19 April Friday

സ്‌ത്രീകളെ അടയാളപ്പെടുത്തേണ്ടത്‌ രാഷ്‌ട്രീയ പദവികൊണ്ട്‌

സ്വന്തം ലേഖികUpdated: Tuesday May 23, 2023

ആലപ്പുഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്‌ത്രീയും അധികാരവും’ സെമിനാർ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം അഡ്വ. സി എസ്‌ സുജാത ഉദ്‌ഘാടനംചെയ്യുന്നു

 
ആലപ്പുഴ 
അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്കും അരങ്ങിൽനിന്ന്‌ ജോലി കേന്ദ്രത്തിലേക്കും അവിടെനിന്ന്‌ സാമൂഹ്യമാറ്റത്തിന്റെ വിവിധ തലങ്ങളിലേക്കും മുന്നേറുകയാണ്‌ സ്‌ത്രീകൾ. ആലപ്പുഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "സ്‌ത്രീയും അധികാരവും' സെമിനാർ മുന്നോട്ടുവച്ചതും ഇതേ ആശയം. ആഗോളതലത്തിലും ദേശീയതലത്തിലുമുണ്ടായ സ്‌ത്രീ മുന്നേറ്റങ്ങളെ സെമിനാർ ചൂണ്ടിക്കാട്ടി. 
അധികാര വഴികളിലേക്ക്‌ സ്‌ത്രീകൾക്ക്‌ ഇപ്പോഴും നിയന്ത്രണം തുടരുന്നതായി സെമിനാർ വിലയിരുത്തി. സംവരണം വന്നതുകൊണ്ട്‌ ജനപ്രതിനിധികളായി നിരവധി വനിതകൾ വന്നുവെന്നത്‌ സത്യം. എന്നാൽ, കുടുംബത്തിനകത്തുനിന്ന്‌ പൊതുപ്രവർത്തന മേഖലകളിലേക്ക്‌ എത്താനൊരുക്കമുള്ള സ്‌ത്രീകളുടെ എണ്ണം ഇപ്പോഴും കുറവ്‌. പുതിയകാലം സ്‌ത്രീയെ എങ്ങനെ കാണുന്നുവെന്ന്‌ സെമിനാർ ചർച്ചചെയ്‌തു. കുടുംബത്തിനുള്ളിൽ മാത്രം ഒതുങ്ങിനിൽക്കാനും അത്തരത്തിൽ അടയാളപ്പെടുത്താനും സ്‌ത്രീകൾ ആഗ്രഹിക്കുന്ന കാലം കഴിഞ്ഞു. സംസ്ഥാനത്ത്‌ എല്ലാ മേഖലയിലും വനിതാപ്രാതിനിധ്യമുണ്ട്‌. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി ഇതല്ല. സ്‌ത്രീകളെ രാഷ്‌ട്രീയപദവികൊണ്ട്‌ അടയാളപ്പെടുത്തേണ്ട കാലമാണ്‌ ഇനിയെന്നും സെമിനാർ വിലയിരുത്തി. 
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. സി എസ്‌ സുജാത ഉദ്‌ഘാടനംചെയ്‌തു. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ഡോ. ബിച്ചു എക്‌സ്‌ മലയിൽ വിഷയം അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ജി രാജമ്മ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പങ്കെടുത്തു. പ്രഭ മധു, പുഷ്‌പലത മധു, കെ ജി രാജേശ്വരി, ലീല അഭിലാഷ്‌, ദീപ്‌തി അജയകുമാർ എന്നിവർ ചർച്ചയിൽ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top