മാവേലിക്കര
വില്ലേജ് ഓഫീസുകളിലെ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുമെന്ന് മന്ത്രി കെ രാജൻ. കണ്ണമംഗലം, കറ്റാനം, ഭരണിക്കാവ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
നാലു വർഷത്തിനുള്ളിൽ സേവനങ്ങൾക്കായി ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യം ഇല്ലാതാക്കാനും സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കാനുമാണ് സർക്കാരും റവന്യു വകുപ്പും ശ്രമിക്കുന്നത്. വില്ലേജ് ഓഫീസുകളുടെ പ്രവർത്തനങ്ങൾ സുഗമമാക്കാനായി സംസ്ഥാനത്തുടനീളം 1342 ഓഫീസുകളിൽ ഒരോ ജീവനക്കാരനെ അധികമായി നിയമിക്കും. നിലവിൽ ഏഴ് സേവനങ്ങൾ വില്ലേജ് ഓഫീസുകളിൽനിന്നും ഓൺലൈനായി ലഭിക്കുന്നുണ്ട്. ഇതിനു പുറമേ 20 സേവനംകൂടി ഓൺലൈനിൽ ലഭ്യമാക്കും. കേരളത്തിലെ 1646 വില്ലേജ് ഓഫീസുകൾ ഇതിനകം സ്‌മാർട്ടാക്കി.
എല്ലാ ഓഫീസുകളും സ്‌മാർട്ടാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ എട്ട് മാസം കൊണ്ട് 1.42 ലക്ഷം ഭൂമിയുടെ ഡിജിറ്റൽ സർവേ പൂർത്തിയായി. ഓരോ ഭൂമിയുടെയും അതിരുകൾ റെക്കോർഡ് ചെയ്‌ത് ഡിജിറ്റൽവേലി സൃഷ്ടിക്കും. പൊതുജനങ്ങൾക്ക് ഇവ ഓൺലൈനായി ലഭ്യമാക്കും. വില്ലേജുതല ജനകീയ സമിതികൾക്ക് റവന്യൂചട്ടങ്ങളും നിയമങ്ങളും മനസിലാക്കാനായി റവന്യൂ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഭരണിക്കാവ് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ യു പ്രതിഭ എംഎൽഎ അധ്യക്ഷയായി.
കലക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ നികേഷ് തമ്പി, കെ ജി സന്തോഷ്, ജി ആതിര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് രജനി, ഇന്ദിരാദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ് ശ്യാമളദേവി, കെ പ്രദീപ് കുമാർ, തദ്ദേശസ്ഥാപന അധ്യക്ഷരായ കെ വി ശ്രീകുമാർ, കെ ദീപ, എ സുധാകരകുറുപ്പ്, ഭരണിക്കാവ് പഞ്ചായത്തംഗം എ തമ്പി, എഡിഎം എസ് സന്തോഷ്‌കുമാർ, നിർമിതി കേന്ദ്രം റീജണൽ എൻജിനീയർ ജോസ് ജെ മാത്യു, ആർഡിഒ എസ് സുമ, തഹസീൽദാർ ഡി സി ദിലീപ്‌കുമാർ, എൽ ആർ തഹസീൽദാർ എൻ രാമദാസ് തുടങ്ങിയവർ പങ്കെടുത്തു.
കണ്ണമംഗലം, കറ്റാനം വില്ലേജ് ഓഫീസുകളിൽ നടന്ന ചടങ്ങിൽ വാർഡംഗങ്ങളായ എസ് ശ്രീകല, ലളിത ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..