26 April Friday

65ന്റെ തിളക്കത്തില്‍ ആലപ്പുഴ ജില്ല

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

ഇ എം എസ് ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ നട്ട തെങ്ങ്

ആലപ്പുഴ
ചരിത്രം ‘ഉറങ്ങാത്ത’ ആലപ്പുഴ ജില്ലയ്‍ക്ക് 65 വയസ്. ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കേരളത്തിലെ കമ്യൂണിസ്‍റ്റ് മന്ത്രിസഭയാണ് 1957 ആഗസ്ത് 17ന് കിഴക്കിന്റെ വെനീസ് എന്നറിയപ്പെ‌ടുന്ന ആലപ്പുഴ ജില്ലയ്‍ക്ക് രൂപംനൽകിയത്. ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ എം എസ്  ജില്ലാക്കോടതി വളപ്പിൽ നട്ട തെങ്ങിൻതൈ ഇന്നും തലയുയർത്തി നിൽക്കുന്നു. കൊല്ലം, -കോട്ടയം ജില്ലകൾ വിഭജിച്ചാണ് 1414 ചതുരശ്ര കിലോമീറ്റില്‍ ആലപ്പുഴ ജില്ല രൂപീകരിച്ചത്‌. 82 കിലോമീറ്റർ കടൽതീരമുള്ള തീരദേശ ജില്ലയാണ്.  
 ആലപ്പുഴ പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ എം ആരിഫാണ്. ഒമ്പത് അസംബ്ലി മണ്ഡലങ്ങളിൽ എട്ടിലും എൽഡിഎഫ് പ്രതിനിധികള്‍. ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ജി രാജേശ്വരി പ്രസിഡന്റായ എൽഡിഎഫ് ഭരണസമിതി. 12 ബ്ലോക്ക് പഞ്ചായത്തുകളും എൽഡിഎഫ് ഭരണത്തിൽ. 72 പഞ്ചായത്തുകളിൽ 48ഉം എൽഡിഎഫിന് തന്നെ. ആലപ്പുഴ നഗരസഭയുടെ സാരഥ്യവും സിപിഐ എം ഏരിയ കമ്മിറ്റിയംഗം സൗമ്യരാജ് അധ്യക്ഷയായ എൽഡിഎഫ് ഭരണസമിതിക്കാണ്. അതേ ആലപ്പുഴയുടെ വികസനവും മുന്നേറ്റവും ഇടതുചേര്‍ന്നാണ്.
 പുന്നപ്രയിലും വയലാറിലും 1946-ൽ നടന്ന ഐതിഹാസിക പോരാട്ടങ്ങൾ തൊഴിലാളിവർഗ സമരചരിത്രത്തിലെ ഇതിഹാസമാണ്. സമരം നാമ്പിട്ട  കേരളത്തിലെ ആദ്യ കയർഫാക്‌ടറി ഡാറാസ്‍മെയിൽ ആലപ്പുഴയിലാണ്. ആദ്യ കയർ ഗ്രാമം വയലാറും ആലപ്പുഴയില്‍തന്നെ. ലോകത്ത് സമുദ്രനിരപ്പിന് തഴെ സ്ഥിതിചെയ്യുന്ന രണ്ടാമത്തെ നാടായ കുട്ടനാട് ആലപ്പുഴയിലാണ്. ഐടിബി പി യൂണിറ്റ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത് ആലപ്പുഴയിലെ നൂറനാടാണ്. 
ഓളപ്പരപ്പിലെ ഒളിമ്പിക്‌സ്‌ എന്നറിയപ്പെടുന്ന നെഹ്‌റുട്രോഫി വള്ളംകളി മാത്രംമതി ലോകര്‍ക്ക് ആലപ്പുഴയെ വാഴ്‍ത്തിപ്പാടാന്‍. 1857ൽ കേരളത്തിലെ ആദ്യ പോസ്റ്റ്ഓഫീസ് സ്ഥാപിച്ചതും ആലപ്പുഴയില്‍. 100 ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ആദ്യഗ്രാമം ആലപ്പുഴയിലെ നെടുമുടിയണ്. കേരളത്തിലെ ആദ്യ തെർമൽ പവർസ്റ്റേഷന്‍ രാജീവ്ഗാന്ധി  കമ്പൈൻഡ് സൈക്കിൾ പവർപ്ലാന്റ് ആലപ്പുഴയിലെ ചൂളത്തെരുവിലാണ്.
സംസ്ഥാനത്തെ ആദ്യ സിനിമാ സ്റ്റുഡിയോ "ഉദയ’യും ആലപ്പുഴ പാതിരപ്പള്ളിയില്‍. കേരളത്തിലെ വൈറോളജി  ഇൻസ്റ്റിറ്റ്യൂട്ട്  ആസ്ഥാനവും ഇവിടെയാണ്. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം, കേരള ഡ്രഗ്സ് ആന്‍ഡ് ഫാർമസ്യൂട്ടിക്കൽസ് ആസ്ഥാനം എന്നിവയും ആലപ്പുഴയിലാണ്. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, കയർഫെഡ്, ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡ്, കേരള കയർ മെഷിനറി മാനുഫാക്ച്ചറിങ് കമ്പനി, ഓട്ടോകാസ്റ്റ് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്ഥാനവും ആലപ്പുഴയാണ്. കുടുംബശ്രീ പദ്ധതി തുടങ്ങിയ ആദ്യജില്ലയും ആലപ്പുഴയാണ്. കായൽ ടൂറിസത്തിലൂടെ ലോകരാജ്യങ്ങളുടെ ആകർഷണ കേന്ദ്രമായി മാറുകയാണ് ആലപ്പുഴ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top