ആലപ്പുഴ
കാത്തിരിപ്പിനൊടുവിൽ ആലപ്പുഴയിൽ വന്ദേഭാരത് എത്തി. വ്യാഴം പുലർച്ചെയോടെ ചെന്നൈയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ ട്രെയിൻ വൈകിട്ട് 4.05ന് ആരംഭിച്ച ആദ്യ ട്രയൽ റണ്ണിലാണ് 6.04 ഓടെ ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിലെത്തിയത്. സംസ്ഥാനത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് 24ന് പ്രധാനമന്ത്രി ഫ്ലാഗ്‌ഓഫ് ചെയ്യുന്നതോടെ ആലപ്പുഴ റൂട്ടിൽ ട്രെയിൻ സർവീസ് ആരംഭിക്കും. ശരാശരി 72.39 കിലോമീറ്റർ വേഗമാണ് പ്രതീക്ഷിക്കുന്നത്.
ആലപ്പുഴയിൽനിന്ന് രണ്ട് മണിക്കൂർ 25 മിനിറ്റിൽ തിരുവനന്തപുരത്തെത്താം. ആറു മണിക്കൂർ കൊണ്ട് കാസർകോടും എത്താം. കോട്ടയം വഴി പോകുന്ന ആദ്യ വന്ദേഭാരത് ജില്ലയിൽ കായംകുളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിന് സ്‌റ്റോപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. നിലവിൽ ലഭ്യമായ വിവരങ്ങളനുസരിച്ച് രാവിലെ ഏഴിന് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിൻ പകൽ 12.38ന് ആലപ്പുഴയിലെത്തും. വൈകിട്ട് നാലിന് തിരുവനന്തപുരത്തുനിന്ന് മടങ്ങുന്ന വണ്ടി 5.55നും ആലപ്പുഴയിലെത്തും. രണ്ട് മിനിറ്റാണ് ട്രെയിൻ സ്‌റ്റേഷനിൽ കിടക്കുക. ആഴ്‌ചയിൽ ആറുദിവസമായിരിക്കും സർവീസ്. തിരുവനന്തപുരത്തുനിന്ന് -കാസർകോടിന് തിങ്കളാഴ്‌ചയും കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്‌ചയും സർവീസുണ്ടാകില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..