഡിപ്പോയിൽനിന്ന്​ ഏഴ്​ ബസുകൾ സർവീസ്​ നടത്തി.  ര​ണ്ടെണ്ണം ആരോഗ്യപ്രവർത്തകർക്കുവേണ്ടിയായിരുന്നു. എറണാകുളം, കായംകുളം, ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങളിലേക്കാണ്​ സർവീസ്​ നടത്തിയത്​. 
ഡി​​പ്പോയിൽനിന്ന്​ സാധാരണ ദിവസങ്ങളിൽ 54 സർവീസുകളാണ്​ നടത്തുന്നത്​.  വിനോദസഞ്ചാര മേഖലയിൽ നേരത്തെ ബുക്ക്‌ ചെയ്‌ത 29 ഹൗസ്‌ ബോട്ടുകളാണ്‌ ഓടിയത്‌. 14 ഷിക്കാര വള്ളങ്ങളും യാത്രികരുമായി പോയി. 
വിജയ്‌ പാർക്കും ബീച്ചും ഒഴിഞ്ഞുകിടന്നു.  നെടുമുടി, എടത്വ, കൃഷ്‌ണപുരം, കാവാലം തുടങ്ങിയ പ്രദേശങ്ങളിലേക്ക്​ ജലഗതാഗതവകുപ്പിന്റെ  യാത്രാബോട്ടുകൾ സർവീസ്​ നടത്തി. ഉൾനാടൻപ്രദേശങ്ങളിലെ യാത്രാസൗകര്യം കണക്കിലെടുത്ത്​ 50 ശതമാനം  സർവീസാണ്‌ നടത്തിയത്‌. യാത്രക്കാർ തീരെ കുറവായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top