20 April Saturday

തൊഴിലാളിവർഗ സമരത്തിന്‌ തീപടർത്തിയ 
ജില്ല: ജി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

ആലപ്പുഴ മഹോത്സവത്തിന്റെ ഉദ്‌ഘാടനയോഗത്തിൽ മുൻമന്ത്രി ജി സുധാകരൻ സംസാരിക്കുന്നു

ആലപ്പുഴ 
ആലപ്പുഴയുടെ ചരിത്രം, ഭൂമിശാസ്‌ത്രം, കല, വർഗരാഷ്‌ട്രീയം, സാമ്പത്തികം, വികസനം തുടങ്ങി പരിഗണിക്കേണ്ട എല്ലാവിഷയങ്ങളിലും ചർച്ച നടത്തി വലിയൊരു മഹോത്സവമാണ്‌ സുശീല ഗോപാലൻ പഠനഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്നതെന്ന്‌ മുൻമന്ത്രി ജി സുധാകരൻ പറഞ്ഞു. ആലപ്പുഴ മഹോത്സവത്തിന്റെ ഉദ്‌ഘാടനയോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 
1957ൽ ഇഎംഎസ്‌ സർക്കാരാണ്‌ ജില്ല രൂപീകരിച്ചത്‌. തിരുവിതാംകൂർ ഭരണാധികാരികൾ ജില്ലയെ അവഗണിക്കുകയായിരുന്നു. ജില്ലാരൂപീകരണം ചരിത്രത്തിന്റെ അനിവാര്യതയായിരുന്നു. ഇന്ന്‌ ഒമ്പതിൽ എട്ടു നിയമസഭാ മണ്ഡലത്തിലും ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഇടതുപക്ഷത്തിനാണ്‌ മേൽക്കൈ. ആലപ്പുഴയിലെ എംപിയും നമ്മുടേതാണ്‌. 
വൈവിധ്യം നിറഞ്ഞതാണ്‌ ജില്ല. കുട്ടനാട്‌ ലോകോത്തര കാർഷിക ഭൂമിയാണ്‌. ഓണാട്ടുകരയും പ്രധാന കാർഷിക മേഖലയാണ്‌. ഇന്ത്യയിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ വഴികാട്ടിയായ പുന്നപ്ര – വയലാർ സമരം ജനാധിപത്യം ഇല്ലാത്ത സമൂഹത്തിലെ വർഗസമരത്തിന്റെ ഉന്നതമൂല്യമുള്ള സായുധസമരം ആയിരുന്നു. സമൂഹത്തിന്റെ ഭാവിക്കുവേണ്ടി നൂറുകണക്കിനു പേർ രക്തസാക്ഷികളായി. വിമോചനസമരകാലത്ത്‌ തൊഴിലാളികൾ വോട്ടുചെയ്യുന്നത്‌ തടഞ്ഞിരുന്നു. എല്ലാവിഭാഗത്തിന്റെ ഇടയിലും വലിയ സ്വീകാര്യതയാണ്‌ സിപിഐ എമ്മിന്. കർഷകതൊഴിലാളി പ്രസ്ഥാനം ആദ്യം രൂപീകരിച്ചത്‌ കൈനകരിയിലാണ്‌. അതിനും മുമ്പ്‌ ആറാട്ടുപുഴ വേലായുധപണിക്കർ കർഷകതൊഴിലാളികളെ സംഘടിപ്പിച്ചിരുന്നു. അറവുകാട്‌ പ്രഖ്യാപനത്തെ തുടർന്ന്‌ മിച്ചഭൂമി, കുടികിടപ്പുസമരം പൊട്ടിപുറപ്പെട്ടത്‌ ഇവിടെനിന്നാണ്‌. വിഎസ്‌ സർക്കാരാണ്‌ ആലപ്പുഴയുടെ പുനർനിർമാണം തുടങ്ങിയത്‌. പിന്നീട്‌ ഒന്നാം പിണറായി സർക്കാർ വലിയ പരിഗണന നൽകി. രണ്ടാം പിണറായി സർക്കാർ അത്‌ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയാണെന്നും സുധാകരൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top