01 June Thursday
ദേശീയ പാതയിലെ കവർച്ച

എടത്വ കള്ളനോട്ട് കേസ്‌: പ്രതികളുടെ 
പങ്ക് കണ്ടെത്താൻ പ്രത്യേക അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023
 
വാളയാർ
ദേശീയപാതയിലുണ്ടായ കവർച്ചയിൽ ആലപ്പുഴ എടത്വ കള്ളനോട്ട്‌ കേസിലെ പ്രതികൾക്കുള്ള പങ്ക് കണ്ടെത്താൻ പൊലീസിന്റെ പ്രത്യേക അന്വേഷണം. ആലപ്പുഴ പൊലീസ് കോടതിയിൽ ഹാജരാക്കിയ എടത്വ കള്ളനോട്ട്‌ കേസിലെ പ്രതികളെ വാളയാര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ആലപ്പുഴ അവലോന്ന് കോമളപുരം സ്വദേശി ആർ ഗോകുൽരാജ്, സക്കിരിയ എന്നിവരെയാണ് ചോദ്യം ചെയ്യാൻ വാളയാർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളെ നാലു ദിവസത്തേക്കാണ്‌ കസ്റ്റഡിയിൽ ലഭിച്ചത്. കഴിഞ്ഞ ദിവസം മറ്റ് പ്രതികളായ ശ്രീജിത്തിനെയും ശ്രീകുമാറിനെയും കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായാലേ  കൂടുതൽ വിവരങ്ങൾ അറിയൂവെന്ന് വാളയാർ പൊലീസ് പറഞ്ഞു.
ദേശീയപാത കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജങ്ഷനിൽ കുഴൽപ്പണക്കടത്ത്‌ സംഘമെന്ന്‌ തെറ്റിദ്ധരിച്ച്‌ യാത്രക്കാരെ ആക്രമിച്ച്‌ മിനിലോറി തട്ടിയെടുത്ത കേസിൽ ആദ്യം പിടിയിലായവരാണ് ഗോകുൽ രാജും ഷിഫാസും. കവർച്ചക്കേസിലെ മുഖ്യപ്രതികളായ തൃശൂർ വരന്തരപ്പിള്ളി സ്വദേശി ശ്രീജിത്തിന്റെയും ശ്രീകുമാറിന്റെയും സുഹൃത്തുകളായ ഇവരുംകുടി ചേർന്നാണ്‌ കഞ്ചിക്കോട്ടെ കവർച്ചയും ആക്രമണവും ആസൂത്രണം ചെയ്തതെന്നാണ്‌ പൊലീസിന്‌ ലഭിക്കുന്ന വിവരം. അതിനാലാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്. 
കുഴൽപ്പണം, സ്വർണക്കടത്ത്‌ സംഘത്തെ ആക്രമിച്ച്‌ കവർച്ചനടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നും ദേശീയപാത കേന്ദ്രീകരിച്ച്‌ നടന്ന മറ്റു കവർച്ചകളിലും ഇവർക്ക്‌ പങ്കുള്ളതായും പൊലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്. വർഷങ്ങളായി ഈ സംഘം കോയമ്പത്തൂർ കേന്ദ്രീകരിച്ചാണ് കവര്‍ച്ച നടത്തുന്നത്.  കൂടുതൽ പ്രതികളെക്കുറിച്ച്‌ പൊലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്. 
ഇവരും കള്ളനോട്ട്‌ കേസിൽ നേരിട്ട് ഉൾപ്പെട്ടവരാണെന്നും സംശയിക്കുന്നു. അന്വേഷണം വേഗത്തിലാക്കാൻ വാളയാർ, ആലപ്പുഴ പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി കള്ളനോട്ടു കേസിന്റെയും കവർച്ചക്കേസിലെയും അന്വേഷണം ഒരുമിച്ച്‌ കൊണ്ടുപോകാനുള്ള സാധ്യതയും തേടുന്നുണ്ട്. വാളയാർ ഇൻസ്പെക്ടർ എ അജീഷ്, എസ്ഐ എച്ച് ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ കേസ് അന്വേഷിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top