19 April Friday

നേരിടുന്നത്‌ സമസ്യകൾ: വി എൻ നാരായണൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023
 
ആലപ്പുഴ 
രാജ്യത്തിന്റെ വൈജ്ഞാനിക മേഖലയിലെ പ്രതിസന്ധിയെ സമസ്യയെന്ന്‌ പരാമർശിക്കുകയാണ്‌ വേണ്ടതെന്ന്‌ സംസ്‌കൃത സർവകലാശാല വൈസ്‌ ചാൻസലർ ഡോ. വി എൻ നാരായണൻ പറഞ്ഞു. ‘കേരളീയ വിദ്യാഭ്യാസം വിജ്ഞാന സമ്പദ്‌ഘടനയിലേക്ക്‌ ’ സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിദ്യാഭ്യാസമേഖല നാല്‌ സമസ്യകളാണ്‌ നേരിടുന്നത്‌. സംസ്ഥാനത്തെ ജനസംഖ്യ അനുപാതത്തിലെ മാറ്റമാണ്‌ പ്രധാന സമസ്യ. വിവിധ പ്രായവിഭാഗങ്ങളിലെ അന്തരം വളരുകയാണ്‌. 2001ൽ 60 വയസിന്‌ മുകളിൽ 10.5 ശതമാനമായിരുന്നത്‌ 2019ൽ 13.8 ആയി ഉയർന്നു. ദേശീയ ശരാശരി ഇതിലും താഴെയാണ്‌. ഇത് ഒരുവശത്ത്‌ ആരോഗ്യമേഖലയുടെ മേന്മയായി ഉയർത്തിക്കാട്ടാമെങ്കിൽ മറുവശത്ത്‌ നാടിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാകും.
ഉന്നത വിദ്യാഭ്യാസമേഖലയിലെ കോഴ്‌സുകൾ വിദ്യാർഥികൾക്കും സമൂഹത്തിനും വൈജ്ഞാനിക മേഖലയ്‌ക്കും നൽകുന്ന സംഭാവനയുടെ കുറവാണ്‌ രണ്ടാമത്തെ സമസ്യ. മറ്റുരാജ്യങ്ങളിൽ വിശദമായ അക്കാദമിക്‌, സാമൂഹിക പഠനശേഷമാണ്‌ കോഴ്‌സുകൾ ആരംഭിക്കുന്നതും നിർത്തലാക്കുന്നതും. ഇവിടെ പരമ്പരാഗത രീതി തുടരുകയാണ്‌. അനാവശ്യകോഴ്‌സുകൾ നിർത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുമ്പോൾ ചിലരുടെ അവകാശം ലംഘിക്കപ്പെടും.  
സ്വകാര്യ–- വിദേശസർവകലാശാലകളുടെ സ്ഥാപനമാണ്‌ മൂന്നാമത്തെ സമസ്യ. ഗൾഫ്‌ നാടുകളിൽ യൂറോപ്യൻ സർവകലാശാലകൾ പഠനകേന്ദ്രങ്ങൾ ആരംഭിക്കുകയും കോഴ്‌സ്‌ പൂർത്തിയായവരുടെ സർട്ടിഫിക്കറ്റിൽ ഗൾഫ്‌ എന്നുകാട്ടി രണ്ടാംകിട പൗരൻമാരെ സൃഷ്‌ടിച്ചിരുന്നു. ഒട്ടുമിക്ക വിദേശസർവകലാശാലകളും ലാഭോദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നവയാണ്‌. ഇവിടേക്കാണ്‌ നമ്മുടെ കുട്ടികളുടെ ഒഴുക്ക്‌.
ദേശീയ വിദ്യാഭ്യാസനയമാണ്‌ നാലാമത്തെ സമസ്യ. കരിക്കുലം അശാസ്‌ത്രീയമാകുകയും ശാസ്‌ത്രത്തെ മാറ്റിനിർത്തുകയും ചെയ്യുന്നത്‌ വിദ്യാഭ്യാസ മേഖലയിൽ വലിയ പിന്നോട്ടടി  ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top