03 December Friday

പുന്നപ്രയിലും വലിയ ചുടുകാട്ടിലും മാരാരിക്കുളത്തും ചെങ്കൊടി ഉയര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തുന്നു

 അമ്പലപ്പുഴ > രണസ്‌മരണകളിരമ്പിയ അന്തരീക്ഷത്തിൽ പുന്നപ്ര സമരഭൂമിയിലും വലിയചുടുകാട്ടിലും മാരാരിക്കുളത്തും ചെങ്കൊടി ഉയർന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന്‌ ദിശാബോധമേകിയ തൊഴിലാളിവർഗ സമരചരിത്രത്തിൽ തങ്കലിപികളാൽ അടയാളപ്പെടുത്തിയ പുന്നപ്ര–വയലാർ പോരാളികൾക്ക്‌ നാട്‌ ശോണാഭിവാദ്യമേകി. 

75-ാമത്‌ പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണം സി എച്ച്‌ കണാരന്റെ 49-ാംമത്‌ ചരമവാർഷികദിനത്തിലാണ്‌ പോരാട്ടസ്‌മരണയ്‌ക്ക്‌ തുടക്കമായത്‌‌. 
 പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള രക്തപതാക തോട്ടപ്പള്ളിയിൽ പുറക്കാട് പഞ്ചായത്ത് വാരാചരണ  കമ്മിറ്റി സെക്രട്ടറി കെ അശോകനിൽനിന്ന് പ്രസിഡന്റ്‌ പി സുരേന്ദ്രൻ ഏറ്റുവാങ്ങി.
 
വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങളേറ്റുവാങ്ങി സമരഭൂമിയിൽ എത്തിച്ചു.സമരഭൂമിയിൽ സ്ഥാപിക്കാനുള്ള കൊടിമരം പുന്നപ്ര തെക്ക് ഒന്നാം വാർഡിലെ സമര സേനാനി വലിയ തൈപ്പറമ്പിൽ ശശിധരന്റെ ഭാര്യ ശ്യാമളയിൽനിന്ന് വാരാചരണ കമ്മിറ്റി സെക്രട്ടറി ടി എസ് ജോസഫ് ഏറ്റുവാങ്ങി. 
 
 വൈകിട്ട് അഞ്ചിന് വാരാചരണകമ്മിറ്റി പ്രസിഡന്റ്‌ ഇ കെ ജയൻ പതാക ഉയർത്തി. സി എച്ച് കണാരൻ അനുസ്‌മരണ സമ്മേളനത്തിൽ സിപിഐ എം ഏരിയാ സെക്രട്ടറി എ ഓമനക്കുട്ടൻ അനുസ്‌മരണം നടത്തി. ഇ കെ ജയൻ അധ്യക്ഷനായി. ഡി അശോക് കുമാർ സ്വാഗതവും പി എച്ച് ബാബു നന്ദിയും പറഞ്ഞു. ഇരുകമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തകർ, വർഗ ബഹുജന സംഘടനകൾ, പാർടി അനുഭാവികൾ, ബന്ധുക്കൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
 
എച്ച് സലാം എംഎൽഎ, വി സി മധു, സി ഷാംജി, എ പി ഗുരുലാൽ, കെ മോഹൻകുമാർ, അഡ്വ. ആർ ശ്രീകുമാർ, എം രഘു, എൻ പി വിദ്യാനന്ദൻ, വി കെ ബൈജു, പി ജി സൈറസ്, പി ലിജിൻ കുമാർ, എസ് ശ്രീകുമാർ, ആർ റജിമോൻ, എസ് ഹാരിസ്, കെ എം സെബാസ്‌റ്റ്യൻ, കെ ജഗദീശൻ, ബി അൻസാരി, എൻ എ ഷംസുദ്ദീൻ, വി മോഹനൻ, വൈ പ്രദീപ്, ആർ അനീഷ്, ഡി ശാർങധരൻ, ജെ ജയകുമാർ, സി വാമദേവൻ, പി അഞ്ജു എന്നിവർ പങ്കെടുത്തു. 
 
രക്തസാക്ഷി കാട്ടൂർ ജോസഫിന്റെ വസതിയിൽ നിന്നുള്ള രക്തപതാക താലൂക്ക് വാരാചരണ കമ്മിറ്റി സെക്രട്ടറി ആർ സുരേഷ് ഏറ്റുവാങ്ങി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചു. 
കാട്ടൂർ ജോസഫിന്റെ സ്‌മൃതി മണ്ഡപത്തിനു സമീപം ചേർന്ന ചടങ്ങിൽ കാട്ടൂർ ജോസഫിന്റെ മകൻ സിൽവസ്‌റ്ററിന്റെ ഭാര്യ റോസമ്മ പതാക കൈമാറി. കാട്ടൂർ ജോസഫിന്റെ ചെറുമകൻ ജോസ് മോൻ ആർ സുരേഷിൽ നിന്നും പതാക ഏറ്റുവാങ്ങി. വി ടി അജയകുമാർ അധ്യക്ഷനായി. പി പി ചിത്തരഞ്ജൻ എംഎൽഎ, സിപിഐ എം മാരാരിക്കുളം ഏരിയ ആക്‌ടിങ് സെക്രട്ടറി കെ ആർ ഭഗീരഥൻ, നോർത്ത് ഏരിയാസെക്രട്ടറി വി ബി അശോകൻ, സൗത്ത് ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ, ജില്ലാകമ്മിറ്റി അംഗം കെ ജി രാജേശ്വരി, ജി കൃഷ്‌ണപ്രസാദ്, പി വി സത്യനേശൻ എന്നിവർ പങ്കെടുത്തു. പി തങ്കമണി സ്വാഗതം പറഞ്ഞു. 
 
മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. രക്‌തസാക്ഷിമണ്ഡപത്തിലേക്കുള്ള പതാക മുഹമ്മയിൽനിന്നും കൊടിക്കയർ കണിച്ചുകുളങ്ങരയിൽനിന്നും ബാനർ മാരാരിക്കുളത്തുനിന്നും എത്തിച്ചു. സി എച്ച്‌ കണാരൻ അനുസ്‌മരണയോഗം ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. 
വാരാചരണകമ്മിറ്റി പ്രസിഡന്റ് ഡി ഹർഷകുമാർ അധ്യക്ഷനായി. സെക്രട്ടറി എസ് രാധാകൃഷ്‌ണൻ സ്വാഗതംപറഞ്ഞു. സിപിഐ എം ജില്ലാകമ്മിറ്റി അംഗങ്ങളായ വി ജി മോഹനൻ, ജലജ ചന്ദ്രൻ, സിപിഐ ജില്ലാഅസിസ്‌റ്റന്റ് സെക്രട്ടറി ജി കൃഷ്‌ണപ്രസാദ്, ആലപ്പുഴ മണ്ഡലം സെക്രട്ടറി വി പി ചിദംബരൻ, ചേർത്തല തെക്ക് മണ്ഡലം സെക്രട്ടറി എസ് പ്രകാശൻ, ജില്ലാകമ്മിറ്റി അംഗം കെ ബി ഷാജഹാൻ എന്നിവർ സംസാരിച്ചു. 
 
റെയിൽവേ സ്‌റ്റേഷൻ വാർഡിൽ രക്തസാക്ഷികൾ കൃഷ്‌ണന്റെയും ഗോപാലന്റെയും വീട്ടിൽനിന്ന്‌ അവരുടെ സഹോദരി പുത്രൻ രവിയിൽ  നിന്ന്‌ മേഖല വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ പി പി പവനൻ ഏറ്റുവാങ്ങിയ  രക്തപതാക വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചു. വൈകിട്ട് 6ന് സമരസേനാനി പി കെ മേദിനി രണ്ട് രക്തസാക്ഷി മണ്ഡപങ്ങൾക്ക് മുന്നിലും പതാക ഉയർത്തി.
 
സി എച്ച് കണാരൻ അനുസ്‌മരണ സമ്മേളനത്തിൽ വി എസ് മണി അധ്യക്ഷനായി. സിപിഐ ജില്ലാസെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം പി പി ചിത്തരഞ്ജൻ എംഎൽഎ എന്നിവർ സംസാരിച്ചു. ബി നസീർ സ്വാഗതം പറഞ്ഞു. വ്യാഴാഴ്‌ച വയലാറിലും മേനാശേരിയിലും ചെങ്കൊടി ഉയരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top